|    Dec 13 Thu, 2018 11:27 pm
FLASH NEWS
Home   >  Sports  >  Football  >  

ക്രൊയേഷ്യക്ക് സിംഹവേട്ട; ഫ്രാന്‍സിന്റെ ഫൈനല്‍ എതിരാളികളെ ഇന്നറിയാം

Published : 11th July 2018 | Posted By: vishnu vis

മോസ്‌കോ: റഷ്യയിലെ പുല്‍മൈതാനത്ത് 52 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വര്‍ണകപ്പെന്ന മോഹവുമായി ഹാരി കെയ്‌നും സംഘവും പടനയിച്ചെത്തുമ്പോള്‍ തടുത്തിടാന്‍ ക്രൊയേഷ്യയുടെ പടയാളികള്‍ തയ്യാര്‍.  ലോകത്തെ കാല്‍പന്തുകൊണ്ട് അടക്കി വാഴാന്‍ സെമിയില്‍ യൂറോപ്യന്‍ ശക്തികളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും മോസ്‌കോയിലെ ലുഷ്‌നിക്കി അറീനയില്‍ ഇന്നിറങ്ങുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ക്കിത് ആഘോഷ രാവ്. ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ അവരുടെ ആരാധകരുടെ മുന്നില്‍ വച്ച് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി പരീക്ഷക്ക് യോഗ്യരായപ്പോള്‍ സ്വീഡനെ 2-0ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ എതിരിടാനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ജയിച്ചാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെത്തി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ക്രൊയേഷ്യ വഴിമാറുമ്പോള്‍ ആ നേട്ടം എത്തിപ്പിടിക്കാനുള്ള തയ്യാറെടുപ്പിലാണവര്‍. മുമ്പ് 1998ല്‍ സെമി ഫൈനലിലെത്തിയതാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ജനതയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നത്. അന്ന് ആതിഥേയരായ ഫ്രാന്‍സിനോട് പരാജയപ്പെടുകയും ചെയ്തു. നാലു ലോകകപ്പുകളില്‍ സാന്നിധ്യമറിയിച്ചതില്‍ നിന്നാണ് ഇവര്‍ സെമി വരെയെത്തിയതെന്നോര്‍ക്കണം.
എന്നാല്‍ 1966ല്‍ സ്വന്തമാക്കിയ കിരീടനേട്ടത്തിന് ശേഷം  ഒരു പൊന്‍തൂവല്‍കൂടി സ്വന്തമാക്കാനുറച്ചാണ് ഇംഗ്ലണ്ടിന്റെ പടപ്പുറപ്പാട്. 24 വര്‍ഷത്തിന് ശേഷം സെമിയിലെത്തിയതാണ് ലോകകപ്പ് നേടിയ ശേഷം ഇംഗ്ലണ്ടിന്റെ മികച്ച പോരാട്ടം. ലോകകപ്പില്‍ ഇതുവരെ പരാജയമറിയാതെയാണ് ക്രൊയേഷ്യ ഇന്ന് കളത്തിലിറങ്ങുന്നതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ബെല്‍ജിയത്തോട് ഒരു ഗോളിന്റെ പരാജയം മാത്രമാണ് ഇംഗ്ലണ്ട് വഴങ്ങിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ 2014ലെ ഫൈനലിസ്റ്റുകളായ അര്‍ജന്റീനയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായ ക്രൊയേഷ്യയെ അത്ര നിസാരക്കാരായല്ല ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റും ടീം താരങ്ങളും കാണുന്നത്. പിന്നീട് ഡെന്‍മാര്‍ക്കിനെതിരായ പ്രീക്വാര്‍ട്ടറിലും റഷ്യക്കെതിരായ ക്വാര്‍ട്ടറിലും പെനല്‍റ്റി വിധി പറഞ്ഞ മല്‍സരത്തിലും ജയം ക്രൊയേഷ്യക്കായിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരവും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴിയൊരുങ്ങുകയാണെങ്കില്‍  ഒരു ടീം മൂന്ന് പെനല്‍റ്റിയിലൂടെ കടന്ന് പോകുന്ന ലോകകപ്പിലെ ആദ്യ ടീമായി ക്രൊയേഷ്യ മാറും. ടീമിന്റെ കാവല്‍ക്കാരന്‍ സുബാസിച്ചിന്റെ  എന്ന നിലയിലുള്ള അവസരോചിതമായ ഇടപെടലാണ് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ടീമിന് ജയം നേടിക്കൊടുത്തത്.
സൂപ്പര്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും മരിയോ മാന്‍സുക്കിച്ചും ടീമിനായി നിറഞ്ഞാടുമ്പോള്‍ ക്രെയേഷ്യന്‍ ടീമിന് വിജങ്ങള്‍ ഓരോന്നായി കൈവന്നു കൊണ്ടിരിക്കുകയാണ്. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റച്ചിന്റെ മേല്‍ കോച്ച് സ്ലാട്ട്‌കോ ഡാലിച്ചിന് തികഞ്ഞ ആത്മവിശ്വാസമാണ് കൈവന്നിരിക്കുന്നത്. റാക്കിറ്റിച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയാണ് താരം കടന്നു പോകുന്നതെന്നാണ് ടീം കോച്ച് ഡാലിച്ച് താരത്തെ പുകഴ്ത്തി പറഞ്ഞത്. അവസാനം കളിച്ച ഒമ്പത് മല്‍സരങ്ങളിലും ഒരു ഗോള്‍ എങ്കിലും നേടാതെ ക്രൊയേഷ്യന്‍ ടീം മൈതാനം വിട്ടിട്ടില്ല.
എന്നാല്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഇംഗ്ലീഷ് വല കാക്കുന്നതില്‍ അവിശ്വസനീയമായ പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സ് കവര്‍ന്ന ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡ് കൂടി ഇംഗ്ലണ്ട് നിരയില്‍ ഫോം കണ്ടെത്തിയതോടെ ഇന്ന് ഇംഗ്ലണ്ട് ഫൈനല്‍ കാണുമെന്നാണ് വിലയിരുത്തല്‍. മുന്നേറ്റ നിരയില്‍ നായകന്‍ ഹാരി കെയ്ന്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ കൂട്ടിന് റഹീം സ്റ്റെര്‍ലിങും ജെസ്സി ലിംഗാര്‍ഡും ജാമി വാര്‍ഡിയും മികച്ച ഒത്തിണക്കം പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. കെയ്ന്‍ സ്വന്തമാക്കിയ പകുതി ഗോളുകളും മുന്നേറ്റത്തിലെ കൂട്ടുകെട്ടിലൂടെ പിറന്നതാണ്. എന്നിരുന്നാലും പരിക്കുകളൊന്നും ഇംഗ്ലീഷ് താരങ്ങളെ അലട്ടിയിട്ടില്ലെന്നതിനാല്‍ ആദ്യ ഇലവനില്‍ ആരെയെല്ലാം ഇറക്കുമെന്ന് കാത്തിരുന്ന് കാണണം. ഓരോ മല്‍സരങ്ങളിലും വ്യത്യസ്ത ടീമുകളെ ഇറക്കിയാണ് കോച്ച് സൗത്ത്‌ഗേറ്റ് കളി മെനഞ്ഞത്. അറ്റാക്കിങിലാണ് ഇംഗ്ലണ്ട് ഉദിച്ചുനില്‍ക്കുന്നത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയ 11 ഗോളുകളില്‍ എട്ടെണ്ണവും സെറ്റ് പീസില്‍ നിന്നാണെന്നത് ടീമിന്റെ അറ്റാക്കിങ് മിടുക്ക് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. മുമ്പ് 1966ല്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയ ഈ നേട്ടത്തിന് ശേഷം ഈ ലോകകപ്പിലൂടെ ഇംഗ്ലണ്ടും ഈ സ്ഥാനത്തെത്തി. എന്നാല്‍ ക്രൊയേഷ്യ വഴങ്ങിയ മൂക്കാല്‍ ഭാഗം ഗോളുകളും സെറ്റ്പീസില്‍ നിന്നാണെന്നുള്ളതിനാല്‍ ഇംഗ്ലണ്ടിന്റെ വിജയസാധ്യതയ്ക്ക് മാറ്റ് കൂടുന്നു. അതേസമയം, മികച്ച മുന്നേറ്റ താരങ്ങള്‍ ഉണ്ടായിട്ടും ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റുന്നനതിലെ പിഴവാണ് കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും ഇംഗ്ലണ്ടിന് ശനിദശയായി നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് മല്‍സരങ്ങളിലും 15 തവണയാണ് എതില്‍ വല ലക്ഷ്യമായി പന്ത് ചലിച്ചതെങ്കില്‍ അവസാന മൂന്ന് കളികളില്‍ ആറ് ഷോട്ടുകളാണ് വല ലക്ഷ്യമായി പാഞ്ഞത്.മെസ്സിയെ ഗ്രൂപ്പ് സ്റ്റേജില്‍ നിറഞ്ഞാടാന്‍ സമ്മതിക്കാതെ പൂട്ടിയിട്ട അതേ തന്ത്രം ഹാരി കെയ്‌നെതിരേയും പയറ്റാന്‍ ക്രൊയേഷ്യന്‍ കോച്ച് മുന്നോട്ടുവയ്ക്കുമെന്നാണ് സൂചനകള്‍ ബോധിപ്പിക്കുന്നത്. കെയിന്‍ കഴിഞ്ഞാല്‍ ക്രൊയേ ഷ്യന്‍ ടീം മുന്നേറ്റത്തില്‍ പേടിക്കുന്നത് റഹീം സ്റ്റെര്‍ലിങിനെയാണ്. താരത്തിന്റെ വേഗതയാര്‍ന്ന മുന്നേറ്റം ക്രൊയേഷ്യയ്ക്ക് വന്‍ ആഘാതമുണ്ടാക്കുമെന്ന് കോച്ച് ഡാലിച്ചിന് നന്നായി അറിയാം. എന്നാല്‍ മറുവശത്ത് റാക്കിറ്റിച്ചും മാത്തിയോ കൊവാച്ചിച്ചും ലൂക്കാ മോഡ്രിച്ചും ബ്രോസോവിച്ചും ഉള്‍പ്പെടുന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെയാണ് ഇംഗ്ലണ്ട് ഭയക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss