|    Oct 22 Mon, 2018 4:27 am
FLASH NEWS

ക്രഷര്‍ പദ്ധതിക്കെതിരേ ജനകീയ പ്രതിരോധ സംഗമം

Published : 8th February 2018 | Posted By: kasim kzm

അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിലെ മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന എടത്തനാട്ടുകര  ചളവ കുറ്റിക്കാടന്‍ മലനിരയില്‍ ആരംഭിക്കാനിരിക്കുന്ന ക്വാറി ക്രഷര്‍ യൂനിറ്റിനെതിരേ നാട്ടുകാര്‍ ജനകീയ പ്രതിരോധം തീര്‍ത്തു. ചളവ ഗ്രാമത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സൈലന്റ്‌വാലി സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാടന്‍ മലനിരയിലാണ് ക്രഷര്‍ യൂനിറ്റിനായി ഏക്കറുകള്‍  ഭൂഖനനമാഫിയ കൈടക്കിയിരിക്കുന്നത്. ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭൂമിയാണ് കൈകലാകക്കയത്. നിര്‍ദിഷ്ട പ്രദേശത്ത് 60 വര്‍ഷം പഴക്കമുള്ളതും എഴുന്നൂറോളം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നതുമായ സര്‍ക്കാര്‍ യുപി സ്‌കൂളും പൊന്‍പാറയില്‍ ഒരു എല്‍പി സ്‌കൂളും ഉണ്ട്. കൂടാതെ എട്ട് ആരാധനാലയങ്ങളും മൂന്ന് അങ്കണവാടികളും  മൂന്ന് പട്ടികജാതി കോളനികളും രണ്ട് പട്ടിക വര്‍ഗ കോളനികളും രണ്ട് വായനശാലകളും ഉണ്ട്. അതീവ പരിസ്ഥിതി ലോല പ്രദേശമായ കരുവാരകുണ്ട് വില്ലേജിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള ചളവ, പൊന്‍പാറ, മൂനാടി പ്രദേശങ്ങളിലായി ആയിരത്തിലധികം വീടുകളിലായി ആറായിരത്തോളം ആളുകളും താമസിക്കുന്നുണ്ട്. നാടിനെ മൊത്തം ബാധിക്കുന്ന ഈ ഖനന പദ്ധതിക്കെതിരേ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും വിവിധ വകുപ്പുകളിലേക്കും പരാതികള്‍ അയച്ചിട്ടുണ്ട്.പ്രദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് ക്രഷര്‍ പദ്ധതിയുമായി മുന്നോട്ടു പോവുന്നതിനെതിരെ പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞദിവസം കൈയേറ്റ ഭൂമിയില്‍ കൊടികള്‍ കുത്തി. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ചും പ്രതിരോധ സംഗമവും നടന്നു.ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ഐസക് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം പി സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം  ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പാറോക്കോട്ട് റഫീഖ,  എസ്ടിയു സംസ്ഥാന സമിതി അംഗം കെ ടി ഹംസപ്പ,  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാറോക്കോട്ട് അഹമ്മദ് സുബൈര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ടി വി സെബാസ്റ്റ്യന്‍, സിപിഐ ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ചേലോക്കോടന്‍ സെയ്ത്, അഡ്വ. എ സത്യനാഥന്‍, പി ഗോപാലക്യഷ്ണന്‍, അബ്ദു മറ്റത്തൂര്‍, സി പ്രതീഷ് സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ മുസ്തഫ കമാല്‍ കൊടക്കാടന്‍, വിജേഷ് ആല്‍പ്പാറ, വി ഷൈജു, അഡ്വ. ബെന്നി അഗസ്റ്റ്യന്‍, റഫീഖ് കൊടക്കാട്ട്, അബ്ബാസ് ചേലോക്കോടന്‍,  യു ഭാസ്‌ക്കരന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss