|    Oct 21 Sun, 2018 12:32 am
FLASH NEWS

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി മില്‍മയുടെ തീറ്റപ്പുല്‍ കൃഷി

Published : 6th September 2017 | Posted By: fsq

 

കല്‍പ്പറ്റ: മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്‍ സ്ഥലം പാട്ടത്തിനെത്ത് കരാറുകാര്‍ മുഖേന നടത്തുന്ന തീറ്റപ്പുല്‍ കൃഷി ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി. കുറഞ്ഞ സ്ഥലം മാത്രം ഉള്ളവരും ഉപജീവനത്തിനു നാലും അഞ്ചും പശുക്കളെ വളര്‍ത്തുന്നവര്‍ക്കുമാണ് യൂണിയന്റെ  പുല്‍കൃഷി  കൂടുതല്‍ ഗുണം ചെയ്യുന്നത്. പുല്ല്  കിലോഗ്രാമിനു മൂന്നര രൂപയാണ്  കരാറുകാര്‍ക്ക്  യൂണിയന്‍ നല്‍കുന്ന വില. ഒരു രൂപ സബ്‌സിഡിയോടെ രണ്ടര രൂപ നിരക്കില്‍ ക്ഷീരസംഘങ്ങള്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. മേഖലാ യൂണിയനിലെ പ്രൊക്യൂര്‍മെന്റ് ആന്‍ഡ് ഇന്‍പുട്(പി ആന്‍ഡ് ഐ) യൂണിറ്റാണ് ഫോഡര്‍  പ്രൊജക്ട് നടപ്പിലാക്കുന്നത്. വയനാട്ടില്‍ മീനങ്ങാടിക്കടുത്ത് അപ്പാട് പാട്ടത്തിനെടുത്ത 45 ഏക്കറിലാണ് പ്രധാനമായും തീറ്റപ്പുല്‍ കൃഷി. ഏക്കറിനു 10,100 രൂപയാണ്  വാര്‍ഷിക പാട്ടം. സിഒ-4, സി.ഒ-5 ഇനം പുല്ലാണ് ഇവിടെ വളര്‍ത്തുന്നത്. കഴിഞ്ഞ സാമ്പത്തിവര്‍ഷം 2360 മെട്രിക് ടണ്‍ തീറ്റപ്പുല്ലാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ജില്ലയില്‍ ക്ഷീരകര്‍ഷകരുടേതായി 54 ആപ്‌കോസ് സംഘങ്ങളും രണ്ട് പരമ്പരാഗത സംഘങ്ങളുമാണുള്ളത്. ഈ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകരില്‍ പലരും ഫോഡര്‍ പ്രൊജക്ട് ഗുണഭോക്താക്കളാണെന്ന് യൂണിയന്‍ പി ആന്‍ഡ ഐ യൂണിറ്റ് ജില്ലാ മേധാവി കെ ആര്‍ വാസുദേവന്‍ പറഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള കര്‍ഷകരും പദ്ധതി ഗുണഭോക്താക്കളാണ്. വയനാട്ടില്‍ അപ്പാടിനു  പുറമേ മടക്കിമലയില്‍ 19-ഉം കല്‍പ്പറ്റ ചുഴലിയില്‍ അഞ്ചും നീര്‍വാരത്ത് ഒമ്പതും ഏക്കറിലും യൂണിയനു കീഴില്‍ തീറ്റപ്പുല്‍ കൃഷിയുണ്ട്. വേനലില്‍ പച്ചപ്പുല്ലിന്റെ അഭാവത്തില്‍ ക്ഷീരോത്പാദനം കുറയുന്നതിനു തടയിടാന്‍ വിഭാവനം ചെയ്തതാണ് ഫോഡര്‍ പ്രൊജക്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss