|    Oct 15 Mon, 2018 9:32 pm
FLASH NEWS

ക്വാറി ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനം

Published : 23rd September 2017 | Posted By: fsq

 

കൊല്ലം: ജില്ലയില്‍ ക്വാറി ഉല്‍പന്നങ്ങള്‍ക്ക് കോംപൗണ്ട് ടാക്‌സ് ഉള്‍പ്പടെയുള്ള വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറായുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. പാറയ്ക്ക് ക്യുബിക്ക് അടിക്ക് 15 രൂപയും മെറ്റലിന് 30 രൂപയുമാണ് പുതിയ വില. എം സാന്‍ഡ് – 50 രൂപ, പാറപ്പൊടി – 35 രൂപ, ജിഎസ്ബി – 20 രൂപ, പി സാന്‍ഡ് – 60 രൂപ എന്നിങ്ങനെയാണ് മറ്റുല്‍പന്നങ്ങളുടെ വില. പുതിയ ഉത്തരവ് നിവലവില്‍ വന്നതോടെ ജില്ലയില്‍ക്വാറി ഉല്‍പന്നങ്ങളുടെ വില കുറയും. ക്വാറി ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് സപ്തംബര്‍ രണ്ടിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വില കുറയ്ക്കുന്നതിനുള്ള ധാരണയിലെത്തിയത്. ഇതിനെ തുടര്‍ന്നാണ് വിലനിര്‍ണയത്തിനായി കമ്മിറ്റി രൂപീകരിച്ചത്. എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് പുറമേ പൊതുമരാമത്ത് (ദേശീയപാത, റോഡ്, കെട്ടിട വിഭാഗങ്ങള്‍) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ജിയോളജിസ്റ്റ്, ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍, രജിസ്‌ട്രേഡ് മെറ്റല്‍ ക്രഷര്‍ യൂണിയന്‍, ആള്‍ കേരള ക്വാറി അസോസിയേഷന്‍, ക്വാറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളായ പ്രദീപ്, അസനാരുകുഞ്ഞ്, വെള്ളിലഴികം പ്രസാദ്, എം ബി പ്രകാശ്എന്നിവര്‍ വില നിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്.ക്വാറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ക്ക് വിലവര്‍ധന തുടരുന്നത് മേഖലയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മെറ്റല്‍, എം സാന്‍ഡ്, കരിങ്കല്ല്, ഇഷ്ടിക എന്നിവക്കാണ് വില വര്‍ധിച്ചിരുന്നത്. ആറുമാസത്തിനിടെ 40 ശതമാനത്തോളമാണ് വില വര്‍ധിച്ചത്. ജിഎസ്ടി വന്നതോടെ കൂടുതല്‍ തിരിച്ചടിയായി. ക്വാറി അധിഷ്ഠിത വസ്തുക്കള്‍ക്ക് അഞ്ചുശതമാനവും ഉല്‍പന്നങ്ങള്‍ക്ക് 18 ശതമാനവുമാണ് ജിഎസ്ടി ക്വാറികളുള്ള സ്ഥലത്തിന് വില വര്‍ധിച്ചതും ഖനനത്തിന് നിയമം കര്‍ക്കശമാക്കിയതും നിര്‍മാണമേഖലക്ക് തിരിച്ചടിയായിട്ടുണ്ട്. വിലയില്‍ ഏകീകരണമില്ലാത്തതും പ്രശ്‌നമാകുന്നു. ക്വാറി ഉല്‍പന്നങ്ങള്‍ക്ക് കോംപൗണ്ട് ടാക്‌സ് ഉള്‍പ്പടെയുള്ള വില നിശ്ചയിച്ച് ഉത്തരവായതോടെ വിപണിയില്‍ വില കുറയുമെന്നാണ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss