|    Jul 20 Fri, 2018 6:37 am
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലി പറഞ്ഞു, ഗ്രീന്‍ഫീല്‍ഡ് ഈസ് ബ്യൂട്ടിഫുള്‍

Published : 8th November 2017 | Posted By: ev sports

മഴയിലും ചോരില്ല കളിയാവേശം.. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് മൂന്നാം മല്‍സരത്തിന് മുമ്പ് മഴ പെയ്തപ്പോള്‍ ഗാലറിയിലെ കാഴ്ച…… ഫോട്ടോ യുഎസ് രാഖി

എച്ച് സുധീര്‍

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 പരമ്പര നേട്ടം മലയാള മണ്ണില്‍ ചവിട്ടിനിന്ന് വിരാട് കോഹ്‌ലിയും സംഘവും ഉയര്‍ത്തിയപ്പോള്‍ മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം. കനത്തും നനുത്തും പെയ്തിറങ്ങിയ മഴയിലും ആവേശം കെട്ടടങ്ങാതെ കൈയടികളും ആര്‍പ്പുവിളികളുമായി മലയാളക്കര ഗാലറിയെ നീലക്കടലാക്കിയപ്പോള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും ഇനി പ്രതീക്ഷകളേറെ. പരമ്പര നേട്ടത്തിലേക്കുള്ള നിര്‍ണായക മല്‍സരത്തില്‍ വിജയകിരീടം ചൂടിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം മനോഹരം എന്നാണ്. ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന മലയാള മണ്ണിന് അഭിമാനിക്കാന്‍ ആ വാക്കുകള്‍ ധാരാളം.ആരാധകരേയും സ്റ്റേഡിയത്തേയും വാനോളം പുകഴ്ത്തി തലയെടുപ്പോടെ ഇന്ത്യന്‍ ടീം മടങ്ങി. മല്‍സരശേഷം രാത്രി വൈകിയും ലീലാ ഹോട്ടലില്‍ വിജയാഘോഷം നടത്തിയ ശേഷമാണ് ടീം മടങ്ങിയത്. ഇതേസമയം, ന്യൂസിലന്‍ഡ് ടീം വിശ്രമത്തിലായിരുന്നു. ടീമുകളുടെ പ്രശംസ പിടിച്ചുപറ്റിയ മികച്ച സംഘാടന മികവും അച്ചടക്കമുള്ള പങ്കാളിത്തവും ബിസിസിഐയ്ക്കും വിസ്മരിക്കാനാവില്ല.

കൈയടി നേടി ഗ്രൗണ്ട് സ്റ്റാഫ്
മഴ കളിമുടക്കുമോയെന്ന ആശങ്കകളെ അതിജീവിച്ച് രണ്ടര മണിക്കൂര്‍ വൈകിയാണ് മല്‍സരം ആരംഭിച്ചത്. മണിക്കൂറോളം നീണ്ടുനിന്ന മഴ ശമിച്ച് അധികം വൈകാതെ തന്നെ ഗ്രൗണ്ട് സജ്ജമാക്കി മല്‍സരം തുടങ്ങാനായത് ഇരുടീമുകളേയും അദ്ഭുതപ്പെടുത്തി. ഗ്രൗണ്ടിലെ മഴവെള്ളം ഒഴിവാക്കാനാവാതെ മല്‍സരം ഉപേക്ഷിച്ച ചരിത്രം മുന്നില്‍നില്‍ക്കെയാണ് അരങ്ങേറ്റ ട്വന്റി20 അന്താരാഷ്ട്രം മല്‍സരം വിജയിപ്പിച്ച് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൈയടി നേടിയത്. ആധുനിക ഡ്രെയിനേജ് സംവിധാനവും വെള്ളം വലിച്ചെടുക്കുന്ന സൂപ്പര്‍ സോപ്പേഴ്‌സുമായി ഗ്രൗണ്ട് അതിവേഗം മല്‍സരത്തിന് സജ്ജമാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനു കഴിഞ്ഞുവെന്നതു പ്രശംസനീയമാണ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയും ഗ്രൗണ്ട് സ്റ്റാഫിനെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. ഏറെനേരം മഴ നീണ്ടുനിന്നിട്ടും ഗ്രൗണ്ട് വേഗത്തില്‍ കളിയ്ക്ക് സജ്ജമാക്കാനായത് വലിയനേട്ടമാണെന്ന് കോഹ്്‌ലി പറഞ്ഞു. ഡ്രെയ്‌നേജ് സംവിധാനം ഏറ്റവും മികച്ചതാണ്. എല്ലാവരുടേയും കൂട്ടായ പരിശ്രമത്താലാണ് മല്‍സരം നടന്നതെന്നും കോഹ്്‌ലി ചൂണ്ടിക്കാട്ടി.

ബ്യൂട്ടിഫുള്‍ വണ്ടര്‍ഫുള്‍
കാര്‍മേഘങ്ങള്‍ തലയ്ക്കുമീതെ ഇരുണ്ടുകൂടിയിട്ടും നീലക്കടലായി മാറിയ ഗാലറിയായിരുന്നു കളിയിലെ പ്രധാന ആകര്‍ഷണം. വൈകീട്ട് മൂന്നോടെ ഗാലറിയില്‍ കയറി ആറുമണിക്കൂര്‍ മഴ നനഞ്ഞിട്ടും അതിരുവിടാതെ ആര്‍ത്തിരമ്പുന്ന കാണികള്‍ ടീമുകളുടെ ഹൃദയം കീഴടക്കി. സ്റ്റേഡിയം ഈസ് ബ്യൂട്ടിഫുള്‍, ഔട്ട്ഫീല്‍ഡ് വാസ് വണ്ടര്‍ഫുള്‍ ആന്റ് ദ സപ്പോര്‍ട്ട് വാസ് മാഗ്്‌നിഫിസന്റ്. വിജയശേഷം വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണിത്. പുറത്തു മഴപെയ്യുമ്പോഴും മികച്ച പിന്തുണയുമായി ഗാലറിയെ നീലക്കടലാക്കി മാറ്റിയ ആരാധകരുടെ സ്‌നേഹത്തിന് കോഹ്്‌ലി പ്രത്യേകം നന്ദിപറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തേയും കോഹ്്‌ലി പ്രശംസകള്‍ കൊണ്ട് മൂടി. ലോകോത്തര നിലവാരമുള്ള മികച്ച സ്‌റ്റേഡിയവും മികച്ച ഔട്ട് ഫീല്‍ഡും അതിലും മികച്ച കാണികളുമുള്ള ഗ്രീന്‍ഫീല്‍ഡില്‍ മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ നടക്കാതിരുന്നതില്‍ അദ്ഭുതമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ഗാലറിയെ ഇളക്കിമറിച്ച ആരാധക പിന്തുണയെ കീവിസ് ക്യാപ്റ്റന്‍ വില്യംസണും പ്രശംസിച്ചു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, വിവിഎസ് ലക്ഷ്മണ്‍, ആകാശ് ചോപ്ര, സഞ്ജയ് മഞ്ച്‌രേക്കര്‍, ഹര്‍ഷ ബോഗ്‌ലെ എന്നിവരും ഗ്രൗണ്ടിനേയും കാണികളേയും ആവോളം പ്രശംസിച്ചാണ് മടങ്ങിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss