|    Nov 22 Thu, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ക്യാംപുകളില്‍ കണ്ണീര്‍പ്രളയം

Published : 21st August 2018 | Posted By: kasim kzm

എച്ച് സുധീര്‍

പത്തനംതിട്ട: പ്രളയം കവര്‍ന്നെടുത്ത ജീവിതങ്ങള്‍ നൊമ്പരക്കാഴ്ചയാവുന്നു. നാടിന്റെ നാനാകോണുകളില്‍ നിന്നും സഹായഹസ്തമെത്തുമ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ അവശേഷിക്കുന്നത് കണ്ണീര്‍പ്രളയമാണ്. കാലങ്ങളായി ചേര്‍ത്തുവച്ച് സ്വരുക്കൂട്ടിയതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടമായതോടെ നാളെയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ അടക്കിപ്പിടിച്ച തേങ്ങലുമായി ഓരോ നിമിഷവും തള്ളിനീക്കുകയാണ് കുടുംബങ്ങള്‍. ജനവാസകേന്ദ്രങ്ങളിലേക്ക് ആര്‍ത്തലച്ചെത്തിയ വെള്ളം തിരികെയിറങ്ങിത്തുടങ്ങിയതോടെ ദുരന്തത്തിന്റെ ആഴവും വര്‍ധിക്കുന്നു. ഇനിയും ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കണം ഈ കുടുംബങ്ങള്‍ക്ക് ജീവിതത്തിലേക്ക് തിരികെയെത്താന്‍. മഹാദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടതോടെ ക്യാംപുകളില്‍ അഭയം തേടിയ കുടുംബങ്ങളുടെ അവസ്ഥ അവര്‍ണനീയമാണ്. ആശ്വാസവും സഹായവുമായി എത്തുന്നവര്‍ക്കു മുന്നില്‍ നീരുവറ്റിയ കണ്ണുകളോടെ മരവിച്ച മനസ്സുമായി കഴിച്ചുകൂട്ടുകയാണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബങ്ങള്‍.
പ്രളയത്തിന്റെ താണ്ഡവത്തില്‍ കനത്ത പ്രഹരമേറ്റ പന്തളം നഗരത്തില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തിയിട്ടില്ല. നഗരത്തിലെയും സമീപത്തെയും വീടുകളേറെയും വെള്ളത്തിലാണ്. ക്യാംപുകള്‍ ഒരുവിധം ആശ്വാസമാവുന്നുണ്ടെങ്കിലും അവിടെയും ഭരണത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള നീക്കം നടക്കുന്നുവെന്നത് വേദനാജനകമാണ്. കേരളത്തിന് അകത്തും പുറത്തും നിന്നായി ദിവസങ്ങളായി ഒഴുകിയെത്തിയ സഹായങ്ങള്‍ക്കുപോലും ദുരിതബാധിതരുടെ വിശപ്പടക്കാന്‍ കഴിയുന്നില്ല.
പന്തളത്തെ ക്യാംപുകള്‍ക്കു മുന്നിലും ഇന്നലെ ഒരുനേരത്തെ ഭക്ഷണത്തിനായി യാചിക്കുന്നവരെ കാണാന്‍ കഴിയുമായിരുന്നു. മറ്റു ക്യാംപുകളുടെ സ്ഥിതിയും സമാനമാണ്. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ക്യാംപുകളില്‍ നിന്നു മടങ്ങേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചോര്‍ത്ത് ദൈന്യത നിറഞ്ഞ കണ്ണുകളുമായി പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തീരാവേദനയാണ്. ഇവരുടെ പ്രാര്‍ഥനകള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ ആശ്വാസവാക്കുകള്‍ക്കുപോലും പ്രസക്തിയില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss