|    Apr 26 Thu, 2018 9:31 am
FLASH NEWS

ക്വാറി നിരോധനം: ഉത്തരവ് റവന്യൂവകുപ്പ് അട്ടിമറിക്കുന്നു

Published : 2nd October 2016 | Posted By: SMR

കല്‍പ്പറ്റ: ദുരന്തനിവാരണ അതോറിറ്റിയുടെ ക്വാറി നിരോധന ഉത്തരവ് റവന്യൂവകുപ്പ് അട്ടിമറിക്കുന്നു. പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്തും വന്‍ പരിസ്ഥിതി സൗഹൃദ ടൂറിസം സാധ്യത പരിഗണിച്ചും ആറാട്ടുപാറ, കൊളഗപ്പാറ മലകളില്‍ നിന്ന് യഥാക്രമം ഒരു കിലോമീറ്റര്‍, 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വരുന്ന ഖനനങ്ങളും ക്രഷറുകളും നിരോധിച്ചുകൊണ്ടുള്ള മുന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ആഗസ്റ്റ് രണ്ടിലെ ഉത്തരവുകള്‍ ജില്ലാ ഭരണകൂടവും റവന്യൂവകുപ്പും ചേര്‍ന്ന് അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ ഓണ്‍ നേച്ചര്‍ പരിസ്ഥിതി സംഘടന കുറ്റപ്പെടുത്തി.
ഉടന്‍ പ്രാബല്യത്തോടെ ഉത്തരവ് നടപ്പാക്കാന്‍ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാരെയാണ് ദുരന്തനിവാരണ അതോറിട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മുന്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ സ്ഥലംമാറിയതോടെ സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉത്തരവ് നടപ്പാക്കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇതു സംബന്ധിച്ച് ആഗസ്ത് 31ന് പരിസ്ഥിതി സംഘടനകള്‍ പുതിയ കലക്ടര്‍ക്ക് പരാതി നല്‍കി.
എന്നാല്‍, ഉദ്യോഗസ്ഥതല വീഴ്ച പരിശോധിക്കാനോ ഉത്തരവ് നടപ്പാക്കാനോ കലക്ടര്‍ ബി എസ് തിരുമേനി തയ്യാറായിട്ടില്ല. ഇതിനിടെ, ആഗസ്ത് എട്ടിലെ ഉത്തരവുകളില്‍ കലക്ടര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് 27ന് അവര്‍ ഓണ്‍ നേച്ചര്‍ നല്‍കിയ വിവരാവകാശത്തിന് മറുപടി നല്‍കേണ്ട സ്ഥിതി വന്നതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കിയെന്നു വരുത്തിത്തീര്‍ക്കുകയാണ് ചെയ്തത്. കൃഷ്ണഗിരി വില്ലേജിലെ അഞ്ചു ക്വാറികളില്‍ മൂന്നെണ്ണത്തിനും മൂന്നു ക്രഷറുകള്‍ക്കും അമ്പലവയല്‍ വില്ലേജിലെ ആറു ക്രഷറുകള്‍ക്കും സ്‌റ്റോപ്പ് മൊമ്മോ നല്‍കാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചതിനനുസരിച്ച് സപ്തംബര്‍ 19ന് വില്ലേജ് ഓഫിസര്‍മാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
എന്നാല്‍, സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഒരൊറ്റ ക്വാറിയോ ക്രഷറോ അടച്ചുപൂട്ടിയില്ലെന്നതാണ് സത്യം. സ്‌റ്റോപ്പ് മെമ്മോ ലംഘിച്ച് പൂര്‍വാധികം ശക്തിയോടെ ഉത്തരവിന്റെ പരിധിയില്‍പ്പെട്ട ക്വാറികള്‍ അനധികൃത ഖനനം നടത്തി ആയിരത്തിലധികം ലോഡ് കല്ല് അനധികൃത ക്രഷറുകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോവുന്നു. പി ഫോറം എന്ന ബില്ല് ഇല്ലാതെ സര്‍ക്കാരിന് പ്രതിദിനം ലക്ഷങ്ങള്‍ നഷ്ടം വരുത്തിയാണ് ഈ അനധികൃത ഖനനവും ക്രഷര്‍ പ്രവര്‍ത്തനവും കരിങ്കല്‍ കടത്തും നടത്തിക്കൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫിസര്‍മാര്‍ക്കു മുതല്‍ കലക്ടര്‍ വരെയുള്ളവര്‍ക്ക് നിരവധി തവണ ഫോണ്‍ മുഖാന്തരവും നേരിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടികളുമുണ്ടായില്ല.
സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് റവന്യൂവകുപ്പ് രഹസ്യമാക്കി വച്ചു
കല്‍പ്പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഗസ്ത് രണ്ടിലെ ഉത്തരവ് പ്രകാരം ആറാട്ടുപാറയില്‍ നിന്ന് ഒരു കിലോമീറ്ററും ഫാന്റം റോക്ക്, കൊളഗപ്പാറ മലകളില്‍ നിന്ന് 200 മീറ്ററും പരിധിക്കുള്ളിലെ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടാന്‍ ചുമതലപ്പെട്ട സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയതു മറച്ചുവച്ചു.
ഉത്തരവില്‍ പരാമര്‍ശിക്കുന്ന പോലിസ്, ജിയോളജി വകുപ്പ് മേധാവികള്‍ക്കും ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും സ്റ്റോപ്പ് മെമ്മോയുടെ പകര്‍പ്പുകള്‍ സഹിതം വിവരം കൈമാറേണ്ടതുണ്ട്. എന്നാല്‍, സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അനധികൃതമായി ക്വാറികളും ക്രഷറുകളും നിര്‍ബാധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലിസ്, ജിയോളജി വകുപ്പധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, അപ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ വിവരം തങ്ങള്‍ക്കറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ക്വാറി, ക്രഷര്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ പോലിസ് സഹായത്തോടെ അടച്ചുപൂട്ടിക്കാനും കേസെടുക്കാനും റവന്യൂവകുപ്പിന് കഴിയും.
എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരന്തരം പരാതിപ്പെട്ടിട്ടും കലക്ടറോ തഹസില്‍ദാറോ വില്ലേജ് അധികൃതരോ നടപടികള്‍ക്കു മുതിര്‍ന്നില്ല.
തിയ്യതി രേഖപ്പെടുത്താതെ സ്റ്റോപ്പ് മെമ്മോ നല്‍കിയതില്‍ ദുരൂഹത
കല്‍പ്പറ്റ: ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ഫാന്റം റോക്ക്, കൊളഗപ്പാറ മലനിരകളുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന കൃഷ്ണഗിരി വില്ലേജിലെ മൂന്നു ക്വാറികള്‍ക്കും മൂന്നു ക്രഷറുകള്‍ക്കുമായി കൃഷ്ണഗിരി വില്ലേജ് ഓഫിസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോകളില്‍ തിയ്യതി രേഖപ്പെടുത്തിയില്ല.
അതിനാല്‍ തന്നെ മെമ്മോ എന്നു നല്‍കിയെന്നോ കക്ഷികള്‍ എന്നു കൈപ്പറ്റിയെന്നോ യാതൊരു വിവരവുമില്ല.
ഇതിലൂടെ അനധികൃത ക്വാറി പ്രവര്‍ത്തനത്തിനുള്ള പഴുതാണ് വില്ലേജ് ഓഫിസര്‍ ഒരുക്കിനല്‍കിയിരിക്കുന്നതെന്നു സപ്തംബര്‍ 29ന് അവര്‍ ഓണ്‍ നേച്ചര്‍ എന്ന സംഘടന കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സപ്തംബര്‍ 19നാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് വില്ലേജ് അധികൃതര്‍ പറയുകയും അതിന് ശേഷവും മെമ്മോ ലംഘിച്ച് ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.
സ്റ്റോപ്പ് മെമ്മോയില്‍ തിയ്യതി രേഖപ്പെടുത്താത്തതിനാല്‍ അനധികൃത ക്വാറി, ക്രഷര്‍ പ്രവര്‍ത്തനത്തിനു മേല്‍ ജിയോളജി, പോലിസ് വകുപ്പധികൃതര്‍ പരിശോധന നടത്തിയാല്‍, മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചതെന്ന വാദം ഉന്നയിച്ച് നടപടികളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss