|    Feb 19 Mon, 2018 7:39 am
FLASH NEWS

ക്രിസ്മസ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എത്തിക്കും: മന്ത്രി

Published : 18th December 2017 | Posted By: kasim kzm

കോട്ടയം: ക്രിസ്മസ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് പൊതുജനങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഈ വര്‍ഷത്തെ ജില്ലാ ക്രിസ്മസ് ഫെയര്‍ കോട്ടയം സപ്ലൈകോ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വില കുതിച്ചു കയറുന്നു എന്ന പ്രയോഗം ശരിയല്ല. ജിഎസ്ടി നടപ്പാക്കിയതു മുതല്‍ അരി വില കൂടിയെന്ന പ്രചാരണം ഉണ്ട്. എന്നാല്‍ ഇതു സൂപ്പര്‍ മാര്‍ക്കറ്റിലും ഹൈപ്പര്‍ മാര്‍ക്കറ്റിലുമാണ്. പായ്ക്ക് ചെയ്തു വരുമ്പോള്‍ ജിഎസ്ടി ഉള്‍ക്കൊള്ളുന്ന വിലയുടെ മുകളില്‍ കൂടിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയ നിരവധി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ നിന്ന് എത്തുന്ന ജയ ബ്രാന്‍ഡ് അരിയാണ് പൊതുവെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ആന്ധ്ര അരിയെ കൂടുതല്‍ ആശ്രയിക്കാതെ മറ്റു ബ്രാന്‍ഡുകളും വിപണിയില്‍ ഇറക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്. നെല്ലിന്റെ താങ്ങുവില കേന്ദ്രം വര്‍ധിപ്പിച്ചപ്പോള്‍ നഷ്ടം സഹിച്ചു പോലും സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെട്ടു. നാളികേര ഉല്‍പ്പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ വില വര്‍ധിച്ചു. കര്‍ഷകരില്‍ നിന്ന് 230 രൂപയ്ക്ക് വെളിച്ചെണ്ണ എടുത്ത് 90 രൂപയ്ക്കാണ് സര്‍ക്കാര്‍ വിപണിയില്‍ എത്തിച്ചത്. ആറു കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സപ്ലൈകോയ്ക്ക് ഉണ്ടായത്. പഞ്ചസാര വില പൊതു വിപണിയില്‍ 43 രൂപ എത്തിയപ്പോള്‍ സബ്‌സിഡി നിരക്കില്‍ 22 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. 150 കോടി രൂപയുടെ സബ്‌സിഡി കൊണ്ട് 440 കോടി രൂപയുടെ ആനുകൂല്യമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ചെറുപയറടക്കം പരിപ്പു വര്‍ഗങ്ങള്‍ക്കു വില കുറച്ചു. 135 രൂപയായ വറ്റല്‍ മുളക് 60 രൂപയ്ക്ക് നല്‍കി.ഉള്ളി വില  കുറയ്ക്കുവാന്‍ ചെയ്യേണ്ട നടപടികളെക്കുറിച്ച് കൃഷി വകുപ്പുമായി ചേര്‍ന്ന് സപ്ലൈകോ ആലോചിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഡോ. പി ആര്‍ സോന ആദ്യ വില്‍പന നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ഗോപന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ പി ശ്രീലത സംസാരിച്ചു. 24 വരെയാണ് ക്രിസ്തുമസ് ഫെയര്‍ നടക്കുക. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഓണക്കാലത്ത് സപ്ലൈകോ സംഘടിപ്പിച്ച  ‘ഓണം സമ്മാന മഴ’ പദ്ധതിയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss