|    Jan 22 Sun, 2017 12:59 am
FLASH NEWS

ക്വാറി മാഫിയാ ബന്ധം; വിജിലന്‍സ് കേസില്‍പ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സിപിഐ പ്രവേശനം വിവാദമാവുന്നു

Published : 26th September 2016 | Posted By: SMR

ബാലരാമപുരം: ക്വാറി മാഫിയയുമായി ഒത്തുകളി നടത്തി കോണ്‍ഗ്രസ്സില്‍ നിന്നു പുറത്തായ പള്ളിച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ സിപിഐ പ്രവേശനം വിവാദമാവുന്നു. പുതിയ പാര്‍ട്ടി പ്രവേശനം കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നാണ് ആക്ഷേപം.
മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ രാകേഷിനെതിരേ ഭരണകാലഘട്ടത്തില്‍ നിരവധി തവണ ക്വാറി മാഫിയയുമായുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഏറെ വിവാദമായ മുക്കുന്നിമല ക്വാറി ഇടപാടുകള്‍ രാകേഷിന്റെ ഒത്താശയോടെ നടന്നിരുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകള്‍ നിലനില്‍ക്കേ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെ തുടര്‍ന്നു വിജിലന്‍സ് കേസുകള്‍ ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇടപെട്ടു രാകേഷിനെ കോണ്‍ഗ്രസ്സില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടുക്കാട് വാര്‍ഡില്‍ നിന്നു സ്വതന്ത്രനായി മല്‍സരിച്ച രാകേഷ് വിജയിച്ചിരുന്നു. കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണു സിപിഐയില്‍ ചേര്‍ന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
നിലവില്‍ സിപിഐക്ക് അംഗമില്ലാത്ത പള്ളിച്ചല്‍ പഞ്ചായത്തില്‍ രാകേഷിനെ കൂടെക്കൂട്ടി പാര്‍ട്ടി വിപുലീകരിക്കാനുള്ള നീക്കത്തിനെതിരേ സിപിഐയില്‍ തന്നെ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഭരണകാലഘട്ടത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടതുമുന്നണി പ്രവേശനം വിജിലന്‍സ് കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ  ഭാഗമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക