|    Oct 15 Mon, 2018 2:38 pm
FLASH NEWS
Home   >  Sports  >  Football  >  

ക്ലൈമാക്‌സ് @ കൊല്‍ക്കത്ത

Published : 27th October 2017 | Posted By: ev sports

സ്വന്തം പ്രതിനിധി

കൊല്‍ക്കത്ത: ഒരു മാസം നീണ്ട കൗമാരപ്പാച്ചിലിന്റെ വെടിക്കെട്ടിന് ഇന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് യുവഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ ക്ലൈമാക്‌സ്. രാത്രി എട്ടിന് യൂറോപ്യന്‍ശക്തികളായ ഇംഗ്ലണ്ടിന്റെയും സ്‌പെയിനിന്റെയും നാളെയുടെ നക്ഷത്രങ്ങള്‍ ആരവവും ആര്‍പ്പുവിളികളുമായി പോരിനിറങ്ങുമ്പോള്‍ ലോകമെമ്പാടുമുമുള്ള കാല്‍പ്പന്തുകളിയാസ്വാദകര്‍ കൊല്‍ക്കത്തയിലേക്കു മനസ്സര്‍പ്പിക്കും. യൂറോപ്യന്‍ കരുത്തോടെ ഇരുവരും പരസ്പരം കൊമ്പുകോര്‍ക്കാന്‍  സ്‌റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിന് ഇത് അഭിമാനം നിമിഷം കൂടിയാണ്്.

സ്പാനിഷ് കാളകള്‍ക്ക് മൂക്കുകയര്‍ വീഴുമോ?
ആബേല്‍ റൂയിസെന്ന വേട്ടക്കാരന്റെ പിഴക്കാത്ത കളി മികവിലാണ് ലോകകപ്പില്‍ മൂന്നു തവണ റണ്ണേഴ്‌സ് അപ്പുകളായ സ്‌പെയിന്റെ പ്രതീക്ഷ. കൊച്ചിയില്‍ ബ്രസീലിനോട് തോറ്റ് തുടങ്ങിയ സ്‌പെയിന്‍ പോര്‍ക്കളത്തിലെ കാളക്കൂറ്റന്‍മാരെപ്പോലെ മതിച്ച്് മുന്നേറിയതോടെ എതിരേ വന്ന വമ്പന്‍മാര്‍ക്കെല്ലാം മുട്ടുമടക്കേണ്ടി വന്നു. ഗ്രൂപ്പ് ഡിയില്‍ നൈജറിനേയും കൊറിയയേയും തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത സ്‌പെയിന്‍ കളിമികവേറെയുള്ള ഫ്രാന്‍സിനെ 2-1ന് വീഴ്ത്തിയാണ് ക്വാര്‍ട്ടറിലേക്ക് പറന്നിറങ്ങിയത്. ക്വാര്‍ട്ടറില്‍ സ്പാനിഷ് കരുത്തിന് മുന്നില്‍ ഇറാന്‍ കാഴ്ചക്കാരായപ്പോള്‍ 3-1ന്റെ വിജയവും പോക്കറ്റിലാക്കി സ്‌പെയിന്‍ സെമിയില്‍ സീറ്റുറപ്പിച്ചു. ആഫ്രിക്കന്‍ കരുത്തുമായെത്തിയ മാലിയുടെ മുനയൊടിച്ച് 3-1ന്റെ വിജയം സ്വന്തമാക്കിയാണ് സ്‌പെയിന്‍ ഇംഗ്ലണ്ടിനെതിരേ ബൂട്ടുകെട്ടാനിറങ്ങുന്നത്.ടിക്കിടാക്കകളുടെ ഇത്തവണത്തെ മിന്നും പ്രകടനത്തിന് പിന്നില്‍ ആബേല്‍ റൂയിസ് എന്ന ഗോള്‍ മിഷ്യന്റെ പങ്ക് നിര്‍ണായകമാണ്. പ്രധാന മല്‍സരങ്ങളില്‍ ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത് റൂയിസ് കളം നിറഞ്ഞതാണ് സ്പാനിഷ് പടയുടെ ഫൈനല്‍ പ്രവേശനത്തിന് വഴിയൊരുക്കിയത്. നായകനെന്ന വാക്കിന്റെ അര്‍ഥം പ്രകടനത്തിലൂടെ കാട്ടിക്കൊടുക്കുന്ന റൂയിസ് ആറ് മല്‍സരങ്ങളില്‍ ആറ് ഗോളുകള്‍ അക്കൗണ്ടിലാക്കി ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ മൂന്നാം സ്ഥാനത്താണുള്ളത്. രണ്ട് ഗോളുകള്‍ വീതം അക്കൗണ്ടിലുള്ള സീസര്‍ ഗില്‍ബര്‍ട്ടും സെര്‍ജിയോ ഗോമസും ഫെറന്‍ ടോറസും ഫൈനലിലും മികവാവര്‍ത്തിച്ചാല്‍ ഇന്ത്യയില്‍ നിന്ന് കിരീടം ചൂടി സ്‌പെയിന് രാജകീയമായി മടങ്ങാം.

ബ്രൂട്ടല്‍ ബ്രൂസ്റ്റര്‍, ബ്രൂട്ടല്‍ ഇംഗ്ലണ്ട്

എതിരാളികളെ നാണം കെടുത്തി തോല്‍പ്പിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ഭാവിതാരങ്ങള്‍ ഈ ലോകകപ്പില്‍ പുറത്തെടുക്കുന്നത്. കണക്കുകളില്‍ വമ്പ് പറഞ്ഞെത്തിയവരെ വാലും ചുരുട്ടി ഓടിച്ച ഇംഗ്ലണ്ടിന്റെ പുലിക്കുട്ടികള്‍ക്ക് തന്നെയാണ് ഫൈനലിലും ആധിപത്യം. ഇതുവരെയുള്ള പ്രകടനങ്ങളില്‍ കളിക്കരുത്തിലും വിജയ ശരാശരിയിലും സ്പാനിഷ് പടയേക്കാള്‍ ഒരുതട്ട് മുകളിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.ഗ്രൂപ്പ് എഫില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യയിലേക്ക് വരവറിയിച്ച ഇംഗ്ലണ്ട് മെക്‌സിക്കോയേയും ഇറാഖിനേയും വീഴ്ത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന് മുന്നില്‍ നന്നായി വിയര്‍ത്തെങ്കിലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയം പിടിച്ചെടുത്ത് ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ അമേരിക്ക ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും 4-1ന്റെ ഗംഭീര ജയവും സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ ബ്രസീലിന്റെ ഉരുക്കുകോട്ടയെ മൂന്ന് വട്ടം ഭേദിച്ച് 3-1ന്റെ ജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഫൈനലില്‍ ബൂട്ട് കെട്ടാനിറങ്ങുന്നത്.ഇന്ത്യയിലെ ഫുട്‌ബോള്‍ കാണികളെ വിസ്മയിപ്പിച്ച് ക്വാര്‍ട്ടറിലും സെമിയിലും ഹാട്രിക്ക് ഗോളുകള്‍ നേടിയ റിയാന്‍ ബ്രൂസ്റ്ററിന്റെ മിന്നും ഫോമാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. എതിരാളികളുടെ പ്രതിരോധത്തെ കീറിമുറിക്കുന്ന ബ്രൂസ്റ്ററിന്റെ മിന്നല്‍ ഷോട്ടുകള്‍ ഫൈനലിലും ഇംഗ്ലണ്ടിന്റെ തുണയ്‌ക്കെത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനൊപ്പമുള്ള അനുഭവസമ്പത്തോടെ പന്ത് തട്ടുന്ന ബ്രൂസ്റ്റര്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്താണുള്ളത്. മൂന്ന് ഗോളുകള്‍ സമ്പാദ്യമുള്ള ജാഡ്‌സണ്‍ സാഞ്ചോയും രണ്ട് ഗോളുകള്‍ അക്കൗണ്ടിലുള്ള എയ്ഞ്ചല്‍ ഗോമസും ഇംഗ്ലണ്ടിന് കന്നിക്കിരീടം നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss