|    Oct 23 Mon, 2017 12:45 am
Home   >  Todays Paper  >  Page 5  >  

ക്ലസ്റ്റര്‍ പരിശീലനം : പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിച്ചു

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: അധ്യാപകര്‍ക്കുവേണ്ടി ആരംഭിച്ച ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍. സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും അവധി ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷസംഘടനയായ കെപിഎസ്ടിഎ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നത്. ഇവര്‍ പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും നടത്തി. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള അധ്യാപകര്‍ക്കായാണ് ഇന്നലെ പരിശീലനം നടന്നത്. അവധിക്കാല അധ്യാപക പരിശീലനം വഴി നേടിയ കാര്യങ്ങള്‍ ക്ലാസ്മുറികളില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാ ന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനമായും പരിശോധിച്ചത്. പഠനമികവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ക്ലസ്റ്റര്‍. ടേം മൂല്യനിര്‍ണയം, പൊതുപരീക്ഷകള്‍ എന്നിവയ്ക്ക് ചോദ്യബാങ്ക് പോര്‍ട്ടലായ സമഗ്രയെ സംബന്ധിച്ച കാര്യങ്ങളും ക്ലസ്റ്ററില്‍ ചര്‍ച്ചചെയ്തു. 21ന് ആരംഭിക്കുന്ന ഓണ പരീക്ഷ സംബന്ധിച്ച കാര്യങ്ങളും പരിശീലനത്തില്‍ പരിഗണിച്ചു. തസ്തിക നിര്‍ണയം സമയബന്ധിതമായി നടത്തി അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുകയും പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിക്കുകയും ചെയ്തതിന്റെ ഭാഗമായുണ്ടായ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലസ്റ്റര്‍ പരിശീലനം നടന്നത്. ഹൈസ്‌കൂള്‍ മേഖലയില്‍നിന്ന് 81ഉം എല്‍ പി, യുപി മേഖലകളില്‍ 86ഉം ശതമാനം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തതായാണ് ഭരണപക്ഷ അനുകൂല സംഘടനയായ കെഎസ്ടിഎയുടെ പ്രാഥമിക കണക്ക് വ്യക്തമാക്കുന്നത്. പല ജില്ലകളിലും പിഎസ്‌സി പരീക്ഷ നടക്കുന്ന സാഹചര്യമുണ്ടായിട്ടുകൂടി പതിവിലും മെച്ചപ്പെട്ട പങ്കാളിത്തമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കെഎസ്ടിഎ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍, ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന് പരിശീലനത്തോട് എതിര്‍പ്പുണ്ടെങ്കിലും പങ്കെടുത്തു. കായിക അധ്യാപകരുടെ സംഘടനാ പ്രതിനിധികള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ക്ലസ്റ്ററില്‍ പങ്കെടുത്തത്. വിവിധ വിഷയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിനോടുള്ള പ്രതിഷേധസൂചകമായാണ് ബാഡ്ജ് ധരിച്ചത്. അതേസമയം, ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചിരുന്നു. പരിശീലനത്തില്‍ പങ്കെടുക്കാത്തത് അനധികൃത അവധിയായി കണക്കാക്കും. ഹാജരാവാത്തവരുടെ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ സമാഹരിച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്കകം ഇ-മെയില്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക