|    May 25 Thu, 2017 3:10 am
FLASH NEWS

ആസാദി എക്‌സ്പ്രസ് നിരോധിച്ചതിന് പിന്നാലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി ഓര്‍മപ്പെടുത്തി പിണറായി!

Published : 17th August 2016 | Posted By: G.A.G

തിരുവനന്തപുരം : കാംപസ് ഫ്രണ്ട്  ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക്  നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി ഓര്‍മപ്പെടുത്തി പിണറായി വിജയന്‍.
കേരളത്തിലെ ക്യാമ്പസുകളെ തീവ്രവാദ സംഘടനകള്‍  ലക്ഷ്യം വയ്ക്കുന്നുവെന്നും ഇളം മനസുകളെ ചതിയില്‍പ്പെടുത്താനുള്ള ആശങ്കാജനകമായ നീക്കമാണ് നടക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയ സംഗതന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റീജ്യണല്‍ യൂത്ത് പാര്‍ലമെന്റില്‍ മുഖ്യമന്ത്രി പറഞ്ഞു.
ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചാല്‍ എല്ലാം ഭദ്രവും സ്വസ്ഥവുമാകുമെന്നും കാമ്പസുകളില്‍ സമാധാനം പുലരുമെന്നും പ്രവചിച്ചവര്‍ അരാഷ്ട്രീയ കാമ്പസുകളില്‍ ആരൊക്കെയാണ് പിടിമുറുക്കുന്നത് എന്ന് കണ്ണ് തുറന്നു കാണണം. തീവ്രവാദ സംഘടനകള്‍, വര്‍ഗീയ ശക്തികള്‍, ജാതിസംഘടനകള്‍, മദ്യമയക്കുമരുന്ന് മാഫിയ തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ട്രീയ ജാഗ്രതയുണ്ടായിരുന്ന കാമ്പസുകളില്‍ പ്പോലും പിടിമുറുക്കിയിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്നാണ് യൂത്ത് പാര്‍ലമെന്റില്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചത് എന്ന് പിണറായി പിന്നീട് ഫേസ് ബുക്കില്‍ കുറിച്ചു.
കാമ്പസുകളെ ലക്ഷ്യമിടുന്ന തീവ്രവാദ, വര്‍ഗ്ഗീയ, ജാതി, മയക്കുമരുന്ന് മാഫിയ ശക്തികളെ നേരിടാനാകണം. മതനിരപേക്ഷ സന്ദേശം പ്രചരിപ്പച്ചിരുന്ന കാമ്പസുകളെ ജാതി മതദരിദ്രസങ്കുചിത കമ്പാര്‍ട്ട്‌മെന്റുകളായി തിരിച്ചു ഇളം മനസ്സുകളെ തെറ്റായ വഴിയില്‍ നയിക്കാനുളള ശ്രമങ്ങളെ കരുതിയിരിക്കണം. അതിനെ നേരിടാന്‍ അരാഷ്ട്രീയത കൊണ്ടാവില്ല. അരാഷ്ട്രീയത ഒന്നിനും മറുമരുന്നല്ല. സമൂഹത്തിന് ഗുണകരമായ രാഷ്ട്രീയ ബോധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സമൂഹം നല്ല ജാഗ്രത പാലിക്കണം-പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പിണറായിയുടെ ഇരട്ടത്താപ്പിനെതിരായ പ്രതിഷേധം പോസ്റ്റിന്റെ കമന്റുകളായി പലരും ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day