|    Aug 21 Tue, 2018 1:40 am
FLASH NEWS

ക്യാംപിലെ തേങ്ങലായി സഹോദരങ്ങള്‍

Published : 12th August 2018 | Posted By: kasim kzm

മാനന്തവാടി: പുതിയിടംകുന്നിലെ ദുരിതാശ്വാസ ക്യാംപില്‍ തേങ്ങലടക്കാനാകാതെ മൂന്നു സഹോദരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശ്ശേരി റസാഖ്- സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് റെജ്മല്‍, റെജ്‌നാസ്, മുഹമ്മദ് റിഷാല്‍ എന്നിവരാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഉള്ളുരുകി കഴിയുന്നത്. വല്യുമ്മയാണ് ക്യാംപില്‍ ഇവര്‍ക്കു തുണ. ആശ്വസിപ്പിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും ആര്‍ക്കും കുട്ടികളുടെ നൊമ്പരം അകറ്റാനാവുന്നില്ല.
ഉരുള്‍പൊട്ടി വീട് മണ്‍കൂനയായതിന്റെ നടുക്കം മൂവരെയും വിട്ടൊഴിയുന്നില്ല. ഒന്നിച്ചിരുന്ന് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയ ഉപ്പയും ഉമ്മയും ഇനിയില്ല എന്ന യാഥാര്‍ഥ്യം മുഹമ്മദ് റെജ്മലിനും സഹോദരങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല.
റെജ്മല്‍ കടന്നിരുന്നതിന്റെ തൊട്ടരികിലാണ് വീടിന്റെ ചുമര്‍ ഇടിഞ്ഞത്. ശബ്ദംകേട്ട് ഉണരുമ്പോള്‍ മണ്‍കട്ടകള്‍ മാത്രമാണ് കാണുന്നത്. അനുജന്‍മാരായ റെജ്‌നാസിന്റെയും റിഷാലിന്റെയും നിലവിളിയാണ് പിന്നെ കേള്‍ക്കുന്നത്. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിച്ച് ഓടിയെത്തിയപ്പോള്‍ മണ്‍കൂടാരമായി മാറിയ മുറിയുടെ അരികില്‍ നിലവിളിച്ചിരിക്കുന്ന സഹോദരങ്ങളെയാണ് കണ്ടത്. മനസാന്നിധ്യം വിടാതെ ഇരുവരെയും കൂട്ടി ഒരുതരത്തില്‍ റെജ്‌നാസ് വീടിനു പുറത്തിറങ്ങി. അപ്പോഴേക്കും റസാഖിനെയും ഭാര്യയെയും മരണം കീഴടക്കിയിരുന്നു.
പ്രിയപ്പെട്ട ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി ഇല്ലാതയതിന്റെ വേദനയില്‍ ഹൃദയം നുറുങ്ങുന്നതിനിടയിലും കൂടപ്പിറപ്പുകളുടെ ജീവന്‍ രക്ഷിക്കാനായത് റെജ്മലിനു നേരിയ ആശ്വാസമാവുകയാണ്. മാനന്തവാടി സെന്റ് മേരീസ് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റെജ്മല്‍. റെജ്‌നാസ് തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തിലും ഇളയവന്‍ മുഹമ്മദ് റിഷാല്‍ ആറിലുമാണ് പഠിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss