|    Feb 20 Mon, 2017 9:56 pm
FLASH NEWS

ക്രമവിരുദ്ധമായി 50 പേര്‍ക്ക് താല്‍ക്കാലിക നിയമനം; മേയറുടെ മുന്‍കൂര്‍ അനുമതി പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു

Published : 1st December 2016 | Posted By: SMR

തൃശൂര്‍: വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് ആവശ്യമായതിന്റെ ഇരട്ടിയോളം ജീവനക്കാര്‍ നിലനില്‍ക്കേ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ ക്രമവിരുദ്ധമായി 50 ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടുള്ള മേയറുടെ മുന്‍കൂര്‍ അനുമതി പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു.28 ലൈന്‍മാന്മാരേയും 22 വര്‍ക്കര്‍മാരേയും നിയമിച്ചുകൊണ്ടായിരുന്നു മേയര്‍ അജിത ജയരാജന്റെ നടപടി. 20/8/2015ലെ യുഡിഎഫ് കൗണ്‍സില്‍ തീരുമാനത്തിന്റെ മറവിലായിരുന്നു നിയമനം. പിഎസ്‌സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മാത്രമേ നിയമനം പാടുള്ളൂ എന്നാണ് നിയമമെങ്കിലും അതിന് വിരുദ്ധമായി 50 ജീവനക്കാരെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കാനായിരുന്നു തീരുമാനം. ഒരാള്‍ക്ക് 505 രൂപ നിരക്കില്‍ ജീവനക്കാരെ നല്‍കാനുള്ള രാജീവ് വര്‍ഗീസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് മുന്‍കൂര്‍ നിയമനത്തിന് മേയര്‍ ഉത്തരവ് നല്‍കിയിരുന്നു. അതനുസരിച്ച് നിയമനം നല്‍കുകയും ചെയ്തതാണ്.മേയറുടെ മുന്‍കൂര്‍ അനുമതികളെല്ലാം തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ വെച്ച് അംഗീകരിക്കണമെന്നാണ് ചട്ടമെങ്കിലും 10 മാസത്തിന് ശേഷം മുന്‍കൂര്‍ അനുമതി നിയമാനുസൃതം സാധൂകരിക്കുന്ന വിഷയം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കെത്തിയത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് ടെണ്ടര്‍ 16/8/2016 ലെ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗീകരിച്ച് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടതാണ്. ഫയല്‍ കൗണ്‍സില്‍ പരിഗണിക്കാന്‍ പിന്നെയും ഒമ്പതു മാസമെടുത്തു. നിയമനം ലഭിച്ചവരെല്ലാം 10 മാസമായി ജോലി ചെയ്തുവരുന്നുണ്ട്.മേയറുടെ മുന്‍കൂര്‍ തീരുമാനം അംഗീകരിക്കുന്നതിനെ പ്രതിപക്ഷ നേതാവ് അഡ്വ. എം കെ മുകുന്ദനാണ് ശക്തമായി എതിര്‍ത്തത്. ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് ലഭിച്ച പഠന റിപോര്‍ട്ട് അനുസരിച്ച് 99 ജീവനക്കാര്‍ മാത്രം മതിയെന്നിരിക്കേ 209 തസ്തികകള്‍ അംഗീകരിച്ച മുന്‍ മേയര്‍ പ്രഫ. ബിന്ദുവിന്റെ കാലത്തെ നടപടി നിയമവിരുദ്ധമാണെന്നും മുകുന്ദന്‍ പറഞ്ഞു. ജീവനക്കാര്‍ ഒരു പണിയുമില്ലാതെ വൈദ്യുതിവിഭാഗത്തില്‍ വെറുതെ കൊട്ടക്കണക്കിന് ശമ്പളം വാങ്ങി കുത്തിയിരിക്കുമ്പോള്‍ പുതിയ നിയമനങ്ങള്‍ അനാവശ്യമാണെന്നും അംഗീകരിക്കാനാകില്ലെന്നും മുകുന്ദന്‍ പറഞ്ഞു. പിഎസ്‌സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മാത്രമേ നിയമനം നടത്താവൂ എന്നിരിക്കേ കരാര്‍ നല്‍കുന്നതും ശരിയല്ല. ലെയിന്‍മാന്മാരുടേത് പ്രൊമോഷന്‍ നിയമനമായതിനാല്‍ താല്‍ക്കാലിക നിയമനം പാടില്ലാത്തതാണ്. ഭരണക്കാരുടെ ബന്ധുക്കളേയും വേണ്ടപ്പെട്ടവരേയുമാണ് താല്‍ക്കാലികമായി നിയമിച്ചിട്ടുള്ളതെന്നും മുകുന്ദന്‍ ആരോപിച്ചു. മൂന്ന് സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഒമ്പതു പേരാണ് ജോലി ചെയ്യുന്നതെന്നും, അതിനനുകൂലമായ ഹൈകോടതി വിധി പരിശോധിക്കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു. രാജന്‍ പല്ലന്‍ മേയറായിരിക്കേ ഉണ്ടായ തീരുമാനമാണ് തങ്ങള്‍ നടപ്പാക്കിയതെന്ന് ചൂണ്ടികാട്ടി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി നിയമനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു. പിഎസ്‌സി പോസ്റ്റിങ്ങ് വരുന്നതോടെ താല്‍ക്കാലികക്കാരെല്ലാം പുറത്താകുമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത്രയേറെ ജീവനക്കാര്‍ തൊഴിലില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി ഇത്രയേറെ ജീവനക്കാരെ നിയമിക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് മുഖ്യ വിഷയമെന്ന് കോണ്‍ഗ്രസിലെ ടി ആര്‍ സന്തോഷും ഫ്രാന്‍സീസ് ചാലിശ്ശേരിയും പറഞ്ഞു. യുഡിഎഫ് കാലത്ത് എടുത്ത തീരുമാനമാണെന്ന വാദം ശരിയല്ല. തീരുമാനം ശരിയല്ലെങ്കില്‍ തിരുത്തുകതന്നെ വേണമെന്നും വൈദ്യുതി വിഭാഗത്തില്‍ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച് പുനപരിശോധന നടത്തണമെന്നും ടി ആര്‍ സന്തോഷ് ആവശ്യപ്പെട്ടു.നിയമിച്ച നടപടി അംഗീകരിപ്പിക്കാന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പ്രതിപക്ഷത്തെ ശക്തമായ നിലപാടിന് വഴങ്ങി അജണ്ട തള്ളികളയാതെ മാറ്റിവെക്കാന്‍ യോഗം തീരുമാനമെടുക്കുകയായിരുന്നു.4.80 രൂപ നിരക്കില്‍ മീറ്റര്‍ റീഡിങ്ങിന് നല്‍കിയ കരാറും ടെണ്ടറും പ്രതിപക്ഷ പ്രതിഷേധത്തില്‍ തീരുമാനമെടുക്കാനാകാതെ മാറ്റിവെച്ചു. കരാറുകാരന്‍ രാജീവ് വര്‍ഗ്ഗീസിന് രാജന്‍ പല്ലന്റെ കാലത്ത് നല്‍കിയ കരാര്‍ കാലാവധി 2016 ഏപ്രിലില്‍ തീര്‍ന്നതായിരുന്നു. കരാര്‍ തുടരുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച ഇയാള്‍ നല്‍കിയ കത്ത് 22-5-2016ല്‍ ചേര്‍ന്ന മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി യോഗം അംഗീകരിച്ചതാണെങ്കിലും ആറ് മാസം പിന്നിട്ടിട്ടും കൗണ്‍സില്‍ അംഗീകാരത്തിന് വന്നിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക