|    Mar 23 Fri, 2018 6:59 am

ക്വാറികള്‍ക്ക് സുരക്ഷാവേലിയില്ല; അപകട ഭീതിയില്‍ നാട്ടുകാര്‍

Published : 27th June 2016 | Posted By: SMR

കാസര്‍കോട്: ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്ക് സുരക്ഷാ വേലി നിര്‍മിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളിലും പൊതു-സ്വകാര്യ സ്ഥലങ്ങളിലും കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ ജില്ലയില്‍ വ്യാപകമാണ്.
കല്ലെടുത്ത് കഴിഞ്ഞതിന് ശേഷം ഉപേക്ഷിക്കുന്ന ക്വാറികള്‍ക്ക് ചുറ്റുമതില്‍ കെട്ടുകയോ കമ്പിവേലി നിര്‍മിക്കുകയോ വേണമെന്ന് ജില്ലാ ഭരണകൂടം നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കാലവര്‍ഷത്തില്‍ കരിങ്കല്‍, ചെങ്കല്‍ ക്വാറികളില്‍ മഴവെള്ളം നിറഞ്ഞ് വന്‍ ദുരന്തമാണ് വരുത്തുന്നത്. ക്വാറികളില്‍ കുളിക്കാനിറങ്ങുന്ന കുട്ടികള്‍ മരണപ്പെട്ടസംഭവങ്ങളും പൊതുസ്ഥലങ്ങളിലുള്ള ക്വാറികള്‍ സംരക്ഷിക്കാത്തതിനാല്‍ വഴി നടന്നുപോകുന്നവര്‍ ഇതില്‍ വീണ് അപകടത്തില്‍പെടുന്നതും സാധാരണമാണ്.
വലിയ ആഴങ്ങളിലുള്ള ഇത്തരം ക്വാറികള്‍ കമ്പിവേലി കെട്ടി സൂക്ഷിക്കാത്തതാണ് അപകടത്തിനു കാരണം. ഇത്തരത്തില്‍ കല്ലെടുത്തതിന്‌ശേഷം ഉപേക്ഷിച്ച കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞ് അപകടനിലയിലാണ്. ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ക്ക് മുന്നില്‍ അപകടസൂചന ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനോ മണ്ണിട്ട് നികത്താനോ ബന്ധപ്പെട്ടവരോ, അധികൃതരോ തയ്യാറാകുന്നില്ല.
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് പലപ്പോഴും ഇത്തരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അങ്കണവാടികളിലേക്കും സ്‌കൂളുകളിലേക്കുമുള്ള നടവഴികള്‍ക്ക് സമീപം പോലും യാതൊരു സുരക്ഷാ മാനദണ്ഠങ്ങള്‍ പാലിക്കാത്ത ക്വാറികളുണ്ട്. കല്ലെടുത്ത് കഴിഞ്ഞ ചില ക്വാറികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
ബദിയടുക്ക, മഞ്ചേശ്വരം ബെള്ളൂര്‍, കാറഡുക്ക, പൈവളികെ, മുളിയാര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, കയ്യൂര്‍-ചീമേനി, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, എണ്‍മകജെ, ചെമനാട് പഞ്ചായത്തുകളിലാണ് ചെങ്കല്‍ ക്വാറികള്‍ ധാരാളമായുള്ളത്. കള്ളാര്‍, കോടോം-ബേളൂര്‍, മടിക്കൈ, കിനാനൂര്‍ കരിന്തളം, പനത്തടി, ഈസ്റ്റ് ഏളേരി, ബേഡകം തുടങ്ങിയ പഞ്ചായത്തുകളില്‍ കരിങ്കല്‍ ക്വാറികളും കൂടുതലാണ്. കുന്നിന്‍ ചരിവുകളിലാണ് കരിങ്കല്‍ ക്വാറികള്‍ കൂടുതലും. നൂറും അതിലധിവും മീറ്റര്‍ താഴ്ചവരെയുള്ള കരിങ്കല്‍ ക്വാറികളും ജില്ലയിലുണ്ട്. എന്നാല്‍ ഇവയില്‍ പലതും കമ്പിവേലികെട്ടി സൂക്ഷിച്ചിട്ടില്ല. അതിനാല്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ജില്ലയിലെ ചില ക്വാറികള്‍ ഇത്തരത്തില്‍ വന്‍ അപടകങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ചെങ്കല്‍ ക്വാറികള്‍ കൂടുതലും സമനിലപ്രദേശങ്ങളിലാണുള്ളത്.
ആലൂര്‍, ബാവിക്കര, മുതലപ്പാറ, ചോക്കമൂല,കോട്ടൂര്‍, പെര്‍ള തുടങ്ങിയ എസ്റ്റേറ്റുകളില്‍ നിരവധി കരിങ്കല്‍ ചെങ്കല്‍ ക്വാറികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതായും പരാതിയുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ഓരോ വര്‍ഷവും ജില്ലാ കലക്ടര്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ വില്ലേജ് അധികൃതര്‍ ഇക്കാര്യം മുഖവിലക്കെടുക്കാറില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss