|    Oct 16 Tue, 2018 11:40 am
FLASH NEWS

ക്ലീന്‍ഗ്രീന്‍ സിറ്റി സീറോവേസ്റ്റ് വടകര പദ്ധതി പ്രഖ്യാപനം നടത്തി

Published : 2nd November 2017 | Posted By: fsq

 

വടകര: നഗരസഭയെ മാലിന്യ മുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ക്ലീന്‍ഗ്രീന്‍ സിറ്റി-സീറോവേസ്റ്റ് വടകരയുടെ പ്രഖ്യാപനവും ശുചീകരണ യാത്രയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പദ്ധതിയുടെ പ്രഖ്യാപനം കോട്ടക്കടവില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ സികെ നാണു നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വീടുകളിലേക്ക് സബ്‌സിഡി നിരക്കില്‍ കമ്പോസ്റ്റ് യൂനിറ്റുകള്‍, ബയോഗ്യാസ് എന്നിവ വിതരണം ചെയ്യും. പൊതുസ്ഥലങ്ങളിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നഗരത്തിലെ നാല് സ്ഥലങ്ങളില്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റിങ് സംവിധാനമൊരുക്കും. പൊതു പരിപാടികള്‍ നടത്തുന്നതില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. വീടുകളിലെയും, സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന മുഖേന ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്നതിന് ഉമകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കും. വീടുകളില്‍ നിന്നും മാസംതോറും 50 രൂപയും, സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപ 300 വരെയും ഈടാക്കും. അജേവ മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും വേര്‍തിരിക്കുന്നതിനും എംആര്‍എഫ്(മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) സ്ഥാപിക്കും. പ്ലാസ്റ്റിക്കുകള്‍ പൊടുച്ച് ടാറിങിന് ഉപയോഗിക്കുന്നതിനായി ഷഡിംഗ് മെഷീന്‍ സ്ഥാപിക്കും. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും നഗരസഭ അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് മൂരാട് പാലം മുതല്‍ പെരുവാട്ടുംതാഴെ വരെയുള്ള ദേശീയപാതയും, സാന്‍ഡ്ബാങ്ക്‌സ് മുതല്‍ കുരിയാടി വരെയുള്ള തീരദേശവും ശുചീകരിച്ചു. എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനീസ് എന്നിവരാണ് ശുചീകരണ യാത്രയില്‍ പങ്കെടുത്തത്. പുത്തൂര്‍ ജിഎച്ച്എസ്എസ്, ഗവ.സംസ്‌കൃതം എച്ച്എസ്എസ്, ശ്രീനാരായണ എച്ച്എസ്എസ്, ചോറോട് ജിഎച്ച്എസ്എസ്, എംയുഎം എ്ച്ച്എസ്എസ്, ജെഎന്‍എം എച്ച്എസ് എ്ന്നീ സ്‌കൂളുകളിലെ 300ഓളം വിദ്യാര്‍ത്ഥികളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനീസുകളും 12 ബാച്ചുകളായി സാന്‍ഡ്ബാങ്ക്‌സ്, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുഖച്ചേരി, കുരിയാടി, പെരുവാട്ടുംതാഴെ, പരവന്തല, പുതിയ ബസ്സ്സ്റ്റാന്‍ഡ്, കരിമ്പനപ്പാലം, പാലോളിപ്പാലം, അരവിന്ദഘോഷ് റോഡ് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. അതാത് പ്രദേശങ്ങളിലെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍, സെക്രട്ടറി കെയു ബിനി, വൈസ് ചെയര്‍പേഴ്‌സണ്‍ കെപി ബിന്ദു, റീന ജയരാജ്, വി ഗോപാലന്‍ മാസ്റ്റര്‍, എംപി അഹമ്മദ്, ടി കേളു, കെകെ രാജീവന്‍, പികെ സിന്ധു, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ അബ്ദുസമദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇകെ രമണി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, പി ഗിരീഷന്‍ സംസാരിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു, ജെഎച്ച്‌ഐമാരായ എസ് ബിനോജ്, ഷൈനി, രാജേഷ്, ലത, സുധീഷ്, രജീഷ്  നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss