|    Oct 20 Fri, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്വിറ്റ് ഇന്ത്യ : ഒറ്റുകാര്‍ക്ക് സ്വാതന്ത്ര്യത്തില്‍ പങ്കില്ല- സോണിയ

Published : 10th August 2017 | Posted By: fsq

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷിക ദിനമായ ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രത്യേകം യോഗം ചേര്‍ന്നു. ലോക്‌സഭയില്‍ ആഫ്രിക്കന്‍ രാജ്യമായ സെയ്‌ഷെല്‍സില്‍ നിന്നെത്തിയ പ്രതിനിധി സംഘവും സഭാനടപടികള്‍ക്ക് സാക്ഷിയായി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആര്‍എസ്എസ് എന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത വാദം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗം. ആര്‍എസ്എസിനും ബിജെപിക്കുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോണിയ ഗാന്ധി ഉന്നയിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവര്‍ക്കും എതിര്‍ത്തവര്‍ക്കും ചരിത്രത്തില്‍ ഇടമില്ലെന്ന് സോണിയ പറഞ്ഞു. വിദ്വേഷവും വര്‍ഗീയ ശക്തികളും രാജ്യത്ത് ഉയര്‍ന്നുവരുന്നു. രാജ്യത്ത് മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാണ്. ജനാധിപത്യത്തിന്റെ വേരുകള്‍ തകര്‍ക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് സോണിയാഗാന്ധി പറഞ്ഞു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്ത ചില സംഘടനകള്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഭജനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന്റെ കാര്‍മേഘം ഭരണഘടനയിലെ മത നിരപേക്ഷതയ്ക്കും സമത്വവാദത്തിനും മുകളില്‍ കരിനിഴല്‍ പരത്തുന്നുണ്ട്. മതനിരപേക്ഷതയും ജനാധിപത്യ, ലിബറല്‍ മൂല്യങ്ങളും അപകടത്തിലാണ്. പൊതുയിടങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുടെയും ഇടം ചുരുങ്ങുകയാണ്. സമത്വം, സാമൂഹിക നീതി, നിയമം എന്നിവയുടെ  അടിസ്ഥാനത്തിലുള്ള സംവിധാനത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്ത ആളുകള്‍ക്കും സംഘടനകള്‍ക്കും നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതില്‍ യാതൊരു പങ്കുമില്ലെന്ന് നാം മറക്കരുതെന്നും സോണിയാഗാന്ധി ആവര്‍ ത്തിച്ചു. ഇതോടെ ബിജെപി അംഗം കിരണ്‍ ഖേര്‍ ഹാസ്യാനുകരണം, ഹാസ്യാനുകരണം’ എന്ന് ആവര്‍ത്തിച്ച് ഒച്ചവച്ചെങ്കിലും ഭരണപക്ഷ ബെഞ്ച് നിശബ്ദത പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും സോണിയയുടെ പ്രസംഗം നിശബ്ദമായി കേട്ടിരുന്നു. സങ്കുചിത മനസ്സുള്ളവരുടെയും വര്‍ഗീയ ആശയങ്ങളുള്ളവരുടെയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ നമ്മള്‍ അനുവദിക്കില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. രാജ്യസഭയില്‍, ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിഭജനവും തുടര്‍ന്നുണ്ടായ കശ്മീര്‍ സംഘര്‍ഷങ്ങളുമാണ് പരാമര്‍ശിച്ചത്. ഇടതുപക്ഷ തീവ്രവാദത്തെ കുറിച്ച് സംസാരിച്ച ജെയ്റ്റ്‌ലി, ഇടതുപക്ഷ തീവ്രവാദികള്‍ ജനാധിപത്യമൂല്യങ്ങളിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക