|    Nov 18 Sun, 2018 3:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ക്ഷയരോഗ നിര്‍മാര്‍ജനം യാഥാര്‍ഥ്യമാവണമെങ്കില്‍

Published : 18th October 2018 | Posted By: kasim kzm

നൂറ്റാണ്ടുകള്‍ മുമ്പു മുതലേ മനുഷ്യരെ ഗ്രസിച്ച മഹാരോഗമാണ് ക്ഷയം. ക്ഷയരോഗ നിര്‍മാര്‍ജനത്തിനു വേണ്ടി ലോകരാഷ്ട്രങ്ങള്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും ആശങ്കാജനകമായി ക്ഷയരോഗ ഭീഷണി തുടരുന്ന അവസ്ഥയാണിപ്പോഴും. ആഗോളാടിസ്ഥാനത്തില്‍ തന്നെ 10 ദശലക്ഷം പുതിയ ക്ഷയരോഗ കേസുകള്‍ 2017ല്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 1.6 ദശലക്ഷം പേരാണ് രോഗത്തിനിരയായി മരണത്തെ അഭിമുഖീകരിച്ചത്.
ക്ഷയരോഗ നിര്‍മാര്‍ജനയത്‌നത്തിന് ഗതിവേഗം കൂട്ടാനും അതിനു വേണ്ട ഫണ്ട് വര്‍ധിപ്പിക്കാനും തീരുമാനമെടുത്താണ് ഇക്കഴിഞ്ഞ മാസം 26ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭാ ഉന്നതതല യോഗം പിരിഞ്ഞത്. 2030ഓടെ ക്ഷയരോഗം ഇല്ലായ്മ ചെയ്യണമെന്നതാണ് ലക്ഷ്യം. ക്ഷയരോഗബാധിതരില്‍ 27 ശതമാനമാണ് ഇന്ത്യക്കാര്‍. 2025ല്‍ ക്ഷയരോഗമുക്ത ഇന്ത്യ എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യത്തില്‍ ഡല്‍ഹിയില്‍ ഒരു ഉച്ചകോടി നടന്നിരുന്നു. ആരോഗ്യ പരിരക്ഷയില്‍ രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥ വച്ചു പരിശോധിക്കുമ്പോള്‍ 2025ല്‍ ക്ഷയരോഗമുക്ത ഇന്ത്യ എന്നത് അല്‍പം അതിരുകടന്ന മോഹമാണെന്നാണ് വിദഗ്ധ മതം.
രോഗനിര്‍മാര്‍ജനത്തിന് ആസൂത്രിതവും ശാസ്ത്രീയവും ചടുലവുമായ പദ്ധതികളാണ് നടപ്പാക്കേണ്ടത്. രോഗബാധിതരുടെ എണ്ണം തിട്ടപ്പെടുത്തുകയും രോഗനിയന്ത്രണവും ചികില്‍സയും കാര്യക്ഷമമാക്കുകയും വേണം. രോഗം റിപോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ധാരാളമുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2013നുശേഷം രോഗികളുടെ എണ്ണത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. തക്കസമയത്ത് രോഗനിര്‍ണയം സാധ്യമാവാതെ വരുന്നതും രോഗി മാരകമായ സ്ഥിതിവിശേഷം നേരിടുന്നതിനു കാരണമാവുന്നുണ്ട്.
2012ല്‍ ‘നിക്ഷയ്’ പദ്ധതിയുടെ ഭാഗമായി, രോഗം റിപോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ റിപോര്‍ട്ടിങ് സമ്പ്രദായം ആവിഷ്‌കരിച്ചിരുന്നു. ഡോക്ടര്‍മാരും സ്വകാര്യ മേഖലയില്‍ അടക്കമുള്ള ചികില്‍സാ സ്ഥാപനങ്ങളും ഈ രീതി ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് പല കാരണങ്ങളാല്‍ നിരവധി മാര്‍ഗതടസ്സങ്ങള്‍ ഉയര്‍ന്നുവന്നത് ഈ പദ്ധതിയെ അവതാളത്തിലാക്കി.
ലോക ജനസംഖ്യയുടെ 23 ശതമാനം ആളുകള്‍ ക്ഷയരോഗം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടെത്തല്‍. രോഗം പടരുന്നതു തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത്തരം കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. മദ്യപാനം, പുകവലി, പ്രമേഹം, എയ്ഡ്‌സ്, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് ക്ഷയരോഗ കാരണങ്ങളായി ലോകാരോഗ്യ സംഘടന പറയുന്നത്. ഇവയെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീതിജനകമായ കാര്യങ്ങളാണുതാനും. പോഷകാഹാരക്കുറവ് ഇതില്‍ ഏറ്റവും പ്രധാനമാണ്. കാരണം, രോഗസാധ്യത ശൈശവകാലത്തു തന്നെ കുട്ടികളെ പിടികൂടുന്നു. ക്ഷയരോഗ ചികില്‍സ കൊണ്ടു മാത്രം നിയന്ത്രിക്കാവുന്നതല്ല ഇതിന്റെ കെടുതികള്‍. വിവിധ സാമൂഹിക സാഹചര്യങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യകാര്യങ്ങളിലെ അജ്ഞത, പൊതുശുചിത്വം തുടങ്ങി പല ഘടകങ്ങളുമായും കണ്ണിചേര്‍ന്നു വേണം ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതികളുടെ പ്രയോഗവല്‍ക്കരണം സാധ്യമാക്കേണ്ടത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചാലേ മാരകമായ ക്ഷയരോഗ ഭീഷണി ചെറുക്കാനാവൂ.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss