|    Oct 22 Mon, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ക്രിക്കറ്റ് നിയമങ്ങളില്‍ പൊളിച്ചെഴുത്തുമായി ഐസിസി

Published : 27th September 2017 | Posted By: fsq

 

ദുബായ്: ക്രിക്കറ്റ് നിയമങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍വരുത്താനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ നടക്കുന്ന നാലാം ഏകദിനം മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പില്‍ വരാനാണ് സാധ്യത. ബാറ്റിലും ഡിആര്‍എസിലും കളിക്കളത്തിലെ പെരുമാറ്റ ചട്ടങ്ങളിലുമാണ് ഐസിസി പ്രധാനമായും ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്.കളിക്കളത്തില്‍ മാന്യമായ പെരുമാറ്റം നടത്താത്ത താരങ്ങളെ പുറത്താക്കാനുള്ള അധികാരം ഇനി മുതല്‍ അംപയര്‍ക്കുണ്ടാവും. അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയോ അനാവശ്യമായി കയര്‍ക്കുകയോ മറ്റ് താരങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്താല്‍ ഐസിസി നിയമാവലിയിലെ ലെവല്‍ ഫോര്‍ ഒഫെന്‍സ് പ്രകാരം താരത്തെ മല്‍സരത്തില്‍ നിന്ന് അംപയര്‍ക്ക് പുറത്താക്കാം. അതുപോലെ ഒരു ബൗളര്‍ മനപൂര്‍വം നോ ബോള്‍ എറിഞ്ഞതായി കണ്ടെത്തിയാല്‍ ആ ബൗളറെ ആ മല്‍സരത്തില്‍ നിന്നോ ഇന്നിങ്‌സില്‍ നിന്നോ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് പൂര്‍ണമായും വിലക്കാനും അംപയര്‍ക്ക് അധികാരമുണ്ടാവും.താരങ്ങളുടെ ബാറ്റിന്റെ അളവിലും പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. ബാറ്റിന്റെ വീതി 108 മില്ലി മീറ്ററും ആഴം 67 മില്ലി മീറ്ററും ബാറ്റിന്റ താഴ്‌വശം 40 മില്ലി മീറ്ററുമായാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് താരം ജോയ് റൂട്ട് എന്നിവരുടെ ബാറ്റില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഐസിസിയുടെ നിര്‍ദേശ പ്രകാരം മാറ്റം വരുത്തിയിരുന്നു. എന്നാല്‍ എംഎസ് ധോണി, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പുതിയ നിയമ പ്രകാരം ബാറ്റില്‍ മാറ്റം വരുത്തേണ്ടി വരും.ടെസ്റ്റ് ക്രിക്കറ്റിലെ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലും (ഡിആര്‍എസ്) ഐസിസി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു ഇന്നിങ്‌സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരമുണ്ടാവില്ല. 80 ഓവര്‍ വരെ രണ്ട് ഡിആര്‍എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല. അടുത്ത് ആരംഭിക്കുന്ന ബംഗ്ലാദേശ് – ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ – ശ്രീലങ്ക ടെസ്റ്റ് പരമ്പരകളിലാവും പുത്തന്‍ ഡിആര്‍എസ് രീതി പ്രാബല്യത്തില്‍ വരിക. ഇനി മുതല്‍ ട്വന്റിയിലും ഡിആര്‍എസിന് അവസരം ഉണ്ടാവും.റണ്ണൗട്ടിലും ക്യാച്ചിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. റണ്ണിനായുള്ള ഓട്ടത്തില്‍ ക്രീസീലേക്ക് ഡൈവ് ചെയ്യുന്ന ബാറ്റ്‌സ്മാന്റെ ബാറ്റ് ക്രീസിലെത്തിയിട്ടും ശരീരം ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ എതിര്‍ ടീം കുറ്റി തെറിപ്പിച്ചാല്‍ ഇനി മുതല്‍ ഔട്ടായി പരിഗണിക്കില്ല. അതേ സമയം വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റംപ് ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കും. റണ്‍സിനായി ഓടുന്ന ബാറ്റ്‌സ്മാനെ തടയുന്നതോ തടസം സൃഷ്ടിക്കുന്നതോ ആയ ഏതൊരു പ്രവര്‍ത്തിയ്ക്കും പിഴ നല്‍കേണ്ടിവരും. കൂടാതെ  ബൗണ്ടറി തടയുമ്പോള്‍ ഫീല്‍ഡറുടെ ആദ്യ ടച്ച് ബൗണ്ടറി റോപ്പിന് അകത്തായിരിക്കണം. ബൗണ്ടറി റോപ്പിന് പുറത്ത് എയറില്‍ നിന്ന് പന്ത് തടുത്തിട്ടാലും അത് ബൗണ്ടറിയായി പരിഗണിക്കും.   ബെയില്‍സിന്റെ കാര്യത്തിലും ഐസിസി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിക്കറ്റിന് മുകളില്‍ വയ്ക്കുന്ന ബെയില്‍സ് കയര്‍ പോലെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം. ബെയില്‍സ് കൊണ്ട് വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss