|    Oct 20 Fri, 2017 5:10 am
Home   >  Todays Paper  >  page 12  >  

ക്വിറ്റ് ഇന്ത്യ : ജ്വലിക്കുന്ന സ്മരണകളില്‍ അഗസ്തി മത്തായിയും നാരായണപിള്ളയും

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സര്‍ സിപിയുടെ അഞ്ചുരൂപാ പോലിസ് ഒരു കവിളിലല്ല രണ്ടു കവിളിലും ഒന്നിച്ചാണ് അടിച്ചിരുന്നത്. ആ അടിയുടെ ഓര്‍മ ഇന്നും സ്വാതന്ത്ര്യസമര സേനാനിയായ തൊടുപുഴ കരിങ്കുന്നം കിഴക്കേ മനയ്ക്കല്‍ അഗസ്തി മത്തായിയുടെ മനസ്സിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരത്താണ് 92കാരനായ ആഗസ്തി മത്തായി ജനിച്ചു വളര്‍ന്നത്.  രാമപുരം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലായിരുന്നു പഠനം. സ്വാതന്ത്ര്യസമരം നാടെങ്ങും കത്തിപ്പടരുകയായിരുന്നു. അനവധി നേതാക്കള്‍ ജയിലിലായി. സര്‍ സിപിയുടെ അഞ്ചുരൂപാ പോലിസും തിരുവിതാംകൂര്‍ പോലിസും ചേര്‍ന്ന് നരനായാട്ടു നടത്തിയെന്ന് മത്തായി ഓര്‍മിക്കുന്നു. ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം വിളിക്കുന്നവരൊക്കെ ഒളിവില്‍ പോവുകയോ ജയിലില്‍ പോവുകയോ ചെയ്തു. പാലാ, തൊടുപുഴ, കോട്ടയം സബ് ജയിലുകളില്‍ കിടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പാലായില്‍ അന്ന് ചെറിയാന്‍ ജെ കാപ്പനും കെ എം ചാണ്ടിയുമായിരുന്നു സമരനായകര്‍. ഇവര്‍ നയിക്കുന്ന ജാഥകളിലും പൊതുയോഗങ്ങളിലും പങ്കെടുത്ത  ആഗസ്തിക്കും കൂട്ടുകാര്‍ക്കും കൊടിയ മര്‍ദനം നേരിടേണ്ടിവന്നു. അഞ്ചുരൂപാ പോലിസ് നീളമുള്ള ചൂരല്‍ കൊണ്ടാണ് അടിച്ചത്. കൂടാതെ  ഇരുകവിളുകളിലും ആഞ്ഞടിച്ചു. അന്ന് അടിയേറ്റതിന്റെ ഫലമായി ചെവിക്ക് കേള്‍വിക്കുറവുമുണ്ടായി. രാമപുരത്തെ ഇടത്തരം കാര്‍ഷിക കുടുംബത്തിലെ അംഗമായിരുന്നു അഗസ്തി മത്തായി. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് സമരപരിപാടികളില്‍ പങ്കെടുത്തത്. അഗസ്തി മകന്‍ മാത്യുവിനൊപ്പമാണ് ഡല്‍ഹിയിലെത്തിയത്. പരേതയായ ത്രേസ്യാമ്മയാണു ഭാര്യ. ഏഴു മക്കളുണ്ട്. മുമ്പും സംസ്ഥാന-ദേശീയ ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ അധികാരവും നിയമവും ഉപയോഗിച്ചു തല്ലിക്കെടുത്താന്‍ ഭരണകൂടം തുനിഞ്ഞു. ഷര്‍ട്ടും മുണ്ടും ഷാളും ധരിച്ചു പുറത്തിറങ്ങിയാല്‍ പോലിസ് പിടികൂടും. നാലു പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. കൊല്ലവര്‍ഷം 1114ല്‍ സര്‍ സിപി കൊണ്ടുവന്ന ഒന്നാം റഗുലേഷനെക്കുറിച്ചുള്ള എ എസ് നാരായണപ്പിള്ളയുടെ ഓര്‍മകള്‍ക്ക് അന്നത്തെ അതേ ചൂടും ചൂരുമുണ്ട്. ക്വിറ്റ് ഇന്ത്യാ സമരവും സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ അതുണ്ടാക്കിയ ചലനവുമെല്ലാം 93ാം വയസ്സിലും നാരായണപ്പിള്ള ഓര്‍ത്തെടുത്തു. 1942 ആഗസ്ത് 9ന് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുമ്പോള്‍ നാരായണപിള്ളയ്ക്ക് 18 വയസ്സാണ് പ്രായം. ഗാന്ധിജിയുടെ സമരപ്രഖ്യാപനത്തിനു പിന്നാലെ ദേശവ്യാപകമായി പ്രക്ഷോഭം അലയടിച്ചു. ഒപ്പം ബ്രിട്ടിഷ് പട്ടാളം ഈ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ വാര്‍ത്തകളും വന്നുതുടങ്ങി. സമരരംഗത്ത് യുവാക്കള്‍ കുറയുന്നുവെന്ന നില വന്നതോടെ നാരായണപിള്ള ഒളിവില്‍ പോയി. ആദ്യം ആലുവയിലായിരുന്നു. പിന്നീട് പോലിസിന്റെ കണ്ണുവെട്ടിച്ച് വൈറ്റിലയിലേക്കു പലായനം ചെയ്തു. വൈറ്റില അന്നു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. 1943 ആഗസ്ത് 23 വരെ അവിടെ ഒളിവില്‍ കഴിഞ്ഞു. തൊടുപുഴയിലായിരുന്നു നാരായണപിള്ളയുടെ ജനനവും ബാല്യവും സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാലവും. സി എ ജോസഫ്, സി എ ഗോപാലന്‍, പനച്ചിക്കല്‍ ചാക്കോ തുടങ്ങിയവര്‍ക്കൊപ്പം സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ സ്വാതന്ത്ര്യസമര രംഗത്തെത്തി. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ആറു മക്കളുണ്ട്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കെ രാധയാണ് ഭാര്യ. ക്വിറ്റ് ഇന്ത്യാ സമരവാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിനു രാഷ്ട്രപതി ഭവനില്‍ നടന്ന അറ്റ് ഹോം പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു അഗസ്തി മത്തായിയും എ എസ് നാരായണപിള്ളയും. 2012ലും 2016ലും അറ്റ് ഹോം പരിപാടിയില്‍ നാരായണപിള്ളയെ രാഷ്ട്രപതി ആദരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക