|    Mar 22 Thu, 2018 11:53 am
Home   >  Todays Paper  >  Page 5  >  

ക്ലിനിക്കല്‍ സ്ഥാപന രജിസ്‌ട്രേഷന്‍, നിയന്ത്രണ ബില്ല് സഭയില്‍

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആതുര സേവനമേഖലയില്‍ സമഗ്ര പരിഷ്‌കരണത്തിന് ഉതകുന്ന 2017ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബില്ല്  മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ-ചികില്‍സാ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കി കൃത്യമായ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനും നിയമം വഴി സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ഓരോ ക്ലിനിക്കല്‍ സ്ഥാപനവും അവിടെ ലഭിക്കുന്ന സേവനം, ലഭ്യമായ സൗകര്യങ്ങള്‍, ഈടാക്കുന്ന ഫീസ്, പാക്കേജ് നിരക്ക് എന്നിവ ക്ലിനിക്കിലെ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിക്കപ്പെട്ടതിലും കൂടുതല്‍ ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ബില്ല് വ്യവസ്ഥചെയ്യുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍  പിഴ ഈടാക്കും. ക്ലിനിക് എന്ന പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധം. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നവയ്ക്ക് ഒരുവര്‍ഷത്തേക്കുള്ള താല്‍ക്കാലിക രജിസ്ട്രേഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷം മൂന്നുവര്‍ഷത്തേക്കുള്ള സ്ഥിരം രജിസ്ട്രേഷന്‍ നേടണം. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും  വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും.ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ 16 അംഗങ്ങളാണു സംസ്ഥാന കൗണ്‍സിലിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ചികില്‍സാവിഭാഗങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ജില്ലാതലങ്ങളിലുള്ള രജിസ്ട്രേഷന്‍ അതോറിറ്റിയുടെ നേതൃത്വം കലക്ടര്‍മാര്‍ക്കാണ്. അഞ്ചംഗങ്ങള്‍ ഇതിലുണ്ടാവണം. ക്ലിനിക്കുകള്‍ നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നുണ്ടോയെന്ന പരിശോധനയ്ക്ക് സ്വതന്ത്രമായ സംവിധാനവും നിയമത്തിലുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ലൈസന്‍സ് നേടാത്ത ഒരു സ്ഥാപനത്തെയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. 2010ലെ കേന്ദ്ര ക്ലിനിക്കല്‍ സ്ഥാപന ആക്റ്റിന്റെ ചുവടു പിടിച്ചാണു പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചര്‍ച്ചകളിലെ വികാരം കണക്കിലെടുത്ത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആര്‍ രാജേഷിന്റെ ഭേദഗതി അംഗീകരിക്കുകയായിരുന്നു.അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ കേടാക്കുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയെന്ന് മന്ത്രി ജി സുധാകരന്‍.  കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ ബില്ലില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിലെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണം വളരെ മനപ്പൂര്‍വം ചിലര്‍ കേടുവരുത്തുന്നതാണ്. ഉപകരണങ്ങള്‍ തന്നെ കേടാവുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. ഉപകരണങ്ങള്‍ കേടുവരുത്തുകയാണെന്ന മന്ത്രിയുടെ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് ഇതിലെ ദുരൂഹത അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെന്റിലേറ്ററിന് ചികില്‍സ നല്‍കിയിട്ടു മതി രോഗിക്ക് ചികില്‍സയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആശുപത്രികളുടെ നടത്തിപ്പ് വന്‍ വ്യവസായമായി മാറിയെന്ന് വി ഡി സതീശനും ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss