|    Mar 19 Mon, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിസ്റ്റ്യാനോക്കരുത്തില്‍ റയല്‍; ബാഴ്‌സയ്ക്ക് സമനില, ബയേണ്‍ വീണു

Published : 21st November 2016 | Posted By: SMR

മാഡ്രിഡ്/ ബെര്‍ലിന്‍/ ലണ്ടന്‍: യൂറോപ്യന്‍ ലീഗില്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതായിരുന്നു. ക്രിസ്റ്റി ഹാട്രിക്കോടെ കസറിയപ്പോള്‍ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ 3-0നു കെട്ടുകെട്ടിച്ചു.
എന്നാല്‍ മറ്റൊരു സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയെ മാലഗ ഗോള്‍രഹിതമായി പിടിച്ചുകെട്ടി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ എന്നിവര്‍ ജയത്തോടെ മുന്നേറിയപ്പോള്‍ ലിവര്‍പൂളിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
സിറ്റി 2-1നു ക്രിസ്റ്റല്‍ പാലസിനെ യും ടോട്ടനം 3-2നു വെസ്റ്റ്ഹാമിനെയും തോല്‍പ്പിച്ചു. ലിവര്‍പൂളിനെ സതാംപ്റ്റനാണ് ഗോള്‍രഹിതമായി കുരുക്കിയത്.  നിലവിലെ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് വീണ്ടുമൊരു പരാജയം കൂടി നേരിട്ടു.
ജര്‍മന്‍ ലീഗിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ബൊറൂസ്യ ഡോട്മുണ്ട് കൊമ്പുകുത്തിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോട്മുണ്ടിന്റെ വിജയം.
ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസ് ജയത്തോടെ ഒന്നാംസ്ഥാനം ഒന്നുകൂടി ഭദ്രമാക്കി. പെസ്‌കാറയെ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. നാപ്പോളി 2-1ന് ഉഡിനെസിനേ മറികടന്നു.
ക്രിസ്റ്റ്യാനോ ഹാട്രിക് @ 39
കരിയറിലെ 39ാമത് ഹാട്രിക് നേടിയ ക്രിസ്റ്റിയാനോയുടെ ഒറ്റയാന്‍ പ്രകടനമാണ് അത്‌ലറ്റികോയ്‌ക്കെതിരേ റയലിന് അനായാസ വിജയം സമ്മാനിച്ചത്. 23, 71, 77 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം.
23ാം മിനിറ്റില്‍ തന്റെ ട്രേഡ്മാര്‍ക്കായ തകര്‍പ്പ ന്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു ക്രിസ്റ്റിയുടെ ആദ്യഗോള്‍. 71ാം മിനിറ്റില്‍, തന്നെ ബോക്‌സിനുള്ളി ല്‍ അത്‌ലറ്റികോ താരം സ്‌റ്റെഫാന്‍ സാവിച്ച് ഫൗ ള്‍ ചെയ്തതിനെത്തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഗോളാക്കി ക്രിസ്റ്റിയാനോ സ്‌കോര്‍ 2-0 ആക്കി.
ആറു മിനിറ്റിനകം താരം തന്റെ ഹാട്രിക്കും പൂ ര്‍ത്തിയാക്കി. മിന്നല്‍ നീക്കത്തിനൊടുവില്‍ ഗരെത് ബേല്‍ നല്‍കിയ ക്രോസ് ക്രിസ്റ്റിയാനോ ആറു വാര അകലെ നിന്നു വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. അതേസമയം, പനിയെത്തുടര്‍ന്ന് മെസ്സി പുറത്തിരുന്ന മല്‍സരത്തില്‍ മാലഗയ്‌ക്കെതിരേ ബാഴ്‌സയ്ക്ക് ജയം പിടിച്ചെടുക്കാനായില്ല. കളിയിലുടനീളം ബാഴ്‌സയ്ക്കായിരുന്നു ആധിപത്യമെങ്കിലും ഇവ ഗോളുകളാക്കി മാറ്റാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. 12 മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റോടെ റയലാണ് ലീഗില്‍ തലപ്പത്ത്. 26 പോയിന്റുമായി ബാഴ്‌സ രണ്ടാമതുണ്ട്.
ഡബിളുമായി യായാ ടൂറെയുടെ തിരിച്ചുവരവ്
മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ യായാ ടൂറെ ഇരട്ടഗോളോടെയാണ് ആഘോഷിച്ചത്. പാലസിനെ സിറ്റി 2-1നു തോല്‍പ്പിച്ച കളിയില്‍ രണ്ടു ഗോളും ടൂറെയുടെ വകയായിരുന്നു.
അതേസമയം, വെസ്റ്റ്ഹാമിനെതിരേ 1-2നു പിന്നില്‍ നിന്ന ശേഷമാണ് അവസാന രണ്ടു മിനിറ്റിനിടെ രണ്ടു തവണ വലുകുലുക്കി ടോട്ടനം 3-2 ന്റെ ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കിയത്. ഇരട്ടഗോള്‍ നേടിയ ഹാരി കെയ്‌നാണ് സ്പര്‍സിന്റെ ഹീറോ. 27 പോയിന്റ് വീതം നേടി ലിവര്‍പൂളും സിറ്റിയുമാണ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഓബമെയാങ് ഗോളില്‍ ഡോട്മുണ്ട് നേടി
ജര്‍മന്‍ ലീഗിലെ ക്ലാസിക്കെന്നു വിലയിരുത്തപ്പെടുന്ന ബയേണ്‍-ഡോട്മുണ്ട് പോരില്‍ പിയറെ എമെറിക് ഓബമെയാങിന്റെ ഗോളാണ് ഡോട്മുണ്ടിനു ജയം നേടിക്കൊടുത്തത്. 11ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍.
27 പോയിന്റുമായി അരങ്ങേറ്റക്കാരായ ലെയ്പ്‌സിഗാണ് ലീഗില്‍ തലപ്പത്തുള്ളത്. മൂന്നു പോയി ന്റ് പിറകിലായി ബയേണാണ് രണ്ടാംസ്ഥാനത്ത്. 21 പോയിന്റുള്ള ഡോട്മുണ്ടിനാണ് മൂന്നാംസ്ഥാനം.
പിടികൊടുക്കാതെ യുവന്റസ്
എതിരാളികള്‍ക്കു പിടികൊടുക്കാതെ ഒരിക്ക ല്‍ക്കൂടി ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് കുതിക്കുകയാണ്. പെസ്‌കാറയ്‌ക്കെതിരേ സമി ഖെദിറ, മ രിയോ മാന്‍ഡ്യുകിച്ച്, ഹെര്‍ണാനസ് എന്നിവരാണ് യുവന്റസ് സ്‌കോറര്‍മാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss