|    Oct 18 Thu, 2018 8:46 am
FLASH NEWS
Home   >  Sports  >  Football  >  

ക്ലബ്ബ് ഫുടബോളിലെ മികച്ച പരിശീലകനാര്?

Published : 19th September 2017 | Posted By: ev sports


ലണ്ടന്‍: ക്ലബ് ഫുട്‌ബോളിലെ നിലവിലെ ഏറ്റവും മികച്ച താരമാരാണ്? ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ? ലോക രാജ്യങ്ങളിലെ മികച്ച കളിക്കാര്‍ പല ക്ലബ്ബുകളിലായി പരസ്പരം പോരടിക്കുമ്പോള്‍ അവരില്‍ ആരാണ് മികച്ച താരമെന്ന് കണ്ടെത്താന്‍ ആരാധകര്‍ എന്നും മല്‍സരിക്കാറുണ്ട്. എന്നാല്‍ ഫുട്‌ബോളിനെ സംബന്ധിച്ച് താരങ്ങളെപ്പോലെ തന്നെ പ്രാധാന്യം ലഭിക്കുന്നവരാണ് പരിശീലകരും. ആരാണ് നിലവിലെ ഏറ്റവും മികച്ച പരിശീലകന്‍?  ജോസ് മൊറീഞ്ഞോ, ആന്റോണിയോ കോന്റെ, പെപ് ഗാര്‍ഡിയോള, ആഴ്‌സന്‍ വെങര്‍, ജര്‍ഗന്‍ ക്ലോപ്   ഇവരില്‍ ആരാണ് മികച്ചത് ?
അവസാന 100 മല്‍സരങ്ങളെ വിലയിരുത്തി മാര്‍ക്കിടുമ്പോള്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയാണ് പരിശീലകന്‍മാരില്‍ കേമന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ചെല്‍സിയെ കിരീടത്തിലേക്കെത്തിച്ച കോന്റെ 2014 – 16 വര്‍ഷത്തില്‍ ഇറ്റാലിയന്‍ സീരിസില്‍ യുവന്റസിനും കപ്പ് നേടിക്കൊടുത്തു. അവസാന 100 മല്‍സരങ്ങളില്‍ കോന്റെയുടെ പരിശീലനത്തിന് കീഴില്‍ കളിച്ച ടീം 79 മല്‍സരങ്ങള്‍ വിജയിച്ചപ്പോള്‍ 11 മല്‍സരങ്ങള്‍ തോല്‍ക്കുകയും 10 മല്‍സരങ്ങള്‍ സമനില വഴങ്ങുകയും ചെയ്തു. 247 പോയിന്റുകളാണ് കോന്റെയുടെ അക്കൗണ്ടിലുള്ളത്.
രണ്ടാം സ്ഥാനത്തുള്ളത് ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പരിശീലകനായ മാസിമില്ലിയാനോ അല്ലെഗ്രിയാണ്. 75 മല്‍സരങ്ങള്‍ അല്ലെഗ്രിയുടെ തന്ത്രങ്ങളിലൂടെ വിജയം കണ്ടപ്പോള്‍ 12 മല്‍സരം തോല്‍ക്കുകയും 13 മല്‍സരം സമനിലയിലാവുകയും ചെയ്തു. 238 പോയിന്റുകളാണ് അല്ലെഗ്രിക്കുള്ളത്.
236 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് പരിശീലകനായ കാര്‍ലോ ആന്‍ഗലോട്ടിയാണ്. അവസാനം കളിച്ച 100 മല്‍സരങ്ങളില്‍ 74 എണ്ണത്തിലും വിജയം കണ്ടെത്തിയ അന്‍ഗലോട്ടിയുടെ കീഴില്‍ 12 മല്‍സരങ്ങള്‍ തോല്‍ക്കുകയും 14 മല്‍സരങ്ങള്‍ സമനിലയാവുകയും ചെയ്തു.
72 ജയങ്ങളോടെ 231 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. ആഴ്‌സനല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ 197 പോയിന്റുകളുമായി ആറാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ 188 പോയിന്റുകളുമായി എട്ടാം സ്ഥാനത്തുമാണുള്ളത്. അതേ സമയം ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ് പ്രമുഖ പരിശീലകരുടെ പട്ടികയിലെ അവസാന സ്ഥാനക്കാരനാണ്. 100 മല്‍സരങ്ങളില്‍ നിന്ന് 48 ജയം മാത്രമാണ് ക്ലോപിന് നേടിക്കൊടുക്കാനായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss