|    Jun 18 Mon, 2018 10:20 pm
Home   >  Todays Paper  >  page 12  >  

ക്യൂ കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; മോഹന്‍ലാല്‍ മറന്നത് സാധാരണക്കാരന്റെ വേദന: വി ഡി സതീശന്‍

Published : 22nd November 2016 | Posted By: SMR

Mohan lal

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബ്ലോഗ് എഴുതിയ നടന്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങള്‍. മദ്യഷാപ്പിലും തിയേറ്ററിലും ആരാധനാലയങ്ങളിലും വരിനില്‍ക്കുന്ന മലയാളികള്‍ നോട്ടിന് വേണ്ടി വരിനില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഇതിനെതിരേ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ രൂക്ഷമായാണു പ്രതികരിച്ചത്.
മോദിയുടെ പിടിപ്പുകേടിന് കുടപിടിക്കുമ്പോള്‍ മോഹന്‍ലാല്‍ മറന്നത് സാധാരണക്കാരന്റെ വേദനയാണെന്നാണ് വി ഡി സതീശന്‍ എംഎല്‍എ കുറ്റപ്പെടുത്തിയത്. ജനാധിപത്യരാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്. അതുപോലെ തന്നെ ദി കംപ്ലീറ്റ് ആക്ടര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. എന്നാ ല്‍, സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോ ള്‍ അതിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതം.
ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ല. അവര്‍ കഠിനാധ്വാനം ചെയ്ത് സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍പോലെ ഇരന്നുവാങ്ങാനാണ്. ആ വരിയില്‍നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ബോട്ടിലാണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികില്‍സയ്ക്കും വിവാഹത്തിനും ആവശ്യമായ പണത്തിനു വേണ്ടി വരിനിന്ന് മരിക്കാന്‍പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
മദ്യത്തിനും സിനിമയ്ക്കും വരിനില്‍ക്കുന്നത് സ്വന്തം സന്തോഷത്തിനാണെന്നായിരുന്നു സിനിമാ സംവിധായകന്‍ എം എ നിഷാദ് മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേ എഴുതിയത്. ആ ക്യൂവല്ല, ഈ ക്യൂ മിസ്റ്റര്‍ എന്ന തലക്കെട്ടിലാണ് പ്രശസ്ത ബ്ലോഗ് എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് മോഹന്‍ലാലിനെതിരേ പ്രതികരിച്ചത്. ”ഒരു നേരത്തെ അരി വാങ്ങിക്കാന്‍, മീനും മുളകും വാങ്ങിക്കാന്‍, ഡോക്ടറെ കാണാന്‍… അങ്ങനെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കുള്ള പണത്തിനാണ് മിസ്റ്റര്‍ മോഹന്‍ലാല്‍ സാധാരണക്കാരന്‍ ക്യൂ നില്‍ക്കുന്നത്.
മദ്യം വാങ്ങാനുള്ള ക്യൂവും അരിയും സാധനങ്ങളും മരുന്നും വാങ്ങാനായി സ്വന്തം പണത്തിനുവേണ്ടിയുള്ള ക്യൂവും തിരിച്ചറിയാന്‍ കഴിയാത്തത് സാധാരണക്കാരുടെ പണം താങ്കളെ താരമാക്കിയതുകൊണ്ടാണെന്നായിരുന്നു ആക്ടിവിസ്റ്റ് മേരി ലില്ലിയുടെ പോസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss