|    Feb 25 Sat, 2017 3:21 pm
FLASH NEWS

ക്ലാസ് മുറികളില്ല; പ്രിന്‍സിപ്പലിന് മുമ്പില്‍ വിദ്യാര്‍ഥിനികളുടെ കുത്തിയിരിപ്പ് സമരം

Published : 3rd November 2016 | Posted By: SMR

കായംകുളം: പഠിക്കാന്‍ ക്ലാസ് മുറികളില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിന്റെ ഓഫിസിന് മുമ്പില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥിനികളുടെ കുത്തിയിരിപ്പ് സമരം. കായംകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠനത്തിനായി വിദ്യാര്‍ഥികള്‍ തന്നെ സമര രംഗത്തുവന്നത്. നാലു ബാച്ച് വീതമുള്ള പ്ലസ് വണ്‍, പ്ലസ്ടു വിലായി 420 കുട്ടികളാണ് പഠിക്കുന്നത്. ഒരു ക്ലാസില്‍ 60 പേര്‍ വീതമാണ് പഠിക്കുന്നത്. ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും വൃത്തിയുള്ളത് ഒരുമുറി മാത്രമാണ്. ബാക്കിയുള്ളവ എല്ലാം ചോര്‍ന്നൊലിക്കുന്നതും ജീര്‍ണിച്ച് പൊളിഞ്ഞുവീഴാറായവയുമാണ്. ക്ലാസ് മുറികളിലെല്ലാം മരപ്പട്ടി ഉള്‍പ്പെടെ ജീവികളുടെ വിഹാര കേന്ദ്രങ്ങളായി മാറി. വര്‍ഷങ്ങളായി അദ്ധ്യാപകരും വിദ്യാര്‍ഥികളും ഇവയുടെ ശല്യം സഹിച്ച് കഴിയുകയാണ്. ക്ലാസ് മുറികളിലിരിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാല്‍ മരച്ചുവട്ടിലേക്ക് ക്ലാസ് മാറ്റുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. സ്‌കൂള്‍ ഗ്രൗണ്ടിലുള്ള സ്റ്റേജ്, സമീപമുള്ള ഇരുമ്പ് ഷീറ്റിട്ട ഷെഡ് എന്നിവയാണ് ഇപ്പോള്‍ ക്ലാസ്മുറികളായി ഉപയോഗിക്കുന്നത്. ഒരേ സമയം കൂടുതല്‍ ക്ലാസുകള്‍ എടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ക്ലാസ് മുടങ്ങുന്നതും നിത്യ സംഭവമാണ്.സ്‌കൂളിന്റെ ഈ ദുരവസ്ഥ വര്‍ഷങ്ങളായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു. താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കാന്‍ കഴിയുന്ന ക്ലാസ്മുറികള്‍ പോലും അടഞ്ഞുകിടക്കുകയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടുമേഞ്ഞതും കാലഹരണപ്പെട്ടതുമായ കെട്ടിടങ്ങളിലാണ് ലാബ് ഉള്‍പ്പെടെയുള്ള ക്ലാസ്മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതായി അവകാശപ്പെട്ട് നഗരസഭ രംഗത്തുവരാറുണ്ട്. മികച്ച അധ്യാപകരും മിടുക്കരായ വിദ്യാര്‍ഥികളും സ്‌കൂളിലുണ്ടായിരിക്കെ ആധുനിക വിദ്യാഭ്യാസത്തിനുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ മരപ്പട്ടിയുടെ വിസര്‍ജ്യം വീണ്  ക്ലാസ് മുറി മലീമസമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ അധ്യാപകരോടും പ്രിന്‍സിപ്പലിനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തുകയായിരുന്നു. സ്‌കൂളിലെ ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക