|    Jul 21 Fri, 2017 4:26 pm
FLASH NEWS

ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമം: പ്രതിയുടെ അറസ്റ്റ് വൈകുന്നു

Published : 15th July 2017 | Posted By: fsq

 

മലപ്പുറം:  ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതായി പരാതി. കൂട്ടിലങ്ങാടി പാറടി സ്വദേശി തോരപ്പ റിയാസാണ് തന്നെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഈ വിഷയത്തില്‍ പോലിസ് പക്ഷാപാതം കാണിക്കുന്നതായും റിയാസും കുടുംബവും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് റിയാസിനെ ജോലിസ്ഥലത്തുവച്ചു ഒരു സംഘം വധിക്കാന്‍ ശ്രമിച്ചത്. ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെതുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട്, മനുഷ്യാവകാശ കമ്മീഷന്‍, യുവജന കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. തുടര്‍ന്നു ഈ കേസില്‍ മൂന്നുപേരെ കഴിഞ്ഞ ഫെബ്രുവരിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. റിയാസിന്റെ അയല്‍വാസിയായ ഇല്ലിക്കുത്ത് ആത്വിബ് എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് തെളിയുകയും ചെയ്തു. വിദേശത്തുള്ള ആത്വിബ് നാട്ടിലെത്തിയാല്‍ നടപടിയുണ്ടാവുമെന്നു പോലിസ് അറിയിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇപ്പോള്‍ കുടുംബത്തിനുള്ള പരാതി. അയല്‍വാസിയായ ഇല്ലിക്കുത്ത് ആത്വിബ് എന്നയാളുടെ വിദേശത്തുള്ള സ്ഥാപനത്തിലായിരുന്നു നേരത്തെ റിയാസിനു ജോലി. ആറു വര്‍ഷം മുമ്പ് ഈ ജോലി ഒഴിവാക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയാണത്രെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനിടെ നാട്ടിലെത്തി  വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്നതിനിടെ റിയാസിന്റെ മാതാവ്, ഭാര്യ,സഹോദരി, സഹോദര ഭാര്യ എന്നിവര്‍ക്കെതിരെയും മര്‍ദനം നടത്തിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍, കേസുകളില്‍ പോലിസ് നടപടിയുണ്ടാവുന്നില്ലെന്നും കോടതി വാറണ്ടുണ്ടായിട്ടും പ്രതിക്കെതിരേ നടപടിയെടുക്കാത്ത സമീപനമാണ് പോലിസിന്റേതെന്നും റിയാസ്, പിതാവ് തോരപ്പ ഉമര്‍, മാതാവ് ആഇശ, ഭാര്യ അമീറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക