|    Mar 29 Wed, 2017 8:48 am
FLASH NEWS

ക്വാറികളിലെ സമരവും മണല്‍ ക്ഷാമവും; കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Published : 15th October 2016 | Posted By: Abbasali tf

കാസര്‍കോട്: കരിങ്കല്‍ ക്വാറികളിലെ സമരവും മണല്‍ ക്ഷാമവും കെട്ടിടനിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ പതിനായിരത്തിലധികം തൊഴിലാളികള്‍ നേരിട്ട് ആശ്രയിക്കുന്നതും ഇതരസംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്രയവുമായ നിര്‍മാണമേഖലയാണ് പൂര്‍ണമായും സ്തംഭിച്ചിട്ടുള്ളത്. ചെറുകിട ക്വാറികളില്‍ രണ്ടാഴ്ചയിലേറെയായി ഖനനം നിലച്ചതിനു പിന്നാലെ ക്രഷര്‍ ഉടമകളും സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കെട്ടിടം, റോഡ് നിര്‍മാണ പ്രവര്‍ത്തിക്ക് മെറ്റലിന് കടുത്ത ക്ഷാമവും ഇപ്പോള്‍ തന്നെ അനുഭവപ്പെടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ വിതരണം പൂര്‍ണമായും മുടങ്ങുമെന്നാണ് സൂചന. കഴിഞ്ഞ 23നാണ് ക്വാറികളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചത്. ജില്ലയില്‍ ഏതാണ്ട് 150 ക്വാറികളിലായി 3000ഓളം തൊഴിലാളികളുണ്ട്. ആഴ്ചകളായി വരുമാനം നിലച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നൂറുമീറ്റര്‍ ദൂര പരിധി അനുവദിക്കണമെന്നാണ് ആള്‍ കേരള ക്വാറി അസോസിയേഷന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. 2014 വരെ ജീയോളജി വകുപ്പില്‍ നിന്ന് ക്വാറികള്‍ക്ക് അനുമതി ലഭിച്ചിരുന്നു. പിന്നീട് പെര്‍മിറ്റ് ലഭിച്ചിട്ടില്ല. വീട്, റോഡ് എന്നിവയില്‍ നിന്നും നൂറ് മീറ്ററില്‍ കുറഞ്ഞ ദൂരപരിധിയിലാണ് ക്വാറികള്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. എക്‌പ്ലോസീവ് ലൈസന്‍സ് ഇല്ലെന്നതും പ്രശ്‌നമായി. ജില്ലാ കരിങ്കല്‍ ക്വാറി ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി 2008 ല്‍ എക്‌സ്‌പ്ലോസീവ് ലൈസന്‍സിനായി അപേക്ഷ നല്‍കിയപ്പോള്‍ അത് മടക്കുകയായിരുന്നു. പിന്നീട് 2014 ല്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അനുമതിയായി. പക്ഷേ ജിയോളജി വകുപ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നില്ല. കഴിഞ്ഞ 23ന് ജില്ലയിലെ ക്വാറികളില്‍ ജിയോളജി ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് റെയ്ഡ് നടത്തിയതോടെയാണ് ഉടമകള്‍ ഉല്‍പാദനം നിര്‍ത്തിവച്ചത്. ഇളവ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ക്വാറി അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day