|    Dec 17 Sun, 2017 11:48 am
FLASH NEWS

ക്രോസ് കണ്‍ട്രിയില്‍ ജേതാക്കളായി മൈലച്ചല്‍ സ്‌കൂളിലെ കൊച്ചുമിടുക്കികള്‍

Published : 30th November 2016 | Posted By: SMR

കഴക്കൂട്ടം: ഇരുപത് കുട്ടികളുമായി ജില്ലാകായിക മേളയ്‌ക്കെത്തുമ്പോള്‍ മൈലച്ചല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരോ വിദ്യാര്‍ഥികളോ നാട്ടുകാരോ ഏറെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കഷ്ടിച്ച് മൂന്ന് മാസത്തെ പരീശീലനം. പരിമിതമായ സൗകര്യങ്ങള്‍. മാറ്റുയ്‌ക്കേണ്ടത് ജിവി രാജയിലെയും സായിയിലെയും മികച്ച കായിക താരങ്ങളോട്. എന്നാല്‍ പരിമിതികളെല്ലാം മറികടന്ന് സ്‌കൂളിന് ചരിത്രത്തിലാദ്യമായി രണ്ട് മെഡലുകള്‍ സമ്മാനിച്ചു രണ്ട് കൊച്ചുമിടുക്കികള്‍. കാട്ടാക്കട സബ്ജില്ലയിലെ മൈലച്ചല്‍ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ ഏഴാം ക്ലാസുകാരി അശ്വനിയും എട്ടാംക്ലാസുകാരി അശ്വതിയും ക്രോസ് കണ്‍ട്രി എന്ന ദീര്‍ഘദൂര ഇനത്തില്‍ രണ്ട് മെഡലുകള്‍ നേടുകയായിരുന്നു. സാധാരണ കൂലിപ്പണിക്കാരുടെ മക്കളുടെ ഈ നേട്ടം അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചത് ഒരു മലയോര ഗ്രാമത്തിനാകെയാണ്. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളോട് മല്‍സരിച്ചാണ് ജി എസ് അശ്വനി വെള്ളിയും എസ് കെ അശ്വതി വെങ്കലവും നേടിയത്.  കായിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാര്‍ വിദ്യാലയത്തിന് ചെറിയ ഒരു മൈതാനം മാത്രമാണുള്ളത്. നാല് മാസം മുമ്പാണ് കായിക അധ്യാപകന്റെ തസ്തിക ഉണ്ടായത്. കായിക അധ്യാപകനായി എത്തിയ പത്മകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മല്‍സരത്തിനെത്തിയത്. ഇവരുടെ മെഡല്‍ നേട്ടം സ്‌കൂളിനും നാടിനും പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss