|    May 1 Mon, 2017 2:09 am
FLASH NEWS

ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കാന്‍ നടപടി വേണം

Published : 21st April 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇതിനുള്ള സമയം അതിക്രമിച്ചെന്നും ഹൈക്കോടതി. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തു നല്‍കിയ അപ്പീലിലാണ് അന്വേഷണത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടിയത്. കേസിലെ ആറു പ്രതികളുടെ  ശിക്ഷ ശരിവച്ച ഹൈക്കോടതി 12 ാം പ്രതി കാലടി സ്വദേശി അസീസിനെ വെറുതേ വിട്ടു. ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണം കഴിവ് കെട്ടവരും സ്വാധീനത്തിന് വഴങ്ങുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍നടത്തുന്നത് അന്യായമാണ്. കുറ്റാന്വേഷണത്തിന്് പ്രത്യേക വിഭാഗം വേണമെന്ന് മുമ്പും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്രമസമാധാനപാലനം,  കുറ്റാന്വേഷണം, പോലീസ് സേനയുടെ കഴിവ് തുടങ്ങിയവ മെച്ചപ്പെടുത്താന്‍ നിരവധി നിര്‍ദേശങ്ങള്‍ മുമ്പും നല്‍കിയിട്ടുണ്ടെങ്കിലും സ്ഥിതിയില്‍ മാറ്റമില്ല.  നെല്ലിയാമ്പതി മന്ദംചോലയില്‍ കര്‍ഷകനായ ചന്ദ്രനെയും ഒപ്പം താമസിച്ചിരുന്ന തങ്കമണിയെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ പോലീസ് വീഴ്ചവരുത്തി. കൊല നടത്തിയശേഷം വിദേശത്തേക്ക് കടന്ന രണ്ടാം പ്രതിയെ രക്ഷിക്കാനായി 1992 നവംബര്‍ 11 ന് നടന്ന ഇരട്ടക്കൊലപാതകം നവംബര്‍ 27 ന് നടന്നതായാണ് പോലിസ് രേഖപ്പെടുത്തിയത്. നാട്ടുകാര്‍ രംഗത്തെത്തിയതോടെ 96 ജനുവരിയില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനും കേസില്‍ പ്രതിയായി. പോലീസിന്റെ  വിശ്വാസ്യത നശിപ്പിക്കുന്ന തരത്തിലാണ് ആദ്യത്തെ അന്വേഷണസംഘം പ്രവര്‍ത്തിച്ചത്. സമയബന്ധിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍  സേനകൂടുതല്‍ വിശ്വാസ്യത നേടാനാവുമായിരുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day