|    Sep 22 Sat, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്യാംപ് വിട്ടവര്‍ അതിജീവനത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തില്‍

Published : 29th August 2018 | Posted By: kasim kzm

നിഷാദ് എം ബഷീര്‍

കോട്ടയം: പ്രളയം വിഴുങ്ങിയപ്പോള്‍ പ്രാണരക്ഷാര്‍ഥം ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ ഉടുതുണി മാത്ര—മായി വീടുവിട്ടവരാണ് ഏറെയും. ക്യാംപുകളില്‍ നിന്ന് വീടുകളിലെത്തിയവരെ കാത്തിരുന്നത് വേദനിക്കുന്ന കാഴ്ചകളായിരുന്നു.
ഇക്കാലമത്രയും സമ്പാദിച്ചതെല്ലാം പ്രളയത്തില്‍ മുങ്ങിപ്പോയി. മടങ്ങിയെത്തിയവരുടെ കൈയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരുപൈസ പോലുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം എന്നു ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. വീടുകള്‍ പലതും നിലംപൊത്തി. ദിവസങ്ങളോളം പൂര്‍ണമായും വെള്ളത്തിലായതിനെ തുടര്‍ന്ന് പലരുടെയും വീടുകള്‍ ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്നു.
ഫ്രിഡ്ജ്, ടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗയോഗ്യമല്ലാതായി. വെള്ളപ്പാച്ചിലില്‍ വീടിന്റെ വാതിലുകള്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ പലതും ഒഴുകിപ്പോയി.
വീടുകളില്‍ ഉപജീവനമാര്‍ഗത്തിനായി ശേഖരിച്ചിരുന്ന ജീവനോപാധികളെല്ലാം വെള്ളം കൊണ്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ നാലുഭാഗവും വെള്ളത്തിലമര്‍ന്നതോടെ വളര്‍ത്തുമൃഗങ്ങളും ചത്തു. വീടുകളില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റു തിരിച്ചറിയല്‍ രേഖകളുമെല്ലാം നഷ്ടമായി. കുട്ടികളുടെ പുസ്തകങ്ങളും പഠനോപാധികളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. പുസ്തകമില്ലാതെയാണ് ഇന്ന് പല കുട്ടികളും സ്‌കൂളിലേക്കു പോവുന്നത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയില്‍ 2,472.68 ഹെക്റ്റര്‍ ഭൂമിയിലെ കൃഷി നശിച്ചതായാണു സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ഇതുവഴി 173.6 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 49 വീടുകള്‍ പൂര്‍ണമായും 237 വീടുകള്‍ ഭാഗികമായും നശിച്ചു. മൃഗങ്ങള്‍ക്കുണ്ടായ ജീവഹാനിയുമായി ബന്ധപ്പെട്ട് മൂന്നുകോടിയുടെ നഷ്ടവുമുണ്ടായി. വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് വീടുകളിലേക്കു മടങ്ങിയെത്തിയവര്‍ അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss