|    Mar 23 Thu, 2017 3:32 am
FLASH NEWS

ക്രിമിനല്‍ സംഘങ്ങളുടെ ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍

Published : 17th March 2017 | Posted By: fsq

കെ എന്‍ നവാസ് അലി

പീഡനക്കേസുകളിലെ ഇരകളെ സംരക്ഷിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിച്ചു ശിക്ഷിക്കുകയുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ പ്രധാന കടമ. ഇതി ല്‍ നിന്നെല്ലാം വ്യതിചലിച്ച് സിഡബ്ല്യൂസികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘമായി അധഃപതിക്കും. കേസ് ഒതുക്കിത്തീര്‍ക്കുകയും അതിനു കഴിയില്ലെങ്കില്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്ന ഇടനിലക്കാരുടെ റോളിലാണ് അവരുടെ പ്രവര്‍ത്തനം. മിക്ക സിഡബ്ല്യൂസികളിലും അഭിഭാഷകര്‍ അംഗങ്ങളാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഒത്തുതീര്‍പ്പിന് ഇരകളെ നിര്‍ബന്ധിക്കുന്നതും ഇവരാണ്. പലപ്പോഴും പ്രതിഭാഗം അഭിഭാഷകരോട് ചേര്‍ന്നാണ് സിഡബ്ല്യൂസി അംഗങ്ങളായ അഭിഭാഷകരുടെ പ്രവര്‍ത്തനം. കേസ് പണം വാങ്ങി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം വിജയിക്കുന്നില്ലെങ്കില്‍ പിന്നെ പ്രതിഭാഗം അഭിഭാഷകനെ മുന്നില്‍ നിര്‍ത്തിയാണ് കരുനീക്കുക. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് പ്രതിയില്‍ നിന്നു നഷ്ടപരിഹാരം വാങ്ങിത്തരാമെന്നും കേസില്‍ നിന്ന് ഒഴിവാകുകയാണ് നല്ലതെന്നും പറയുന്ന സിഡബ്ല്യൂസി അംഗങ്ങളാണ് ഏറെയുമുള്ളത്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും പറയാനുണ്ട്. സാധാരണ രീതിയില്‍ ഒരു പീഡനക്കേസ് കോടതിയിലെത്തിയാല്‍ അതില്‍ വിധി പറയുന്നതിന് നാലോ അഞ്ചോ വര്‍ഷം വേണ്ടിവരും. ഇത്രയും കാലം പ്രതികള്‍ ജാമ്യത്തിലിറങ്ങി പുറത്തു നടക്കുന്ന അവസ്ഥയുണ്ടാവും. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും അഭിഭാഷകര്‍ മുഖേന സ്വാധീനിക്കുന്നതിന് ഈ കാലയളവ് ധാരാളം. വിചാരണവേളയില്‍ ഇര മൊഴി മാറ്റിപ്പറയുന്നതോടെ പ്രതിക്ക് ഒരു പരിക്കുമേല്‍ക്കാതെ പുറത്തിറങ്ങാന്‍ കഴിയും. നേരത്തേ പരാമര്‍ശിച്ച ആദിവാസി ബാലികയുടെ കേസില്‍ പ്രതികള്‍ക്കെതിരേ വാദിക്കേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെയാണ് പണം നല്‍കി കേസ്  ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടത്തിയത്. സിഡബ്ല്യൂസി അംഗങ്ങളുടെ പ്രത്യക്ഷ പിന്തുണയും ഇതിനുണ്ടായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ‘അതിനായി ഉള്ളവളാണ്’ എന്ന അപകടകരമായ ധാരണ പുലര്‍ത്തുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരും കേരളത്തിലുണ്ട്. പീഡിപ്പിക്കപ്പെട്ട ബാലികയോട് സംസാരിച്ച സിഡബ്ല്യൂസി ചെയര്‍പേഴ്‌സന്‍ മോശം പരാമര്‍ശം നടത്തിയെന്ന് കുട്ടിയുടെ മാതാവ് ഈ ലേഖകനോട് വെളിപ്പെടുത്തി. സംഭവം അവര്‍ പുറത്ത് അറിയിക്കാതിരുന്നതിനാല്‍ വലിയ വിവാദമൊന്നും ഉണ്ടായില്ല. പീഡിപ്പിക്കപ്പെട്ട മറ്റൊരു ബാലികയെ ചൂണ്ടിക്കാട്ടി ‘ഇവളെ കണ്ടാല്‍ ആര്‍ക്കാണ് തോന്നാത്തത്’ എന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചെകിടത്ത് പൊട്ടിക്കാന്‍ തോന്നി എന്നാണ് അവിടെയുണ്ടായിരുന്ന ഒരു വനിതാ ജീവനക്കാരി പറഞ്ഞത്. പീഡിപ്പിക്കപ്പെട്ടവരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതുപോലും അങ്ങേയറ്റം അനുകമ്പയോടെ വേണമെന്നിരിക്കെയാണ് അധികാരത്തിന്റെ ഹുങ്കില്‍ ഇരകളുടെ അഭിമാനം ചവിട്ടിമെതിക്കുന്ന ഇത്തരം സമീപനങ്ങള്‍ സിഡബ്ല്യൂസി അധികൃതരില്‍ നിന്നുണ്ടാവുന്നത്. തങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരുമില്ലെന്ന അത്യന്തം അപകടകരമായ ധാരണയിലാണ് മിക്ക സിഡബ്ല്യൂസികളുടെയും പ്രവര്‍ത്തനം. അര്‍ധ ജുഡീഷ്യല്‍ സ്ഥാപനം എന്ന പദവിയുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്കെതിരേ പരാതിപ്പെടാന്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികളൊന്നും തയ്യാറാവുന്നുമില്ല. അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായതിനാല്‍ ഇവയുടെ തീരുമാനം ജില്ലാ കോടതികളിലേ ചോദ്യം ചെയ്യാനാവൂ. സിഡബ്ല്യൂസികളുടെ കൊള്ളരുതായ്മകളെ കുറിച്ച് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് എത്ര വേണമെങ്കിലും പറയാനുണ്ട്. എന്നാല്‍, അവര്‍ക്കെതിരേ കോടതിയെ സമീപിക്കുന്നതിന് ഈ ഏജന്‍സികള്‍ക്ക് പരിമിതിയുണ്ട്. മുമ്പ് കോഴിക്കോട് ജില്ലയിലെ മുക്കം ഓര്‍ഫനേജിലേക്ക് കൊണ്ടുവന്ന ഉത്തരേന്ത്യക്കാരായ 450ലധികം കുട്ടികളെ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചതും മനുഷ്യക്കടത്തെന്ന പേരില്‍ അനാഥാലയത്തെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയതും വിവാദമായപ്പോള്‍ മെക്ക സംസ്ഥാന പ്രസിഡന്റ് എം അലിയാര്‍ കുട്ടി ന്യൂനപക്ഷ കമ്മീഷനു പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സിഡബ്ല്യൂസികളെയും പിരിച്ചുവിടണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുക്കം മുസ്‌ലിം ഓര്‍ഫനേജിലേക്കു കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാന്‍ മുന്നില്‍ നിന്നത് പാലക്കാട് സിഡബ്ല്യൂസി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍, കമ്മീഷന്‍ അംഗം വി പി കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന്‍ എന്നിവരായിരുന്നു. സംഭവം നടന്ന് ഏറെ കഴിയും മുമ്പുതന്നെ പാലക്കാട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാലക്കാട് സിഡബ്ല്യൂസി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ ശ്രമിച്ചത് പുറത്തുവന്നു. മതപരമായ പരിഗണനകളോടെ വിഷയത്തില്‍ ഇടപെടുന്നതിന്റെ ഉദാഹരണമായിരുന്നു പാലക്കാട് സിഡബ്ല്യൂസിയില്‍ നിന്നുണ്ടായ ഇടപെടല്‍. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത് വയനാട് സിഡബ്ല്യൂസി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും കമ്മിറ്റിയിലെ അംഗമായ കന്യാസ്ത്രീയുമായിരുന്നു. സിഡബ്ല്യൂസിക്കു മുന്നിലെത്തുന്ന കേസുകളില്‍ മതപരമായ താല്‍പര്യങ്ങളോടെ ചിലരെ പ്രതികളാക്കുകയും അതേസമയം പ്രതികളായ ചിലരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് ബാലനീതി നിയമത്തെത്തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണ്.    സിഡബ്ല്യൂസികളെ നിയന്ത്രിക്കേണ്ട ചുമതല സര്‍ക്കാരിനു തന്നെയാണ്. സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്താന്‍  തയ്യാറായിട്ടില്ലെങ്കില്‍ അത്തരം ക്രിമിനലുകള്‍ക്കെതിരേ ജനം പ്രതികരിക്കുന്ന കാലം വിദൂരമാവില്ല.                   (അവസാനിച്ചു)

(Visited 114 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക