|    Jan 20 Fri, 2017 7:16 am
FLASH NEWS

ക്ലാപ്പടിച്ച് സുധാകരന്‍, ഷൂട്ട് ചെയ്ത് ജയരാജന്‍

Published : 7th August 2016 | Posted By: Navas Ali kn

KNR

പയ്യനൂര്‍: വെട്ടിയും കൊന്നും ബോംബെറിഞ്ഞും കണക്കുതീര്‍ക്കുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിലെ പോരുകൊഴികള്‍ ഒരേ വേദിയില്‍ ഒന്നിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമാണ് സലിം കുമാറിന്റെ പുതിയ സിനിമ കറുത്ത ജൂതന്റെ ഷൂട്ടിങ് ഉദ്ഘാടനം ചെയ്യാനായി ഒരേ വേദിയിലിരുന്നത്. കണ്ണൂര്‍ രാമന്തളി ഹൈസ്‌കൂളിലെ വേദിയിലായിരുന്നു കറുത്ത ജൂതന്‍ സിനിമയുടെ സ്വിച്ച് ഓണ്‍. സുധാകരനും ജയരാജനും ഒരേ വേദിയിലിരിക്കുന്നതു കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു. അടുത്തടുത്തായിരുന്നു ഇരുവരും ഇരുന്നത്. ആദ്യം സംസാരിക്കാന്‍ കെ സുധാകരനാണ് എത്തിയത്. ഞാനും ജയരാജനും ഒരുമിച്ചു വേദിയില്‍ വരുമോ എന്നാണ് എന്നോടു പലരും ചോദിച്ചത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല. പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. ഒന്നിച്ചിരിക്കുന്നതില്‍ ഭ്രഷ്ടൊന്നുമില്ല. ഞങ്ങള്‍ ഒരുപാട് പരിപാടികളില്‍ ഒരുമിച്ചിട്ടുണ്ട്. സലിംകുമാര്‍ എന്നോടു ചോദിച്ചു ജയരാജേട്ടന്റെ കൂടെ പങ്കെടുക്കാന്‍ തടസ്സമുണ്ടോയെന്ന്. അങ്ങനെയൊരു തടസ്സമില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞു.’ സുധാകരന്‍ പറഞ്ഞു.
തുടര്‍ന്നു എത്തിയ പി ജയരാജന്‍ സുധാകരന്റെ വാക്കുകളുടെ തുടര്‍ച്ചയായാണ് സംസാരിച്ചത്.’രാഷ്ട്രീയ നേതാക്കന്മാരെപ്പറ്റി ഇവിടെ ഒട്ടേറെ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറമാണ് യാഥാര്‍ത്ഥ്യം’ കണ്ണൂര്‍ ലോബി, കണ്ണൂര്‍ രാഷ്ട്രീയം ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന്റെയും ഇന്ത്യയുടെയും ഭാഗമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചുനില്‍ക്കേണ്ടി വരുന്നതുകൊണ്ടാണ് ഒന്നിച്ചുള്ള വേദികളില്‍ ഉണ്ടാകാതിരുന്നത്.’ അദ്ദേഹം വ്യക്തമാക്കി. ‘തമ്മില്‍ കണ്ടാല്‍ മിണ്ടാത്തത്ര ശത്രുതയൊന്നും ഞങ്ങള്‍ക്കിടയിലില്ല. വ്യത്യസ്ത നിലപാടുകളില്‍ ഉറച്ചു നിന്നിട്ടുണ്ട്. സമൂഹത്തിന്റെ നന്മക്കുവേണ്ടിയുള്ള കാര്യങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും തയ്യാറാണെന്നും’ അദ്ദേഹം വ്യക്തമാക്കി.
സലിം കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് കെ സുധാകരന്‍ ആദ്യ ടെയ്ക്കിന്റെ ക്ലാപ്പടിച്ചപ്പോള്‍ പി ജയരാജന്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. അതോടെ സിനിമയില്‍ മുഖ്യ കഥാപാത്രമായ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംഎല്‍എ സിനിമക്കു വേണ്ടി സദസ്സിനെ നോക്കി പ്രസംഗവും തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 201 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക