|    Jan 21 Sat, 2017 7:49 am
FLASH NEWS

ക്രഷറുകള്‍ക്ക് പവര്‍ കൂട്ടാന്‍ അനുമതി; പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംഘര്‍ഷാവസ്ഥ

Published : 8th October 2016 | Posted By: Abbasali tf

ഇരിട്ടി: അയ്യംകുന്നില്‍ ക്രഷറുകള്‍ക്ക് പവര്‍കൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത്‌കോണ്‍ഗ്രസുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്കു തള്ളിക്കയറി. സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്ന മിനുട്ട്‌സ് തട്ടിയെടുത്തത് പുറത്തേക്കെറിഞ്ഞു. ഉന്തിനും തള്ളിനുമിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയിലിന് മര്‍ദനമേറ്റതായും പരാതിയുണ്ട്. ഇന്നലെ രാവിലെ 10ഒാടെയാണ് ഭരണസമിതി യോഗം ആരംഭിച്ചത്. യോഗം തുടങ്ങി ക്രഷര്‍ സംബന്ധമായ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗം എം കെ വിനോദ് ഇറങ്ങിപ്പോയി. എല്‍ഡിഎഫ് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയപ്പോള്‍ 16 അംഗ ഭരണസമിതിയിലെ 9 യുഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ചു. ഇതിനിടെയിലാണ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹാളിലേക്കു ഇരച്ചുകയറിയത്. കരിക്കോട്ടക്കരി എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പുറത്താക്കി. ഇതിനിടെ മിനുട്‌സ് തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞെങ്കിലും പോലിസിന്റെ കൈവശം ലഭിച്ചതിനാല്‍ നഷ്ടപ്പെട്ടില്ല. വാണിയപ്പാറയിലെ ഒരു ക്രഷറി ഉടമയാണ് പവര്‍കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ സമര്‍പ്പിച്ചത്. യോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഷേധക്കാരുമായി പഞ്ചായത്ത് പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് നടന്ന യോഗത്തിലാണ് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്. വൈസ് പ്രസിഡന്റിനെ മര്‍ദ്ദിച്ചതിലും മിനുട്‌സ് തട്ടിയെടുത്തതിനും കരിക്കോട്ടക്കരി പോലിസ് കേസെടുത്തു. അതേസമയം ക്രഷറിന് പവര്‍കൂട്ടി നല്‍കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് അയ്യംകുന്ന് പഞ്ചായത്തില്‍ യൂത്ത്‌കോണ്‍ഗ്രസും പരിസ്ഥിതി പ്രവര്‍ത്തകരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപിയും സിപിഎമ്മും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക