|    Aug 21 Mon, 2017 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ക്വാറി ഉടമകളെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാരിനു വിമര്‍ശനം; ഒത്തുകളിയെന്ന് സുപ്രിംകോടതി

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കരിങ്കല്‍ ക്വാറി കേസില്‍ ക്വാറി ഉടമകളെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം. ക്വാറി ഉടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് അഭിപ്രായപ്പെട്ട സുപ്രിംകോടതി, മിക്ക സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ലഭിച്ച പെര്‍മിറ്റ് പുതുക്കിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മൂന്ന് ക്വാറി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമാണ് ക്വാറി പെര്‍മിറ്റിന്റെ കാലാവധി. എന്നാല്‍ പരിശോധനകള്‍ കൂടാതെ ഇത്തവണയും പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.
വര്‍ഗീസ് കുര്യന്‍ മാടപറമ്പില്‍, സജി ഉലഹന്നാന്‍, ടിങ്‌സണ്‍ ജോണ്‍ എന്നീ ക്വാറി ഉടമകളാണ് ഹരജി നല്‍കിയത്. പെര്‍മിറ്റ് പുതുക്കിനല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന കോടതി, അഞ്ചു ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ പാരിസ്ഥിതിക അനുമതി ആവശ്യമാണെന്ന് അറിയിച്ചു.
എന്നാല്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്നും ഇതു വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് പുതുക്കിനല്‍കുന്നതിനോട് അനുകൂലമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് പരിസ്ഥിതിമന്ത്രാലയം വാദങ്ങള്‍ നിരത്തി. പരിസ്ഥിതി പഠനം നടത്താതെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രാലയത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക