|    Oct 18 Thu, 2018 2:46 am
FLASH NEWS

ക്രൂരപീഡനത്തിന്റെ കഥ പറയുന്ന ‘ഘര്‍വാപസി’ കേന്ദ്രങ്ങള്‍

Published : 26th October 2017 | Posted By: G.A.G

തയ്യാറാക്കിയത്: നഹാസ്
ആബിദീന്‍ നെട്ടൂര്‍
ഏകോപനം: എംടിപി റഫീക്ക്

മതം മാറിയവരും മിശ്രവിവാഹിതരുമായ ഹിന്ദു പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് ക്രൂരപീഡനത്തിലൂടെ ഘര്‍വാപ്പസി നടത്തുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ പൂര്‍ണമായും ഇനിയും പുറത്തുവന്നിട്ടില്ല. വയനാട്ടിലും തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തരത്തിലുള്ള കേന്ദ്രങ്ങള്‍ സംഘപരിവാരത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. 65 പെണ്‍കുട്ടികളെ തടവിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി തൃപ്പൂണിത്തുറയിലെ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ ശ്വേതാ ഹരിദാസ് വെളിപ്പെടുത്തിയതോടെയാണു യോഗാ കേന്ദ്രത്തില്‍ നടക്കുന്ന യഥാര്‍ഥ സംഭവവികാസങ്ങളെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

മറ്റു മതങ്ങളിലേക്കു മാറിയ ഹിന്ദു പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാന്‍ എന്ന പേരിലാണു യോഗാ കേന്ദ്രവും ആര്‍ഷ വിദ്യാ സമാജവും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവരെ തിരിച്ചു പൂര്‍വമതത്തിലേക്കു കൊണ്ടുവരുന്നതു ഭീഷണിയിലൂടെയും കൊടിയ മര്‍ദനങ്ങളിലൂടെയും ആണെന്നാണു ശ്വേതയുടെ വാക്കുകളിലൂടെ വ്യക്തമായത്. നടത്തിപ്പുകാരനായ കെ ആര്‍ മനോജ് ആണ് പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടികളില്‍ പലരും ലൈംഗിക പീഡനത്തിന് ഇരയായതായും യുവതി വെളിപ്പെടുത്തിയിരുന്നു. ഒപ്പം വര്‍ഷങ്ങളായി ആര്‍എസ്എസ് നടത്തുന്ന ‘ലൗ ജിഹാദ്’ ആരോപണങ്ങളുടെയും ഏറ്റവും പുതിയ ഐഎസ് റിക്രൂട്ട്‌മെന്റ് കഥകളുടെയും പൊള്ളത്തരം കൂടിയാണ് തുറന്നുകാട്ടപ്പെട്ടത്.

1999 ജൂണില്‍ ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് ഗ്രാമത്തിലാണു മനോജിന്റെ നേതൃത്വത്തില്‍ മനീഷ സാംസ്‌കാരിക വേദി എന്ന കൂട്ടായ്മ തുടങ്ങുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്ര ബൗദ്ധിക വിദ്യാഭ്യാസത്തിനുമായിരുന്നു ഈ കേന്ദ്രം ആരംഭിച്ചത്. പ്രദേശത്തെ ഏതാനും ചെറുപ്പക്കാരെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തിയായിരുന്നു മനീഷ സാംസ്‌കാരിക വേദിയുടെ രൂപീകരണം.

ആദ്യകാലങ്ങളില്‍ യോഗ ഉണ്ടായിരുന്നില്ല. ഇതര മതങ്ങളോടു വെറുപ്പും വിദ്വേഷവും ഉണ്ടാകത്തക്കവണ്ണമുള്ള ക്ലാസുകളായിരുന്നു പ്രധാനമായും നല്‍കിയിരുന്നത്.
ഖുര്‍ആനിലും ബൈബിളിലുമൊക്കെയുള്ള ചില വചനങ്ങള്‍ മാത്രമെടുത്തു ദുര്‍വ്യാഖ്യാനിച്ചായിരുന്നു ഇയാള്‍ ശിഷ്യരില്‍ മതവിദ്വേഷം കുത്തിവച്ചിരുന്നത്. അന്ന് ഒപ്പമുണ്ടായിരുന്നവരില്‍ പലരും ഇന്നും കൂടെയുണ്ട്. സ്ഥാപനം വളര്‍ന്നപ്പോള്‍ സ്ത്രീകളുടെ സാന്നിധ്യം ആവശ്യമാണെന്ന് ഇയാളും പ്രധാന ശിഷ്യനും ആവശ്യപ്പെടുകയും കൂടെയുള്ള പുരുഷന്‍മാരുടെ സഹോദരിമാരെ ഇവിടേക്കു കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. മനോജിനെ വിശ്വാസമില്ലാത്തതിനാല്‍ പലരും അതിനു തയ്യാറായില്ല. എന്നാല്‍, മൂന്നുനാലു പേര്‍ സഹോദരിമാരെ ഇവിടേക്കു കൊണ്ടുവരികയും ചെയ്തു.

യുവതികള്‍ എത്തിയതോടെ ക്ലാസ് കേള്‍ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടി. പരിശീലകരാക്കാം, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവസരമുണ്ടാക്കാം എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ കൊടുത്താണു പെണ്‍കുട്ടികളെ ആകര്‍ഷിച്ചത്. യോഗ പഠിക്കാനെത്തുന്നവരോടു മനോജിന് ദിവ്യശക്തിയുണ്ടെന്നു പറഞ്ഞു പരത്തുകയായിരുന്നു ശിഷ്യരുടെ മറ്റൊരു ജോലി.

പ്രവചന സിദ്ധിയുണ്ടെന്നും പറഞ്ഞകാര്യങ്ങള്‍ നടക്കുമെന്നുമൊക്കെ പറയുന്നതോടെ ഇയാളുടെ ദിവ്യശക്തിയില്‍ വിശ്വസിച്ചു നിരവധി പേര്‍ ഇവിടേക്കെത്തിയിരുന്നു. സ്ഥാപനം തുടങ്ങി മൂന്നു വര്‍ഷത്തിനിടെ 200ഓളം പേര്‍ ഇയാളുടെ ക്ലാസ് കേള്‍ക്കാന്‍ എത്താറുണ്ടായിരുന്നു.
‘വിജ്ഞാനഭാരതി’ എന്ന പേരില്‍ ഒരു മാസികയും ഇയാള്‍ ഇറക്കി. സന്ദര്‍ശകരില്‍ നിന്നും ശിഷ്യരില്‍ നിന്നുമൊക്കെ വന്‍ തുക പിരിച്ചായിരുന്നു മാസികയ്ക്കുള്ള ചെലവു കണ്ടെത്തിയിരുന്നത്.

എന്നാല്‍ രണ്ടു വര്‍ഷം മാത്രമേ ഈ മാസികയ്ക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.  മാസികയുടെ പേരില്‍ പലരോടും പണം വാങ്ങിയതു തിരികെ കൊടുത്തില്ലെന്നുള്ള ആരോപണവും നിലനില്‍ക്കുന്നു. തുടര്‍ന്നാണു ശിവശക്തി യോഗാ കേന്ദ്രത്തിന്റെയും ആര്‍ഷ വിദ്യാസമാജത്തിന്റെയും പിറവി. 2003ല്‍ മനീഷ സാസ്‌കാരിക വേദി പെരുമ്പളത്തു നിന്നു ശിവശക്തി യോഗാ കേന്ദ്രം എന്ന പേരില്‍ മറ്റു പല സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പൂച്ചാക്കല്‍ പാണാവള്ളി, അരൂക്കുറ്റി, കോട്ടയം ജില്ലയിലെ വൈക്കം, എറണാകുളം ജില്ലയിലെ എരൂര്‍, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, കണ്ടനാട് എന്നിവിടങ്ങളിലാണു മനോജ് ശിവശക്തി യോഗാ കേന്ദ്രം ആരംഭിച്ചത്. നേരത്തെ കൂടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷന്‍മാരുമടക്കമുള്ള ശിഷ്യരെ ഇവിടങ്ങളിലേക്കു വിന്യസിക്കുകയും ചെയ്തു.
മതംമാറുന്നവരും മിശ്രവിവാഹിതരുമായ ഹിന്ദു പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയുടെ മറയായിരുന്നു യോഗാ കേന്ദ്രം. പല സ്ഥലങ്ങളില്‍ നിന്നായി ആളുകളെ എത്തിക്കാന്‍ സംഘപരിവാര  സംഘടനകളുടെ സഹായം ലഭിച്ചതോടെ കേന്ദ്രം വളര്‍ന്നു. അങ്ങനെയാണ് ഏതാനും വര്‍ഷം മുമ്പ് മനോജ് പുതിയകാവില്‍ ആര്‍ഷവിദ്യാസമാജം സ്ഥാപിച്ചത്. ഇതിനകം തന്നെ ഇവിടത്തെ പീഡനം സഹിക്കാനാവാതെ കണ്ണൂര്‍ സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു.

ഏറെ വൈകാതെ ‘മനോജ് ഗുരുജി’യായി സ്വയം വാഴ്ത്തുകയും മറ്റുള്ളവരോട് അങ്ങനെ വിളിക്കാനാവശ്യപ്പെടുകയുമായിരുന്നു.
ആര്‍ഷവിദ്യാസമാജം കണ്ടനാട്ടിലേക്കു മാറ്റിസ്ഥാപിച്ച ശേഷം വിവിധയിടങ്ങളിലുള്ള ശിവശക്തി യോഗാ കേന്ദ്രങ്ങളിലെ ആസ്ഥാനമായിട്ട് ഇതിനെ മാറ്റി. യോഗാ കേന്ദ്രവും ആര്‍ഷവിദ്യാസമാജവും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണു മനോജ് പെരുമ്പളം പൂര്‍ണമായും ഉപേക്ഷിച്ചു പോന്നത്.

 

രണ്ടാം ഭാഗം :
പീഡനങ്ങള്‍ക്കു നാട്ടുകാര്‍ സാക്ഷികള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss