|    Dec 14 Fri, 2018 8:20 am
FLASH NEWS

ക്യാംപിലുള്ളവരെ ഭീഷണിപ്പെടുത്തി സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: മഴക്കെടുതിയില്‍ വീടും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ അവസ്ഥ പരിഗണിക്കാതെ ഭീഷണിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. വീട്, വാഹനം, കൃഷിയാവിശ്യങ്ങള്‍ക്കായി പലിശയ്ക്കു കടമെടുത്തവരെ നിലവിലെ ദുരവസ്ഥ കണക്കിലെടുക്കാതെ മാസത്തവണ അടയ്ക്കാന്‍ ഭീഷണിപ്പെടുത്തുകയാണന്ന പരാതിയാണ് കണ്ണപ്പന്‍കുണ്ടിലെ ക്യാംപില്‍ കഴിയുന്നവര്‍ പറയുന്നത്. ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിര്‍ബന്ധിപ്പിച്ച് പണം അടപ്പിക്കുകയാണെന്നും ഇവര്‍ പരാതിപ്പെട്ടു. ഉടതുണിക്കു മറുതുണിയില്ലാതെ ജീവനുമായി ക്യാംപുകളില്‍ അഭയം പ്രാപിച്ച തങ്ങള്‍ക്ക് സാവകാശം നല്‍കണമെന്ന അപേക്ഷിച്ചപ്പോള്‍ ചത്തിട്ടില്ലല്ലോ എന്ന പരിഹാസമാണ് ഏജന്റുമാര്‍ ഉന്നയിച്ചതെന്നും ഇവര്‍ പറഞ്ഞു. പണം മൊത്തമായി തങ്ങള്‍ തിരിച്ചടയ്ക്കുമെന്നും ഈ അവസരത്തില്‍ സാവകാശം വേണം. രണ്ടുതവണയായി കണ്ണപ്പന്‍കുണ്ടിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും 11 വീടുകള്‍ പൂര്‍ണ്ണമായും 40 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇവിടെയുള്ളവരെ കണ്ണപ്പന്‍കുണ്ടിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. പത്തുദിവസത്തിലേറെയായി ക്യാംപില്‍ കഴിയുകയായിരുന്നു പലരും. ഇതിനിടെ വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ ചില സ്വകാര്യ പണമിപാടു സ്ഥാപനങ്ങള്‍ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നാണ് ക്യാംപില്‍ കഴിഞ്ഞവര്‍ പറഞ്ഞത്. കഴിഞ്ഞദിവസം പണമിടപാട് സംഘത്തില്‍പ്പെട്ടവര്‍ ചിലരെ വിളിച്ച് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പലരോടും കടം വാങ്ങി പണം അടയ്—ക്കേണ്ട സാഹചര്യവും ഉണ്ടായി. രണ്ടും മൂന്നും ലോണെടുത്തവരുണ്ട്. വീടു നഷ്ടപ്പെട്ട് ജോലിക്കു പോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടവു കൃത്യമായി പാലിക്കാന്‍ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസത്തോടെയാണ് ക്യാംപില്‍ നിന്നു പലരുംമടങ്ങിയത്. വീട് വൃത്തിയാക്കല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെ കടമ്പകള്‍ ഏറെയുണ്ട്. ഇക്കൂട്ടത്തില്‍ പണം കണ്ടെത്തുന്നത് കടുത്ത വെല്ലുവിളിയാവുകയാണ്. സാഹചര്യം മനസ്സിലാക്കി പെരുമാറാന്‍ ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം ദുരിതം നേരിട്ട പ്രദേശങ്ങളിലൊന്നാണ് താമരശേരി താലൂക്കിലെ കണ്ണപ്പന്‍കുണ്ട് മേഖല. രണ്ടുതവണയാണ് ഇവിടെ ഉരുള്‍പൊട്ടിയത്. കല്ലും മരങ്ങളും വന്നടിഞ്ഞ് കണ്ണപ്പന്‍കുണ്ട് പാലം വീണ്ടും അടഞ്ഞതിനെ തുടര്‍ന്ന് പുഴ ഗതിമാറി ഒഴുകി വന്‍നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss