|    Apr 25 Wed, 2018 4:21 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ക്രമസമാധാനപാലനം പട്ടാളപ്പണിയല്ല

Published : 26th September 2016 | Posted By: SMR

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്

സൈന്യം അതിര്‍ത്തികാക്കാനും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ പുറത്തുനിന്നു വരുന്ന  ശത്രുക്കളെ പ്രതിരോധിക്കാനുമാണ്.  ക്രമസമാധാനപാലനം പോലിസും സംസ്ഥാന ഗവണ്‍മെന്റുകളും ഉറപ്പുവരുത്തേണ്ടതാണ്. അതു പട്ടാളത്തിന്റെ ചുമതലയാക്കി രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ മാറ്റുന്നതോടെ രാജ്യസുരക്ഷയെ അപകടപ്പെടുത്തുകയാണു ചെയ്യുന്നത്.
സൈനികമായി നേരിട്ട് ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്ന ഭരണാധികാരികള്‍ തന്നെയാണ് രാജ്യസുരക്ഷയെ തകര്‍ക്കുന്ന ഈ കാര്യങ്ങള്‍ ഒപ്പം സംഭാവനചെയ്യുന്നത്. അതിര്‍ത്തിസംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഐക്യവും വിശ്വാസവും ഉറപ്പുവരുത്തുന്നതില്‍  മാറിമാറിവരുന്ന രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നു. ജനങ്ങളുടെ ഐക്യവും പിന്തുണയുമില്ലാതെ സൈനികശക്തികൊണ്ടുമാത്രം ഭീകരാക്രമണത്തെ തോല്‍പിക്കാനാവില്ല. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ഉറിയില്‍ കണ്ടത്. അത് അവഗണിച്ചുകൂടാ.
ബലൂചിസ്താനിലടക്കം ഇതേ സ്ഥിതിഗതികള്‍ പാകിസ്താന്‍ ഭരണാധികാരികളും സൃഷ്ടിച്ചിട്ടുണ്ട്. പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഇരുവശത്തും ഭരണം നയിക്കുന്ന രാഷ്ട്രീയനേതൃത്വം ശ്രമിക്കുന്നത്.  യുഎന്‍ ജനറല്‍ അസംബ്ലിപോലുള്ള ആഗോള വേദികളില്‍ രാഷ്ട്രീയവിവാദമുയര്‍ത്താനും നയതന്ത്രനീക്കങ്ങളിലൂടെ വിജയം നേടാനുമാണ് പരസ്പരം മല്‍സരിക്കുന്നത്. ഇതിന് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളെ ഒപ്പം നിര്‍ത്താനാണു ശ്രമിക്കുന്നത്.
ഇന്ത്യക്കെതിരേ ആയുധവും ധനസഹായവും നല്‍കി പാകിസ്താനെ ‘ഭീകരരാഷ്ട്ര’മായി വളര്‍ത്തിക്കൊണ്ടുവന്നത് അമേരിക്കയാണ്. അങ്ങനെയാണ് ബിന്‍ ലാദിന്റെ സംരക്ഷണവും അവരുടേതായത്. അവരൊക്കെതന്നെയാണ് ഉറി സംഭവത്തില്‍ ഇന്ത്യയോട് അനുഭാവം പ്രകടിപ്പിക്കുന്നതും ഭീകരരെ കൈവിടാന്‍ പാകിസ്താനെ ഉപദേശിക്കുന്നതും.
92 അംഗ രാഷ്ട്രങ്ങളുള്ള യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗത്തിലൂടെ ആക്രമിച്ചും പ്രതിരോധിച്ചും പരസ്പരം മല്‍സരിക്കാന്‍ ഇന്ത്യയും പാകിസ്താനും 1957നു ശേഷം നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. ആദ്യവും അവസാനവുമായി യുഎന്‍ കശ്മീര്‍ പ്രശ്‌നം ഏറ്റെടുത്തത് 1957ലാണ്. അതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്നതാണ് അന്നുമുതലുള്ള ഇന്ത്യയുടെ നിലപാട്. അതിനുശേഷം നമ്മുടെ  അതിര്‍ത്തിയിലെ സംഘര്‍ഷം തണുത്തും ആളിപ്പടര്‍ന്നും കടന്നാക്രമണമായും തുടരാനാണ് പാകിസ്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനുള്ള പിന്തുണയും സൈനിക-സാമ്പത്തിക കരുത്തും അവര്‍ക്ക് കൊടുത്തത് അമേരിക്കയും.
ഇന്ത്യയില്‍നിന്നു വ്യത്യസ്തമായി സൈനിക മേധാവികളുടെ സമ്മര്‍ദവും അജണ്ടകളും സിവില്‍ ഭരണനേതൃത്വത്തെ പാകിസ്താനില്‍  ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു. ഇന്ത്യയിലാവട്ടെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ സൈന്യത്തെ ഭരണാധികാരികള്‍ പരോക്ഷമായി ഉപയോഗിക്കുന്നു.   സൈന്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രീതിയും പിന്തുണയും നഷ്ടപ്പെടാന്‍ ഇതിടയാക്കുന്നു. അതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അതിര്‍ത്തിസംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും അത്യാവശ്യമാണ്.  ഉറി സംഭവം അതാണു ബോധ്യപ്പെടുത്തുന്നത്.
രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ചചെയ്യാതെ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പാകിസ്താനും ഇന്ത്യയും തമ്മില്‍ രാഷ്ട്രീയതലത്തില്‍ കശ്മീര്‍പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ഭരണാധികാരികള്‍ കാണിക്കേണ്ട നയതന്ത്രവൈഭവം. അമേരിക്കയടക്കം അകലെയും അടുത്തുമുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങളിലും വിശ്വാസത്തിലും ഊന്നിക്കൊണ്ടാവരുത് നമ്മുടെ തീരുമാനം.  അതേസമയം, ഭീകരരെ സംരക്ഷിക്കുകയും സൈനികമായി നമുക്കെതിരേ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പാകിസ്താന്റെ നീക്കങ്ങളെ എതിര്‍ത്തു തോല്‍പിക്കുകയും വേണം.
അതിന് രാജ്യത്തെ ജനങ്ങളുടെ, വിശേഷിച്ചും അതിര്‍ത്തിസംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം. അത് ഉറപ്പുവരുത്താന്‍ കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഭരണഘടനയുടെ ചട്ടങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ടും പൗരാവകാശവും സ്വാതന്ത്ര്യവും വികസന ചുമതലകളും പുലര്‍ത്തിക്കൊണ്ടും നിര്‍വഹിക്കാനുള്ള ഭരണവൈഭവമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കേണ്ടത്. ഇതിലൂന്നിയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ബന്ധങ്ങളാണ് വളര്‍ന്നുവരേണ്ടത്. ഈ ലക്ഷ്യം ജനങ്ങളെ ബോധ്യപ്പെടുത്തി മറുപക്ഷത്തുനിന്നു വരുന്ന ഭീകരതയുടെയും സൈനിക ആക്രമണത്തിന്റെയും ആസുര നീക്കങ്ങളെ പ്രതിരോധിക്കാനും തകര്‍ക്കാനും കഴിയണം. ഇതിനുവേണ്ടിയാവണം നമ്മുടെ സൈനികശേഷിയെ ഉപയോഗപ്പെടുത്തേണ്ടത്.

(അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss