|    Apr 24 Tue, 2018 5:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്ലാസിക്കില്‍ ബാഴ്‌സയും ലിവര്‍പൂളും കസറി

Published : 23rd November 2015 | Posted By: SMR

മാഡ്രിഡ്/ലണ്ടന്‍/റോം/മ്യൂണിക്ക്/പാരിസ്: യൂറോപ്പില്‍ ശനിയാഴ്ച നടന്ന സോക്കര്‍ പൂരം ആവേശഭരിതമായി. സ്പാനിഷ് ലീഗിലെ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ 4-0ന് ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തകര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ അങ്കത്തില്‍ ലിവര്‍പൂള്‍ 4-1ന് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തരിപ്പണമാക്കി.
ഇറ്റാലിയന്‍ ലീഗിലെ ക്ലാസിക്കില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് 1-0ന് എസി മിലാനെ മറികടന്നപ്പോള്‍ ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് 3-1ന് ഷാല്‍ക്കെയെയും പ്രീമിയര്‍ ലീഗില്‍ ചെല്‍സി 1-0ന് നോര്‍വിച്ചിനെയും തോല്‍പ്പിച്ചു. എന്നാല്‍, ആഴ്‌സനലിനെ 1-2ന് വെസ്റ്റ്‌ബ്രോം വീഴ്ത്തി.
മാന്ത്രിക നമ്പറായി നാല്
ശനിയാഴ്ച നടന്ന പ്രധാന ഫുട്‌ബോള്‍ മല്‍സരങ്ങളുടെ സ്‌കോര്‍ അദ്ഭുതമായി. യൂറോപ്പില്‍ നടന്ന ഗ്ലാമര്‍ മാറ്റുരയ്ക്കലുകള്‍ക്കു പുറമേ ശനിയാഴ്ച ഇന്ത്യയില്‍ നടന്ന ഐഎസ്എല്ലില്‍ വരെ നാല് ഗോള്‍ മാര്‍ജിനില്‍ ടീമുകളുടെ ജയം രസകരമായി.
ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ നടന്ന നിര്‍ണായക അങ്കത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്. അതും നിലവിലെ റണ്ണേഴ്‌സപ്പുകളാണ് പല പ്രധാന ലീഗുകളിലും നാലു ഗോളിന് എതിരാളികള്‍ക്കു മുന്നില്‍ തോറ്റത് എന്നത് മറ്റൊരു സവിശേഷത കൂടിയാണ്. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സും സ്പാനിഷ് ലീഗില്‍ റയലും പ്രീമിയര്‍ ലീഗില്‍ സിറ്റിയുമായിരുന്നു കഴിഞ്ഞ തവണ റണ്ണേഴ്‌സപ്പുകളായിരുന്നത്.
സുവാറസ് ഡബിളില്‍ ബാഴ്‌സ
എല്‍ ക്ലാസിക്കോയില്‍ റയലിനെ സ്വന്തം തട്ടകത്തില്‍ നിഷ്പ്രഭമാക്കിയപ്പോള്‍ ബാഴ്‌സയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ആന്ദ്രെസ് ഇനിയേസ്റ്റയുമായിരുന്നു.
ഇരട്ട ഗോളുകള്‍ നേടിയ സൂവറാസാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയുടെ ഹീറോയായത്. 85ാം മിനിറ്റില്‍ ഇസ്‌കോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് റയലിന്റെ തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി.
റയല്‍ നടത്തിയ മികച്ചൊരു മുന്നേറ്റത്തിനു ശേഷമാണ് 11ാം മിനിറ്റില്‍ സാന്റിയാഗോ ബെര്‍നാബുവിലെ റയലിന്റെ ആരാധകരെ ഞെട്ടിച്ച് സുവാറസിലൂടെ ബാഴ്‌സ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. സെര്‍ജിയോ റോബര്‍ട്ടോ ഇടതുകാല്‍ കൊണ്ട് നല്‍കിയ മനോഹരമായ പാസ് സ്റ്റോപ് ചെയ്യാതെ സുവാറസ് റയല്‍ ഗോളി കെയ്‌ലര്‍ നവാസിന് ഒരു പഴുതും നല്‍കാതെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.
39ാം മിനിറ്റില്‍ നെയ്മറിന്റെ ഊഴമായിരുന്നു. ഇനിയേസ്റ്റ മുന്നോട്ട് നല്‍കിയ പാസ് റയല്‍ ഗോളിയുടെ ഇടയിലൂടെ നെയ്മര്‍ ഇടതു കാല്‍ കൊണ്ട് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 2-0. രണ്ടാം പകുതിയില്‍ നെയ്മറിന്റെ മനോഹരമായ മുന്നേറ്റത്തില്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും സുവാറസിന്റെ ഷോട്ട് റയല്‍ പ്രതിരോധ താരം മാര്‍സെല്ലോ വലയുടെ മുന്നില്‍ വച്ച് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു.
53ാം മിനിറ്റില്‍ ഇനിയേസ്റ്റയിലൂടെ ബാഴ്‌സ മൂന്നാം ഗോളും കണ്ടെത്തി. നെയ്മര്‍ നല്‍കിയ ഉജ്ജ്വല ബാക്ക്ഹീല്‍ പാസ് പവര്‍ ഷോട്ടിലൂടെ ഇനിയേസ്റ്റ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. 57ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി കളത്തിനു പുറത്തായിരുന്ന ബാഴ്‌സയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇവാന്‍ റാക്റ്റിക്കിനു പകരം കളത്തിലിറങ്ങി.
74ാം മിനിറ്റില്‍ സുവറാസ് മല്‍സരത്തിലെ തന്റെ രണ്ടാം ഗോളും നിറയൊഴിച്ചു. ജോര്‍ഡി ആല്‍ബ നല്‍കിയ പാസ് സുവാറസ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചിപ്പ് ചെയ്തിടുകയായിരുന്നു. മല്‍സരത്തില്‍ നാലോളം ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ബാഴ്‌സ ഗോളി ക്ലോഡിയോ ബ്രാവോയുടെ മാസ്മരിക പ്രകടനവും ഫിനിഷിങിലെ പോരായ്മകളും റയലിന് തിരിച്ചടിയാവുകയായിരുന്നു. ക്രിസ്റ്റിയാനോയുടെ രണ്ട് ഗോള്‍ നീക്കങ്ങള്‍ തടയിട്ട ബ്രാവോ കരീം ബെന്‍സെമയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ തകര്‍പ്പന്‍ സേവിലൂടെ കുത്തികയറ്റുകയും ചെയ്തിരുന്നു.
ജയത്തോടെ രണ്ടാംസ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് അകലം ആറാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്ക് സാധിച്ചു. 12 മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റോടെയാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഇത്രയും കളികളില്‍ നിന്ന് 24 പോയിന്റാണ് റയലിനുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് 2-0ന് സെവിയ്യയെയും ഡിപോര്‍ട്ടീവോ 2-0ന് സെല്‍റ്റയെയും മറികടന്നപ്പോള്‍ വലന്‍സിയ-ലാസ് പാല്‍മാസ് മല്‍സരം 1-1ന് അവസാനിച്ചു.
സിറ്റിയും ആഴ്‌സനലും വീണു; ലെയ്‌സസ്റ്റര്‍ തലപ്പത്ത്
പ്രീമിയര്‍ ലീഗില്‍ നടന്ന ക്ലാസിക്കില്‍ സ്വന്തം തട്ടകത്തില്‍ സിറ്റിയെ 1-4ന് തകര്‍ത്ത് ലിവര്‍പൂള്‍ കരുത്ത് കാട്ടിയപ്പോള്‍ സീസണില്‍ മികച്ച ഫോമിലുള്ള ആഴ്‌സനലിന് വെസ്റ്റ്‌ബ്രോമില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.
എവേ മല്‍സരത്തില്‍ ആഴ്‌സനലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്രോം തോല്‍പ്പിച്ചത്. 28ാം മിനിറ്റില്‍ ഒലിവര്‍ ജിറോഡ് നേടിയ ഗോളില്‍ മുന്നിലെത്തിയ ആഴ്‌സനലിനെ 35ാം മിനിറ്റില്‍ ജെയിംസ് മോറിസനിലൂടെ ബ്രോം മല്‍സരത്തില്‍ ഒപ്പമെത്തി. എന്നാല്‍, 40ാം മിനിറ്റില്‍ മൈക്കല്‍ അര്‍ട്ടേറ്റ വഴങ്ങിയ സെല്‍ഫ് ഗോളും 84ാം മിനിറ്റില്‍ സമനിലയ്ക്കായി പെനല്‍റ്റിയിലൂടെ ലഭിച്ച അവസരം സാന്റി കസോര്‍ല നഷ്ടപ്പെടുത്തിയതും ആഴ്‌സനലിന് ഇരുട്ടടിയായി.
അതേസമയം, പന്തടക്കത്തില്‍ മേധാവിത്വം പുലര്‍ത്തിയ സിറ്റിയെ ആക്രമണാത്മക ഫുട്‌ബോളിലൂടെ ലിവര്‍പൂള്‍ തിരിച്ചടിക്കുകയായിരുന്നു. പുതിയ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപിന് കീഴില്‍ പുത്തനുണര്‍വ് ലഭിച്ച ലിവര്‍പൂള്‍ ആദ്യപകുതിയില്‍ തന്നെ സിറ്റിക്കു മേല്‍ മൂന്നു ഗോളിന്റെ ലീഡ് നേടിയിരുന്നു. ഇതില്‍ ഒരു ഗോള്‍ ഏഴാം മിനിറ്റില്‍ സിറ്റി താരം എലിയക്വം മന്‍ഗാലയുടെ സംഭാവനയായിരുന്നു.
ഫിലിപ്പെ കോട്ടീഞ്ഞോ (23ാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ (32), മാര്‍ട്ടിന്‍ സ്‌കെര്‍ട്ടല്‍ (81) എന്നിവരാണ് റെഡ്‌സിന്റെ മറ്റു സ്‌കോറര്‍മാര്‍. സിറ്റിയുടെ ആശ്വാസ ഗോള്‍ 44ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയുടെ വകയായിരുന്നു.
ലീഗിലെ ഒന്നാംസ്ഥാനത്തിനു വേണ്ടി പോരടിച്ചിരുന്ന സിറ്റിയുടെയും ആഴ്‌സനലിന്റെയും തോല്‍വി മുതലെടുത്ത് പുതമുഖ ടീമായ ലെയ്‌സസ്റ്റര്‍ സിറ്റി വിജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. 13ാം റൗണ്ട് മല്‍സരത്തില്‍ ന്യൂകാസിലിനെയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെയ്‌സസ്റ്റര്‍ പരാജയപ്പെടുത്തിയത്. ജാമി വാര്‍ഡി (45ാം മിനിറ്റ്), ലിയോനാര്‍ഡോ ഉല്ലോവ (62), ഷിന്‍ജി ഒകസാക്കി (83) എന്നിവരാണ് ലെയ്‌സസ്റ്ററിനു വേണ്ടി സ്‌കോര്‍ ചെയ്തത്.
എന്നാല്‍, തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. സ്വന്തം തട്ടകത്തില്‍ നോര്‍വിച്ചിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി തോല്‍പ്പിച്ചത്. 64ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയാണ് ചെല്‍സിയുടെ സ്‌കോറര്‍. ഏഴു മല്‍സരങ്ങള്‍ക്കു ശേഷമാണ് കോസ്റ്റ ബ്ലൂസിനു വേണ്ടി ഗോള്‍ നേടുന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ എവര്‍ട്ടന്‍ 4-0ന് ആസ്റ്റന്‍വില്ലയെയും സ്‌റ്റോക്ക് സിറ്റി 1-0ന് സതാംപ്റ്റനെയും തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സി-ബേണ്‍മൗത്ത് മല്‍സരം 2-2ന് പിരിഞ്ഞു.
13 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റോടെയാണ് ലെയ്‌സസ്റ്റര്‍ ലീഗില്‍ തലപ്പത്തുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്ററിന് 27ഉം മൂന്നാമതുള്ള സിറ്റിക്ക് 26ഉം പോയിന്റാണുള്ളത്. സിറ്റിയെ വീഴ്ത്തിയ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെല്‍സി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ലെത്തി.
യുവന്റസിന്റെ വീരോചിത തിരിച്ചുവരവ്
സീസണിന്റെ തുടക്കത്തില്‍ തപ്പിതടഞ്ഞ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് ഓരോ മല്‍സരം കഴിയുതോറും ശക്തരായി തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ എസി മിലാനെ പരാജയപ്പെടുത്തി യുവന്റസ് ലീഗിലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു.
65ാം മിനിറ്റില്‍ പൗലോ ദ്വബാല നേടിയ ഗോളിലാണ് സ്വന്തം തട്ടകത്തില്‍ യുവന്റസ് മിലാനെതിരേ വെന്നിക്കൊടി നാട്ടിയത്. ലീഗില്‍ യുവന്റസിന്റെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. ജയത്തോടെ ഒന്നാംസ്ഥാനക്കാരായ ഫിയൊറെന്റീനയുമായുള്ള പോയിന്റ് അകലം യുവന്റസ് ആറാക്കി കുറയ്ക്കുകയും ചെയ്തു.
എന്നാല്‍, സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ മിലാന്‍ സ്ഥിരത നിലനിര്‍ത്താനാവാതെ വിഷമിക്കുകയാണ്. നിലവില്‍ ലീഗില്‍ ഏഴാമതാണ് മിലാന്‍. മറ്റൊരു കളിയില്‍ ശക്തരായ റോമയെ 2-2ന് ബൊലോഗ്‌ന പിടിച്ചുകെട്ടി. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറാനുള്ള സുവര്‍ണാവസരം റോമ പാഴാക്കുകയും ചെയ്തു.
ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും മുന്നോട്ട്
നിലവിലെ ചാപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും ലീഗ് മല്‍സരങ്ങളില്‍ കുതിപ്പ് തുടരുന്നു. ജര്‍മന്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ബയേണ്‍ 3-1ന് ഷാല്‍ക്കെയെ പരാജയപ്പെടുത്തിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 2-1ന് ലോറിയെന്റിനെ തോല്‍പ്പിച്ചു.
ബയേണിനു വേണ്ടി ഡേവിഡ് അലാബ, ജാവി മാര്‍ട്ടിനെസ്, തോമസ് മുള്ളര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു. ഇതോടെ രണ്ടാംസ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബയേണിന് സാധിച്ചു.
എന്നാല്‍, ലോറിയെന്റിനെതിരായ ജയം ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള പിഎസ്ജിക്ക് രണ്ടാമതുള്ള ലിയോണിന് മേല്‍ 13 പോയിന്റിന്റെ ആധികാരിക ലീഡ് നേടിക്കൊടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss