|    Dec 11 Tue, 2018 3:04 pm
FLASH NEWS

ക്യാംപുകളില്‍ ആഹാരവും മരുന്നും എത്തിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതം

Published : 20th August 2018 | Posted By: kasim kzm

തൃശൂര്‍: ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ മുന്നേറുന്നു. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.
മഴ ഈ മേഖലയില്‍ ഒഴിഞ്ഞു നില്‍ക്കുന്നതിനാല്‍ രക്ഷാദൗത്യങ്ങള്‍ക്ക് തടസം നേരിടുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റി ല്‍ ഇന്നലെ രാവിലെ മന്ത്രിതല അവലോകന യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, ജില്ലയുടെ സ്‌പെഷല്‍ ഓഫീസറും സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായ ബിജു പ്രഭാകര്‍, കളക്ടര്‍ ടി.വി. അനുപമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ജില്ലയില്‍ വിവിധ മേഖലയില്‍ പുതിയ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ക്യാംപുകളുടെ എണ്ണം 721 ആയി. 42473 കുടുംബങ്ങളും 204181 അംഗങ്ങളുമാണ് ക്യാംപുകളില്‍ ഉള്ളത്. വിവിധ ക്യാംപുകളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവ കളക്ടറേറ്റില്‍ നിന്നും ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്. കളക്ടറേറ്റില്‍ മൂന്നിടങ്ങളിലായാണ് ഇവ ശേഖരിക്കുന്നത്.
ഇന്നലെ രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് 1000 കിലോ അരിയും കര്‍ണാടകയില്‍ നിന്ന് 900 ലിറ്റര്‍ പാലും എത്തി. കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന് നേതൃത്വത്തില്‍ രണ്ടു വലിയ ട്രക്ക് നിറയെ ഭക്ഷ്യവസ്തുക്കളും കുടിവെളളവും അവശ്യസാധനങ്ങളും വസ്ത്രങ്ങളും പുളള്, ആലപ്പാട്ട് ഭാഗങ്ങളിലെ ക്യാമ്പുകളിലെത്തിച്ചു.
കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് രണ്ടു തവണയാണ് വലിയ ട്രക്കുകളില്‍ സാധനവിതരണം നടന്നത്. ചാലക്കുടി, മാള, കുന്ദംകുളം പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കും അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ചാലക്കുടി പൂവത്തുശേരി ഭാഗത്തേക്ക് 40 അംഗ ആര്‍മി രക്ഷാദൗത്യം നടത്തുന്നുണ്ട്. മൂന്ന് ഹെലികോപ്ടറുകളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രക്ഷാദൗത്യം നടത്തുന്നു. മെഡിക്കല്‍ സംഘം കളക്ടറേറ്റില്‍ പ്രത്യേക ക്യാംപ് സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ നിന്നുമാണ് മെഡിക്കല്‍ സംഘങ്ങളെ ഓരോ ഭാഗത്തേക്കും അയക്കുന്നത്. ചാലക്കുടി പുഴയുടെ തെക്കുഭാഗത്ത് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന 500 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടത്തുന്നതോടൊപ്പം ഇവിടേക്ക് ഭക്ഷണം, മരുന്ന് എന്നിവയും എത്തിച്ചു. ജില്ലയില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായ കുണ്ടൂര്‍, പൂവത്തുശ്ശേരി ഭാഗങ്ങളിലേക്ക് മുപ്പത് മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചു.
കരുവന്നൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴ മാറിയൊഴുകി തകര്‍ന്ന റോഡ് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. ചാലക്കുടിയില്‍ ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകരാറിലായ വൈദ്യുതി, ടെലഫോണ്‍ സംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോലീസ്, ഫയര്‍ഫോഴ്‌സ്, റസ്‌ക്യൂ, എന്‍. ഡി.ആര്‍.എഫ് വാഹനങ്ങള്‍ക്ക് ഡീസല്‍ നല്‍കി. എല്ലാ ക്യാംപുകളിലും പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. പൈപ്പ് തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം മുടങ്ങിയ ജില്ലാ ആശുപത്രിയിലേക്ക് കുടിവെള്ളം കളക്ടറേറ്റില്‍ നിന്നും നല്‍കാനായായി. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളായില്‍ ഭക്ഷണം എത്തിക്കുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം ജില്ലാ കളക്ടര്‍ ടി വി അനുപമ അഭ്യര്‍ത്ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss