ക്രിക്കറ്റിനെ നേര്‍വഴിക്ക് നയിക്കാന്‍ സുപ്രിംകോടതി
Published : 4th January 2017 | Posted By: fsq
ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാത്ത ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് സിങ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും പുറത്താക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെ ക്രിക്കറ്റ് പ്രേമികള്‍ സ്വാഗതം ചെയ്യുന്നത് ഇന്ത്യയില്‍ ക്രിക്കറ്റ് കളിയുടെ വളര്‍ച്ചയ്ക്കും കൡയില്‍ സുതാര്യത ഉറപ്പുവരുത്തുന്ന നടപടികള്‍ക്കും അതു വഴിവയ്ക്കുമെന്ന പ്രത്യാശമൂലമാണ്. ലോധ കമ്മിറ്റിയെ നിയോഗിച്ചതും പ്രസ്തുത കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതും ബിസിസിഐയ്ക്ക് സുതാര്യതയും കണക്കു പറയാനുള്ള ബാധ്യതയുമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന നിലപാടാണ് സുപ്രിംകോടതിയുടേത്. ബിസിസിഐ ഈ സമീപനത്തെ വിലവച്ചില്ലെന്നു മാത്രമല്ല, ക്രിക്കറ്റ് രംഗത്ത് വരുത്താന്‍ കോടതി ഉദ്ദേശിച്ച പരിഷ്കാരങ്ങളെ തുരങ്കംവയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണുണ്ടായത്. വ്യാജരേഖകള്‍ സമര്‍പ്പിക്കാന്‍ പോലും അനുരാഗ് ഠാക്കൂറിന് മടിയുണ്ടായില്ല. അതിന് കനത്ത വിലയാണ് അദ്ദേഹം നല്‍കേണ്ടിവന്നത്. വഞ്ചനക്കുറ്റത്തിനും കോടതിയലക്ഷ്യത്തിനുമുള്ള നിയമനടപടികള്‍ അദ്ദേഹം നേരിടുകയാണ്. ബിസിസിഐയുടെ മേല്‍ സുപ്രിംകോടതി അനുശാസിച്ചിട്ടുള്ള നിയന്ത്രണങ്ങളുടെ ചങ്ങല വീഴുമ്പോള്‍ അത് കായികരംഗത്തെ ഗ്രസിച്ചുനില്ക്കുന്ന രാഷ്ട്രീയത്തിന്റെയും പണക്കൊഴുപ്പിന്റെയും അവിഹിത സ്വാധീനങ്ങളെയാണ് വലിയൊരളവോളം ഇല്ലാതാക്കുക. ക്രിക്കറ്റില്‍ മാത്രമല്ല, മറ്റു കായികവിനോദങ്ങളിലും രാഷ്ട്രീയക്കാര്‍ക്കുള്ള സ്വാധീനം വളരെയധികമാണ്. അനുരാഗ് ഠാക്കൂര്‍ ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി പി കെ ധുമലിന്റെ മകനും ബിജെപി എംപിയുമാണ്. ശരത്പവാര്‍, സുരേഷ് കല്‍മാഡി തുടങ്ങിയ രാഷ്ട്രീയക്കാര്‍ കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും അതുവഴി കൈവശപ്പെടുത്തുന്ന നേട്ടങ്ങളും എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. നമ്മുടെ നാട്ടില്‍ കളിക്കാരുടെയും കളിയെ സ്നേഹിക്കുന്നവരുടെയും വരുതിയിലല്ല കളി. തങ്ങളുടെ അവിഹിത താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടി രാഷ്ട്രീയക്കാരും സമ്പന്നരും കായികരംഗം കൈയടക്കുന്നു. സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ സര്‍ക്കാര്‍ കുത്തിനിറയ്ക്കുന്നത് രാഷ്ട്രീയക്കാരെയാണ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനായി ഇപ്പോള്‍ അവരോധിക്കപ്പെട്ടിട്ടുള്ളത് ഒരു സിപിഎം നേതാവാണ്. അദ്ദേഹം ഒരു കായികാധ്യാപകനായിരുന്നു എന്നെങ്കിലും കരുതി നമുക്ക് സമാധാനിക്കാം. പക്ഷേ, പല സ്പോര്‍ട്സ് അസോസിയേഷനുകളുടെയും തലപ്പത്തുള്ളത് കായികവിനോദം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവരാണ്. ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോധ കമ്മിറ്റി ഒരു ശുദ്ധീകരണത്തിന് തുടക്കം കുറിച്ചു. സുപ്രിംകോടതി പണവും രാഷ്ട്രീയസ്വാധീനവും ഒഴിവാക്കി ക്രിക്കറ്റിനെ നേര്‍വഴിയിലേക്ക് നയിക്കാനുള്ള കമ്മിറ്റിയുടെ ശ്രമത്തെയാണ് പിന്തുണച്ചിട്ടുള്ളത്. കായികപ്രേമികള്‍ ഈ പ്രവൃത്തിയെ സ്വാഗതം ചെയ്യുന്നു. ഈ വഴിയിലൂടെ ഇതര കളികളും സഞ്ചരിക്കട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.