|    Nov 14 Wed, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഒമ്പതുമാസംജുനൈദിന്റെ കുടുംബം നീതിക്കായി പൊരുതുന്നു

Published : 25th March 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അലീമുദ്ദീന്‍ അ ന്‍സാരിയുടെ കൊലയാളികളായ ഹിന്ദുത്വര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച രാംഗഡ് അതിവേഗ കോടതി വിധി സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ടു. 2017 ജൂണ്‍ 29നാണ്  അന്‍സാരിയെ ബിജെപി നേതാവുള്‍പ്പെടെയുള്ള ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. ഒമ്പതുമാസത്തിനകമുണ്ടായ വിധി ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പുനസ്ഥാപിക്കുന്നതിന് ഇടയാക്കും.
ഈ ശുഭപ്രതീക്ഷ പങ്കുവയ്ക്കാന്‍ തല്‍ക്കാലം ഫരീദാബാദിലെ ഖാന്‍ദവ്‌ലി ഗ്രാമത്തിലെ ജലാലുദ്ദീന്‍ ഖാനും കുടുംബവും ഒപ്പമില്ല. ജലാലുദ്ദീന്‍ ഖാനെ ഏറെപേര്‍ക്കും അറിയില്ല. എന്നാല്‍, മകനെ അറിയും. ഹിന്ദുത്വരുടെ പീഡനമേറ്റു മരിച്ച 16കാരനായ മദ്‌റസാ വിദ്യാര്‍ഥി ശഹീദ് ഹാഫിദ് ജുനൈദിന്റെ പിതാവാണ് ജലാലുദ്ദീന്‍. 2017 ജൂണ്‍ 22ന്് ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ഡല്‍ഹി-മഥുര തീവണ്ടിയില്‍ വരുകയായിരുന്ന ജുനൈദിനെ ഒരു കാരണവുമില്ലാതെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ജലാലുദ്ദീനും ഭാര്യ സൈറാബാനുവും ഏഴു മക്കളുമടങ്ങുന്ന ഇടത്തരം കുടുംബം. 30 വര്‍ഷത്തോളമായി ജലാലുദ്ദീന്‍ ടാക്‌സി ഓടിക്കുകയായിരുന്നു. മകന്റെ അപ്രതീക്ഷിത ദാരുണാന്ത്യം മൂലം ഇന്ന് അവശനാണ്. ഈയിടെ കണ്ട മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞു: സര്‍വശക്തനില്‍ വിശ്വാസം നഷ്ടപ്പെട്ടുകൂടെന്ന് ഞാന്‍ സ്വയം ഉപദേശിക്കാറുണ്ട്്.
ജുനൈദിന്റെ സഹോദരങ്ങളായ ഹാഷിമും ഖാസിമും സൂറത്തിലെ മദ്‌റസ വിദ്യാര്‍ഥികളാണ്. ഈദ് അവധിക്ക് വീട്ടിലെത്തിയ ഇരുവരും ട്രെയിനില്‍ ജൂനൈദിനൊപ്പമുണ്ടായിരുന്നു. ഹാഷിമിന് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഗ്രാമത്തിലെ ഏഴ് മസ്ജിദില്‍ ഒന്നില്‍ ഹാഷിമിന് ഇമാമായി വഖ്ഫ് ബോര്‍ഡ് നിയമനം നല്‍കി. 20കാരന്‍ ഖാസിമും സാധാരണ നിലയിലേക്കു തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. സൂറത്തിലെ മദ്‌റസയിലേക്ക് പിന്നീടു പോയിട്ടില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം വേണം. ഭാവിയില്‍ എന്താണു വരുന്നതെന്ന് നോക്കട്ടെ, എന്നിട്ടു പഠനം തുടരുന്ന കാര്യം തീരുമാനിക്കാമെന്നാണ് ഖാസിമിന്റെ തീരുമാനം.
ഉമ്മ സൈറാബാനുവിന് വീട്ടിലെ ഓരോ മുറിയും കോണിപ്പടികളും ജുനൈദിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. പ്രിയപ്പെട്ട മോന്‍ അവിടെയുണ്ടെന്ന തോന്നല്‍. ജുനൈദ് ഓടിക്കളിച്ച ഓര്‍മകള്‍ അവരെ വിട്ടുമാറുന്നേയില്ല.
നിഷ്‌കളങ്കനായ ബാലന്റെ കൊലപാതക വിവരം പുറത്തുവന്നതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധമുയര്‍ന്നു. അധികം വൈകാതെ കുറ്റാരോപിതരായ ആറുപേരെയും പോലിസ് പിടികൂടി. അതൊരു അടവുമാത്രമായിരുന്നു. രോഷം തണുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് പില്‍ക്കാല നീക്കങ്ങള്‍ വ്യക്തമാക്കി. കേസ് ദുര്‍ബലമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശ്രമം നടക്കുന്നതായി ജലാലുദ്ദീന്‍ തുറന്നുപറയുന്നു.
നിരവധി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും ജുനൈദിന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നു. പൗരസമൂഹം ആ കുടുംബത്തിന്റെ ദുഃഖം പങ്കുവച്ചു. സഹായവാഗ്ദാനം നല്‍കിയവരില്‍ ആത്മാര്‍ഥതയുള്ളവരോട് കൈകോര്‍ക്കുന്നതിന് ജലാലുദ്ദീനായില്ല. അതോടെ, തുടരുന്ന പോരാട്ടത്തില്‍ കുടുംബം തനിച്ചായി. നീതിതേടുന്ന കുടുംബത്തിന് ഉറ്റവരില്‍നിന്നുപോലും വേണ്ടത്ര പിന്തുണയും സഹകരണവും ലഭിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ച അഭിമുഖം വ്യക്തമാക്കുന്നു.
പ്രതികളെ പിടികൂടി രണ്ടുമാസം കഴിഞ്ഞ് പോലിസ് കുറ്റപത്രം നല്‍കിയെങ്കിലും കലാപശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. അതോടെ ആറില്‍ നാലു പ്രതികളും ജാമ്യം കിട്ടി പുറത്തിറങ്ങി. ഇനി അവരുടെ മുന്നിലൂടെ വേണം ജലാലുദ്ദീനും കുടുംബത്തിനും കേസിന്റെ കാര്യങ്ങളുമായി മുന്നോട്ടുനീങ്ങാന്‍.
അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും ഫരീദാബാദ് കോടതിയിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ജലാലുദ്ദീന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ സംസ്ഥാന പോലിസ് നല്ലനിലയില്‍ കേസന്വേഷണം നടത്തുന്നുണ്ടെന്ന സിബിഐ നിലപാട് അംഗീകരിച്ച് സിംഗിള്‍ ബെഞ്ച് ഹരജി തള്ളി. ഇതേ നിലപാട് ഡിവിഷന്‍ ബെഞ്ചും സ്വീകരിച്ചു.
ഇതോടെ അന്വേഷണത്തിലും വിചാരണാവേളയിലുമുണ്ടായ അട്ടിമറിനീക്കങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ജലാലുദ്ദീന്‍ സുപ്രിംകോടതിയിലെത്തി. സംസ്ഥാന സര്‍ക്കാരും പോലിസും സംഭവത്തെ വെറും തീവണ്ടിയിലെ സീറ്റ് തര്‍ക്കം മാത്രമായി ഒതുക്കാനാണു ശ്രമിച്ചത്. മതസ്പര്‍ധ വളര്‍ത്തല്‍, നിയമവിരുദ്ധമായി സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളൊന്നും പോലിസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണയ്ക്കിടെ കേസിലെ മുഖ്യപ്രതി നരേഷ് കുമാറിന്റെ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശിക് സഹായിച്ച സംഭവം വിവാദമായിരുന്നു. ഫരീദാബാദ് കോടതിയിലെ വിചാരണാ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് മാര്‍ച്ച് 19ന് തിങ്കളാഴ്ച ഉത്തരവിട്ട സുപ്രിംകോടതി കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധമായി സിബിഐക്കും ഹരിയാന സര്‍ക്കാരിനും നോട്ടീസയച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എം ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചില്‍ നിന്നു നീതിലഭിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബം.
50കാരനായ ജലാലുദ്ദീന്‍ പ്രായത്തിലേറെ അവശനാണെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു. തങ്ങളുടെ സ്വന്തമെന്ന് കരുതിയിരുന്നവര്‍പോലും എതിരാണ്. അക്രമികളെ രക്ഷപ്പെടുത്താനാണ് എല്ലാവരുടെയും താല്‍പര്യം. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് നാലുതവണ കൂടിയിരുന്നു. ജലാലുദ്ദീനെ വിളിെച്ചങ്കിലും അദ്ദേഹം പങ്കെടുത്തില്ല. എല്ലാവരും കൂടി നിര്‍ബന്ധിക്കുമ്പോള്‍ അതിനു വഴങ്ങുകയല്ലാതെ മറ്റു വഴിയുണ്ടാവില്ല. ഗ്രാമവാസികളിലേറെയും കോടതിക്കു പുറത്ത് പ്രശ്്‌നം പരിഹരിക്കുന്നതിന് അനുകൂലമാണ്. അവരെല്ലാം ഒന്നാണ്. പോലിസ്, ഭരണകൂടം, സര്‍ക്കാര്‍- എല്ലാവരും നിയമവിരുദ്ധ പ്രവൃത്തികളില്‍ പങ്കാളികളാണ്. പ്രതികളെ കവചമൊരുക്കി സംരക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എല്ലാവരും ചേര്‍ന്ന്് ഞങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു- ജലാലുദ്ദീന്‍ തുറന്നടിക്കുന്നു.
ജലാലുദ്ദീന് രണ്ട് ആവശ്യങ്ങള്‍ മാത്രമേ മുന്നില്‍വയ്ക്കാനുള്ളു. ഒന്ന്, സ്വതന്തമായ അന്വേഷണം വേണം. രണ്ട്, പ്രതികളുടെ മേല്‍ ഒഴിവാക്കിയ കുറ്റങ്ങള്‍ വീണ്ടും ചുമത്തണം. സുപ്രിംകോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ജുനൈദിന്റെ കുടുംബം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss