|    Sep 22 Sat, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ക്രിസ്മസ് തലേന്നാള്‍ അറിയാം ദുരന്തത്തിന്റെ ആഴം

Published : 20th December 2017 | Posted By: kasim kzm

സി കെ ഷാനു

ഞങ്ങള്‍ കാത്തിരിക്കുന്നു, തുറയുടെ ആഘോഷത്തില്‍ പങ്കുചേരാന്‍ അവരെത്തും- നിറഞ്ഞ പ്രതീക്ഷയുണ്ട് പൂന്തുറയിലെ ബിനുവിന്റെ വാക്കുകളില്‍. സഹോദരിയുടെ ഭര്‍ത്താവ് പൂന്തുറ കടപ്പുറത്തെ പിസി 32ല്‍ മോസസിന്റെ തിരിച്ചുവരവായിരുന്നു പ്രതീക്ഷയോടെ തേജസ് പ്രതിനിധികളോട് ബിനു പറഞ്ഞത്. ദുരന്തത്തിന്റെ ആഴം കൃത്യമായി അറിയാന്‍ ക്രിസ്മസ് തലേന്നാള്‍ ആവണമെന്നാണ് തീരം മുഴുവന്‍ പറയുന്നത്. ഇനിയും എത്താനുള്ളവര്‍ തങ്ങളുടെ ഉപജീവനത്തിനായി ഈ നിമിഷവും ആഴക്കടലില്‍ കാറ്റിനോടും കോളിനോടും മല്ലടിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. അത്യാഹിതം സംഭവിച്ചുകാണില്ലേയെന്ന ചോദ്യത്തിന് ഇല്ലയെന്നു തന്നെയാണ് മറുപടി. ധൈര്യം ഏറെയുള്ളവരെന്ന് നമുക്ക് അവരെ വിശേഷിപ്പിക്കാമെങ്കിലും അവരില്‍ ചിലര്‍ക്കും സംഭവിക്കാന്‍ പോകുന്നതെന്തെന്നതു സംബന്ധിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട്. ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തങ്ങളുടെ ഉറ്റവര്‍ ഓര്‍മയായെന്ന് അവര്‍ സമ്മതിക്കുന്നില്ല. കടല്‍ ക്ഷുഭിതമായ സമയങ്ങളില്‍ അവര്‍ കടലില്‍ ആര്‍ത്തലച്ച തിരമാലകള്‍ക്കു മുന്നില്‍ ജീവിക്കാന്‍ വേണ്ടി തുഴയെറിഞ്ഞവരാണ്. എവിടെയാണെങ്കിലും അവര്‍ തിരിച്ചെത്തും. പള്ളിപ്പെരുന്നാളിനും ക്രിസ്മസിനും അവര്‍ കൂടും. ആ ആഘോഷത്തിന് അതിരുകളില്ല. ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ക്രിസ്മസ് രാവുകളും. അതുകൊണ്ടുതന്നെ അന്ന് അവര്‍ക്ക് എത്തിയേ മതിയാവൂ- ബിനു പറയുന്നു. തീരത്തിന്റെ വിശ്വാസം എല്ലാ തീരത്തും ഒന്നുതന്നെ. വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോഴും കേള്‍ക്കേണ്ടിവന്നത് ഇതുതന്നെയാണ്. ചെറുവള്ളങ്ങളി ല്‍ ദിനേന പോവുന്നവര്‍ക്കു പുറമേ ആഴ്ചകളും മാസവും കടന്നു പുറംകടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണ് ഈ തുറകളില്‍. 2016ലെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 42 മല്‍സ്യത്തുറകളുള്ള തിരുവനന്തപുരം കടലോരത്ത് 1,68,701 ആണ് തീരദേശ ജനസംഖ്യ. ഇതില്‍ മല്‍സ്യബന്ധനത്തിനു നിത്യവും പോകുന്നവരാണ് 49,762 പേരും. ഇവരില്‍ എത്ര പേര്‍ ഓഖി കലിതുള്ളിയപ്പോള്‍ കടലില്‍ പോയെന്ന വ്യക്തമായ കണക്ക് ഇതുവരെയും സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലഭ്യമായിട്ടില്ല. അങ്ങനെയെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കും. തമിഴ്‌നാട്ടില്‍ നിന്ന് ആഴക്കടലിലേക്ക് പോവുന്ന ബോട്ടുകളില്‍ ജോലി ചെയ്യുന്നവരും ദുരന്തം കൂടുതല്‍ ആഘാതം ഏല്‍പിച്ച വിഴിഞ്ഞം, പൂന്തുറ, പൂവാര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഒന്നര മാസം വരെയാണ് ഇത്തരത്തില്‍ പോകുന്ന ബോട്ടുകള്‍ മല്‍സ്യബന്ധനവുമായി ആഴക്കടലില്‍ തങ്ങുന്നത്. മല്‍സ്യബന്ധനത്തിനു ശേഷം വിശേഷദിവസത്തിനു കരയില്‍ എത്താനുള്ള പാകത്തില്‍ പോവുകയാണ് പതിവ്. ഇത്തരത്തില്‍ നൂറുകണക്കിനു ബോട്ടുകള്‍ ആഴക്കടലിലുണ്ട്. അങ്ങനെയെങ്കില്‍ തീരം കാത്തിരിക്കുന്ന അവര്‍ തിരിച്ചെത്തുന്ന വിശേഷദിവസമാണ് വരുന്ന ക്രിസ്മസ്. എത്ര ദൂരെ പോയാലും ക്രിസ്മസ് തലേന്ന് എന്തു വില കൊടുത്തും കരയിലേക്ക് എത്തുമെന്ന് വിഴിഞ്ഞം സ്വദേശി ജെറോണും പറയുന്നു. ഈ വര്‍ഷത്തെ അവസാന ആഘോഷദിവസത്തില്‍ ദുരന്തത്തിന്റെ ആഴം വര്‍ധിക്കരുതെന്നാണ് തീരം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഉറ്റവര്‍ വന്നണയുമെന്ന പ്രാര്‍ഥനയാണ് തീരത്തെ വീടുകളില്‍ ഉയരുന്നത്. അവര്‍ തിരിച്ചെത്തിയാല്‍ മാത്രമേ ദുരന്തത്തിന്റെ യഥാര്‍ഥ മുഖം കാണാനാവൂ. അതേസമയം, തീരദേശത്തിന്റെ ഉയിരെടുത്ത ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം വിട്ടൊഴിയും മുമ്പേ ഭീതി ഉള്ളിലൊതുക്കി മല്‍സ്യത്തൊഴിലാളികള്‍ വീണ്ടും ആഴക്കടലിലേക്ക് പോയിത്തുടങ്ങി. കൈയില്‍ പണമില്ലാതായതോടെ പട്ടിണിയും പ്രയാസങ്ങളുമേറിയതാണ് വീണ്ടും തുഴയെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. പൊഴിയൂര്‍ മുതല്‍ പെരുമാതുറ തീരം വരെയുള്ളവരാണ് മീ ന്‍പിടിത്തത്തിനായി പോയത്. സാധാരണ 45 കിലോമീറ്റര്‍ വരെ ഉള്‍ക്കടലിലേക്ക് പോയിരുന്നവര്‍ ഇപ്പോള്‍ 10 കിലോമീറ്ററിനുള്ളിലാണ് പോയി തിരികെ വരുന്നത്. ഏകോപനം: എച്ച് സുധീര്‍(നാളെ: എല്ലാവരും ആശ്വസിപ്പിച്ചു മടങ്ങും; ആര്‍ക്കും ആളെ തരാനാവില്ലല്ലോ)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss