|    Dec 17 Mon, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ക്യാപ്റ്റന്‍ പരാമര്‍ശം; നവജ്യോത് സിങ് സിദ്ദു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പഞ്ചാബ് മന്ത്രി

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ പഞ്ചാബിന്റെ ക്യാപ്റ്റനായി പരിഗണിക്കാത്ത മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന മന്ത്രിമാര്‍ രംഗത്ത്. കര്‍താര്‍പുര്‍ ഇടനാഴിയുടെ പാകിസ്താന്‍ ഭാഗത്തെ ശിലാസ്ഥാപനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാകിസ്താനില്‍ പോയത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹമാണ് തന്റെ ക്യാപ്റ്റനെന്നും പറഞ്ഞ് വിവാദത്തിലായ സിദ്ദുവിനെതിരെയാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റന്‍, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍എല്ലായിടത്തും പോവുന്നതെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നിര്‍ദേശങ്ങള്‍ എന്തുകൊണ്ടു പാലിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന്, അദ്ദേഹം ആര്‍മി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുല്‍ ഗാന്ധിയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. അമരീന്ദര്‍ സിങ് തനിക്ക് അച്ഛനെപോലെയാണെന്നും ഇതാദ്യമായല്ല അദ്ദേഹത്തെ അറിയിക്കാതെ പോവുന്നതെന്നുമായിരുന്നു സിദ്ദുവിന്റെ പ്രതികരണം. എന്നാല്‍, സിദ്ദുവിന്റെ ശരീരഭാഷ വളരെ വേദനിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണെന്നാണ് സംസ്ഥാന നഗര വികസന മന്ത്രി രജീന്ദര്‍ സിങ് ബജ്‌വ പറഞ്ഞത്. അമരീന്ദര്‍ സിങിനെ നേതാവായി കാണാന്‍ സാധിക്കുന്നില്ലെങ്കില്‍, സിദ്ദു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹത്തിന് മന്ത്രിസഭയില്‍ അംഗമായിരിക്കാന്‍ ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്യാബിനറ്റ് മന്ത്രി സുഖ്ബിന്ദര്‍ സിങ് സര്‍ക്കാരിയ, സംസ്ഥാന കായികമന്ത്രി റാണ ഗുര്‍മിത് സിങ് സോധി എന്നിവരും സിദ്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമല്ല താന്‍ പാകിസ്താനിലേക്കു പോയതെന്ന് സിദ്ദു ട്വിറ്ററില്‍ കുറിച്ചു. പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന്‍ഖാന്‍ വ്യക്തിപരമായി ക്ഷണിച്ചതിനാലാണു കര്‍താര്‍പുര്‍ സിഖ് ഇടനാഴിയുടെ ശിലാസ്ഥാപനത്തില്‍ പങ്കെടുത്തതെന്നാണ് സിദ്ദുവിന്റെ പ്രതികരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss