|    May 27 Sat, 2017 12:43 am
FLASH NEWS

‘ക്രിമിനലുകളായ ജനപ്രതിനിധികളെ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണം’

Published : 21st March 2017 | Posted By: fsq

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ജീവിതാവസാനം വരെ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ക്കും ജഡ്ജിമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ നിലപാട് അറിയിക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് ആറു വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതു ജീവിതകാലം മുഴുവന്‍ ആക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതയും പരമാവധി പ്രായം സംബന്ധിച്ചും പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ പ്രതിചേര്‍ക്കപ്പെടുന്ന കേസുകളില്‍ അതിവേഗ വിചാരണ ആവശ്യമാണെന്ന് അറിയിച്ച കമ്മീഷന്‍, ജനാധിപത്യ രംഗം സംശുദ്ധമാക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുന്നതായും അറിയിച്ചു. അശ്വിനി കുമാറിന്റെ ഹരജിക്കു പുറമേ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ജെ എം ലിങ്‌ദോ, സര്‍ക്കാരിതര സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളും കോടതിയുടെ മുമ്പാകെയുണ്ട്. ഇവയെല്ലാം വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. ജുഡീഷ്യറിയില്‍ ഉള്ളവര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യാനായി പ്രത്യേക സംവിധാനം വേണമെന്നായിരുന്നു അശ്വിനി കുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നിയമത്തിനു മുന്നില്‍ ഭാഷ-മത-ദേശ-ജാതിവ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ 14ാം വകുപ്പ്,  വിവേചനത്തെ നിരോധിക്കുന്ന ഭരണഘടനയുടെ 15ാം വകുപ്പ്, പൊതുജോലിക്കുള്ള അവസരസമത്വത്തെ കുറിച്ചു പറയുന്ന 16ാം വകുപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളെയും ജുഡീഷ്യറിയിലുള്ളവരെയും വിചാരണ ചെയ്യാനായി പ്രത്യേക സംവിധാനം വേണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day