|    Nov 13 Tue, 2018 10:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്ലെയിമുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ഐആര്‍ഡിഐ നിര്‍ദേശം

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.
ഓരോ ഇന്‍ഷുറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിനു വേണ്ടി നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തണം. ഇദ്ദേഹമാണ് അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കേണ്ടത്. പ്രളയത്തില്‍ മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ മരണ സര്‍ട്ടിഫിക്കറ്റിന് കാലതാമസമുണ്ടായാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകള്‍ പൂര്‍ത്തിയാക്കണം.
ജമ്മുകശ്മീരിലും ചെന്നൈയിലും നല്‍കിയ പ്രത്യേക പരിഗണന ഇവിടെയും കണക്കിലെടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ക്ലെയിം സംബന്ധിച്ച് പരിശോധനകള്‍ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കി പണം നല്‍കണം. ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫിസുകള്‍, പ്രത്യേക ക്യാംപുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയിക്കണം. പ്രളയബാധ്യത ജില്ലകളില്‍ പ്രത്യേക സര്‍വേയര്‍മാരെ ചുമതലപ്പെടുത്തണം. നടപടിക്രമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ കാംപയിനുകള്‍ നടത്തുക തുടങ്ങിയവ മറ്റു നിര്‍ദേശങ്ങളില്‍ പെടും.
ഇതിനു പുറമെ അപേക്ഷകളിന്‍മേലെടുത്ത നടപടികള്‍ ഓരോ ദിവസവും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐആര്‍ഡിഎഐയെ അറിയിക്കാനും നിര്‍ദേശമുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss