|    Oct 17 Wed, 2018 12:23 am
FLASH NEWS

ക്ലീന്‍ കനോലി രണ്ടാംഘട്ടത്തിന്റെ റോബോട്ടിക് റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 22nd September 2017 | Posted By: fsq

 

പൊന്നാനി:  കനോലി കനാലിലെ മാലിന്യങ്ങളുടെ തോത് മനസിലാക്കാനായി റോബോട്ട് ബോട്ട്  പരിശോധന നടത്തിയതിന്റെ റിപോര്‍ട്ട് നഗരസഭയ്ക്ക് സമര്‍പ്പിച്ചു. പൊന്നാനി നഗരസഭയുടെ ക്ലീന്‍ കനോലി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോബോട്ട് കനോലിയിലിറങ്ങിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാവുന്ന തരത്തിലുള്ള മാലിന്യങ്ങളുടെ അളവ് കൂടുതലാണെന്ന് റിപോര്‍ട്ട് പറയുന്നു.  കനാലിലെ ജലത്തില്‍ ഡിസോള്‍വ്ഡ് ഓക്‌സിജന്‍, ഡിസോള്‍വ്ഡ് സാള്‍ട്ട്, ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ്, കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ്, ഇകോളി ബാക്ടീരിയ, അമോണിയ തുടങ്ങിയവയുടെ ധാറാളമായി ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.സര്‍വ്വെയില്‍ ശേഖരിച്ച 3000 സാമ്പിളുകളുടെ റിപ്പോര്‍ട്ട് പ്രകാരം കനോലി കനാലിലെ പി.എച്ച് മൂല്യം 6.8  7.6 വരെയാണ്. കടല്‍ വെള്ളത്തിന് സമാനമായ പി.ച്ച് ആണ് പൊതുവെ ഈ പ്രദേശത്ത് കാണപ്പെടുന്നതെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്തെ ജലം കുടിവെള്ളമായി ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്നും ടോട്ടല്‍ ഡിസോള്‍വഡ് സ്‌കോണ്ടല്‍സ് (ടി.ഡി.എസ്) ന്റെ അളവ് വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് കൂടുന്നതനുസരിച്ച് ഹൃദ്രോഗം, ക്യാന്‍സര്‍ മുതലായ അസുഖങ്ങള്‍ക്ക് കാരണമാകും. പ്രദേശത്തെ ജലത്തില്‍ രണ്ട് മൈക്രോണില്‍ കുറവുള്ള പദാര്‍ത്ഥങ്ങള്‍ ജലത്തില്‍ ലയിച്ച് ചേര്‍ന്ന് കാണപ്പെടുന്നു. ഇവ ജലത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലും ഒഴുകി നടക്കുന്ന രീതിയിലുമായാണ്്. ഉയര്‍ന്ന ടി.എസ്.എസ് ന്റെ അളവ് ജലത്തിന്റെ അടിത്തട്ടില്‍ വളരുന്ന ചെടികളിലേക്ക് പ്രകാശം എത്തുന്നത് തടയുകയും പ്രകാശ സംശ്ലേഷണത്തിന്റെ തോത് കുറക്കുകയും ചെയ്യും.  ജലത്തിന്റെ ഗുണം നിര്‍ണ്ണയിക്കുന്നതിനുള്ള പ്രധാന അളവുകോലായ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റിന്റെ അളവ് 260 എംജിഎല്‍ മുതല്‍ 300 എംജിഎല്‍ വരെയാണ്. ഇത് അനുവദനീയമായ അളവിലും കൂടുതലാണ്. അത് ജലജീവികള്‍ക്ക് വിനാശകരമാകും.. കൂടുതലുള്ള സി.ഒ.ഡി യുടെ അളവ് ജല ജൈവവൈവിധ്യത്തിനു തന്നെ അപകടരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ജലത്തില്‍ വൈദ്യുതിയെ കടത്തിവിടാനുള്ള കഴിവായ കണ്ടക്ടിവിറ്റി കനോലി കനാലില്‍  കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജലത്തിലടങ്ങിയിരിക്കുന്ന അയോണുകളുടെ തോതിനെ ആശ്രയച്ചാണ് ജലത്തിന്റെ കണ്ടക്ടിവിറ്റി കണക്കാക്കുക. ഫെന്‍ ബോട്ട് വിശകലനം ചെയ്ത സാമ്പിളുകളില്‍ നിന്നും ഇവിടുത്തെ ജലത്തില്‍ ലവണാംശം കൂടുതലാണെന്നും ആയതിനാല്‍ മനുഷ്യ ഉപയോഗത്തിന് സാധ്യമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ജലം കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഉല്‍പാദനക്കുറവിനും വിളവു നഷ്ടത്തിനും കാരണമാകും. കണ്ടക്ടിവിറ്റി കൂടുന്നതിന് പ്രധാന കാരണം കടല്‍ വെള്ളം കനാലില്‍ ചേരുന്നതാണെങ്കിലും മറ്റൊരു കാരണം സുരക്ഷിതമല്ലാത്ത അഴുക്കുചാലുകളാണ്.ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന ടര്‍ബിഡിറ്റിയുടെ അളവും കനോലി കനാലില്‍ അനുവദനീയമായതിനേക്കാള്‍ കൂടുതലാണ്. ജലത്തിലെ ഖരമാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളുമാണ് ഇതിന് പ്രധാന കാരണം. വലിച്ചെറിയുന്ന മാലിന്യം മഴക്കാലത്ത് അഴുക്കുചാലുകള്‍ വഴി കനാലിലേക്ക് എത്തുന്നതാണ് ടര്‍ബിഡിറ്റിക്ക് പ്രധാന കാരണം.കനാലില്‍ അര മീറ്ററോളം ആഴത്തില്‍ മണ്ണും മാലിന്യവും അടിഞ്ഞ് കിടക്കുകയാണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവിശിഷ്ടങ്ങള്‍ മറ്റു ഖരമാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം ജലത്തോടൊപ്പം ഒഴുകി കനാലുകളില്‍ പതിക്കുന്നത് വഴി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കുന്നു. സില്‍റ്റ് പോലുള്ള വസ്തുക്കള്‍ മറ്റും കനാലില്‍ അടിഞ്ഞു കൂടുന്നത് വഴി കനാലിന്റെ ആഴം കുറയുകയും അത് വെള്ളപ്പൊക്കത്തത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ജീവ ജാലങ്ങളുടെ അവശിഷ്ടങ്ങള്‍ അഴുകുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന ദുര്‍ഗന്ധവും മറ്റും കനാലിന്റെ ജൈവ വൈവിധ്യത്തെ തന്നെ തകര്‍ക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 20 നാണ് പൊന്നാനി കനോലി കനാലില്‍ റോബോട്ടായ ഫെന്‍ ബോട്ട് സര്‍വ്വെ സംഘടിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss