|    Dec 14 Fri, 2018 11:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്ഷീരകര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്നു: മന്ത്രി

Published : 27th November 2018 | Posted By: kasim kzm

കൊച്ചി/തൃശൂര്‍: രാജ്യത്തെ ക്ഷീരകര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്നുവെന്നു മന്ത്രി കെ രാജു. ക്ഷീരകര്‍ഷകരെ ആശങ്കയിലേക്ക് തള്ളിവിട്ടുകൊണ്ട് പാലും പാലുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ മില്‍മയുടെ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷീര ദിനാചരണവും ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട പാല്‍ വില ലഭിക്കുന്ന കേരളത്തില്‍ ഇറക്കുമതി ദോഷകരമായി ബാധിക്കും. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 21 രൂപ പാലിന് ലഭിക്കുമ്പോള്‍ കേരളത്തില്‍ 35 രൂപ വരെ കര്‍ഷകന് ലഭിക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികത കൈവശമുള്ള രാജ്യങ്ങളില്‍ നിന്നു കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ വരുന്നതോടെ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രളയം നാശം വിതച്ച ക്ഷീരമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. പ്രളയകാലത്തു രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് അനുഭവപ്പെട്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്തുനിന്നു കണ്ടെത്തേണ്ടി വരുന്നത്. പാല്‍ സംഭരണത്തിന്റെ കാര്യത്തില്‍ 16 ശതമാനം മുന്നോട്ടുപോവാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍, വിപണനരംഗത്ത് മില്‍മ പിറകില്‍ പോയി. പുതിയ ഉല്‍പന്നങ്ങള്‍ രംഗത്തിറക്കിയും കൂടുതല്‍ പരസ്യത്തിലൂടെയും ഈ രംഗത്ത് മുന്നേറ്റം നടത്താന്‍ മില്‍മയ്ക്ക് കഴിയും. പ്രളയകാലത്തു മൂന്നുകോടിയുടെ നഷ്ടമാണ് ക്ഷീരമേഖലയില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ നഗരസഭ തൈക്കാട് മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ മൃഗങ്ങള്‍ക്കൊപ്പം ഉടമസ്ഥനെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തും. രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പദ്ധതിയിലൂടെ 70 ശതമാനവും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനവും സബ്‌സിഡി നല്‍കുമെന്നു മന്ത്രി പറഞ്ഞു. മൃഗാശുപത്രിക്കായി സ്ഥലം സൗജന്യമായി നല്‍കിയ പ്രഫ. നെന്മിനി നീലകണ്ഠന്‍ ഭട്ടതിരിപ്പാടിനെ ചടങ്ങില്‍ ആദരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss