|    Apr 28 Fri, 2017 11:29 pm
FLASH NEWS

ക്ഷയരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Published : 23rd September 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയായി രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്ത് ക്ഷയരോഗത്തിന് പുതുതായി ചികില്‍സ തേടുന്നവരില്‍ നാലിലൊന്നും ഇന്ത്യക്കാരെന്ന് ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷസ് ഡിസീസ് ജേണല്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഔദ്യോഗിക കണക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണമെന്നാണ് പുതിയ പഠനം.
വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന ക്ഷയരോഗ പ്രതിരോധ മരുന്നുകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ച് ഏറെ ഭീതിയുണ്ടാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ക്ഷയരോഗത്തിനു സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ കൃത്യമായി ലഭ്യമാവുന്നുണ്ടെങ്കിലും സ്വകാര്യമേഖലയില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ കൃത്യമായി ലഭിക്കുന്നില്ല.  ക്ഷയരോഗ നിയന്ത്രണത്തിനും ചികില്‍സയ്ക്കുമായി സര്‍ക്കാര്‍ പ്രതിവര്‍ഷം 640 കോടി രൂപയാണ് പരിഷ്‌കരിച്ച ദേശീയ ക്ഷയരോഗ പരിപാടി (ആര്‍എന്‍ടിസിപി)യുടെ ഭാഗമായി രാജ്യത്ത് ചെലവിടുന്നത്.
2015ല്‍ മാത്രം 14 ലക്ഷം പേരാണ് ആര്‍എന്‍ടിസിപിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. എന്നാല്‍, ഇതിന്റെ ഇരട്ടിയിലധികമാണ് ക്ഷയരോഗികളുടെ എണ്ണമെന്നാണ് ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ക്ഷയ രോഗത്തിനു വിവിധ കമ്പനികളുടേതായി 179 അംഗീകൃത മരുന്നുകളാണ് രാജ്യത്തുള്ളത്. ഇത്തരത്തില്‍ മരുന്നു വാങ്ങാനായി 2015ല്‍ 395 കോടി രൂപയാണ് സ്വകാര്യ വ്യക്തികള്‍ ചെലവിട്ടതെന്നു പഠനം പറയുന്നു. 22 ലക്ഷത്തോളം പേരാണ് സ്വകാര്യമേഖലയില്‍ ചികില്‍സ തേടിയത്.
സ്വകാര്യ ആശുപത്രികള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്യാത്തതാണ് കൃത്യമായ കണക്ക് ലഭ്യമാവാതിരിക്കാന്‍ കാരണം. ഔദ്യോഗിക കണക്കുപ്രകാരം 2015ല്‍ 96 ലക്ഷം പേര്‍ക്കാണ് ടിബി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 ലക്ഷം പേര്‍ മരിച്ചിട്ടുണ്ട്. പേരുവിവരങ്ങള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ അനൗദ്യോഗിക കണക്കുകളില്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കും. പ്രമേഹരോഗികള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ ക്ഷയരോഗം ഉണ്ടാവാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് കൂടുതലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day