|    Nov 21 Wed, 2018 7:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: നെയ്യാറ്റിന്‍കരയിലെ കൊലപാതകം നടന്നിട്ട് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈഎസ്പിയെ പിടിക്കാന്‍ പോലിസിനു കഴിയാത്തത് പോലിസിലെ ഉന്നതന്മാരുടെ പിന്തുണയുള്ളതുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജില്ലാ നേതാക്കന്മാരാണ് ഹരികുമാറിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് പോലിസ് അട്ടിമറിക്കുകയാണ്. സാക്ഷികളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തെളിവു നശിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. പ്രതി ഡിവൈഎസ്പിയാണെന്ന് തെളിഞ്ഞിട്ടും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് സംശയാസ്പദമാണ്. കേസ് അട്ടിമറിക്കുന്നതിനും കാലതാമസം ഉണ്ടാക്കുന്നതിനും വേണ്ടിയാണ്. സാധാരണ കേസ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത് പ്രതി ആരാണെന്നു ലോക്കല്‍ പോലിസിന് കണ്ടെത്താ ന്‍ കഴിയാതെ വരുമ്പോഴാണ്. ഇവിടെ പ്രതി ഡിവൈഎസ്പി ഹരികുമാറാണെന്നു വ്യക്തമാവുകയും അദ്ദേഹത്തിനെതിരേ 302ാം വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം സമയമെടുത്ത് നടക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കേസ് മനപ്പൂര്‍വം വലിച്ചുനീട്ടാന്‍ വേണ്ടിയാണിത്. പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്നു കേസ് മാഞ്ഞുപോയി കഴിയുമ്പോള്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതിനു പിന്നിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡിവൈഎസ്പി പ്രതിയായ കേസ് അതേ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഫലമാണ്. കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥ ന്‍ വേണം അന്വേഷിക്കാനെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതാണെന്നും എങ്കില്‍ മാത്രമെ സത്യം പുറത്തുവരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ അഴിമതി അന്വേഷണത്തെ പൂര്‍ണമായും വന്ധീകരിച്ചിരിക്കുകയാണ്. അഴിമതിനിരോധന നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകളൊക്കെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്ന് എടുത്തുകളഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേയോ മന്ത്രിക്കെതിരേയോ ആരോപണം ഉന്നയിക്കണമെങ്കില്‍ ആ സര്‍ക്കാരിന്റെ അനുമതി വേണമെന്നതാണ് പുതിയ നിയമം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പാതകമാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഏന്തെങ്കിലും മന്ത്രിമാര്‍ക്കെതിരേയോ മുഖ്യമന്ത്രിക്കെതിരേയോ അന്വേഷണം വേണമെങ്കില്‍ ആ സര്‍ക്കാരിന്റെ അനുമതി വേണമെന്നു പറഞ്ഞാല്‍ ആ സര്‍ക്കാര്‍ അനുമതി നല്‍കുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. റഫേല്‍ ഉള്‍പ്പെടെയുള്ള ആരോപണം വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് നരേന്ദ്രമോദി ചെയ്തുവച്ചതാണിതെന്നും ഇതിനെതിരേ സുപ്രിം കോടതിയില്‍ പോയി മാറ്റം വരുത്തേണ്ട സ്ഥിതിയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ കാര്യത്തി ല്‍ ഓരോ ദിവസവും തലതിരിഞ്ഞ ഉത്തരവുകളാണ് സര്‍ക്കാ ര്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പോവുന്ന വാഹനങ്ങള്‍ക്ക് പാസ് വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാവാന്‍ പോണില്ല. ഇത് ആളുകളുടെ പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരേയുള്ള വെല്ലുവിളിയാണ്. ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss