|    Dec 18 Tue, 2018 4:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലിക്കരുത്തില്‍ ഇന്ത്യ പൊരുതുന്നു

Published : 14th January 2018 | Posted By: vishnu vis

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആതിഥേയര്‍ പടുത്തുയര്‍ത്തിയ 335 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയിലാണുള്ളത്. അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം (85) ഹര്‍ദിക് പാണ്ഡ്യയാണ് (11) ക്രീസിലുള്ളത്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയേക്കാള്‍ 152 റണ്‍സ് പിന്നിലാണ് ഇന്ത്യയുള്ളത്. കേപ്ടൗണ്ടിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ടീമില്‍ മാറ്റങ്ങളുമായി ഇറങ്ങിയത്് തെറ്റായിപ്പോയെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. ഓപണിങില്‍ ശിഖര്‍ ധവാന് പകരം ടീമിലെത്തിയ കെ എല്‍ രാഹുല്‍ (10) ആദ്യം തന്നെ കൂടാരം കയറി. മോണി മോര്‍ക്കലിന് റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ചായിരുന്നു രാഹുലിന്റെ മടക്കം. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയുടെ പുത്തന്‍ ബാറ്റിങ് വന്‍മതിലായ ചേതേശ്വര്‍ പുജാരയും മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. ഒരു പന്ത് മാത്രം നേരിട്ട പുജാര റണ്ണൗട്ടാവുകയായിരുന്നു. പുജാര പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് രണ്ട് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു. കേപ്ടൗണ്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന് തോന്നിക്കവെ മൂന്നാം വിക്കറ്റില്‍ മുരളി വിജയ് (46) – കോഹ്‌ലി സഖ്യം ഇന്ത്യയുടെ രക്ഷക്കെത്തി. ഇരുവരും ചേര്‍ന്ന് 79 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നേറവെ കേശവ് മഹാരാജ് വിജയിയെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ രോഹിത് ശര്‍മ (10) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മികച്ച രീതിയില്‍ തുടങ്ങിയ ശര്‍മ കഗിസോ റബാദയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം വൃധിമാന്‍ സാഹയ്ക്ക് പകരമെത്തിയ പാര്‍ഥിവ് പട്ടേലും (19) നിരാശപ്പെടുത്തി. എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിനെ ക്യാച്ച് സമ്മാനിച്ചാണ് പട്ടേലിന്റെ മടക്കം. പിന്നീടെത്തിയ ഹര്‍ദിക് കോഹ് ലിക്കൊപ്പം കരുതലോടെ ബാറ്റുവീശിയപ്പോള്‍ രണ്ടാം ദിനം കൂടുതല്‍ അപകടം വരുത്താതെ ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, മോണി മോര്‍ക്കല്‍, കഗിസോ റബദ, എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.നേരത്തെ രണ്ടാം ദിനം ആറ് വിക്കറ്റിന് 269 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ബോര്‍ഡ് 282 റണ്‍സില്‍ എത്തിയപ്പോഴേക്കും കേശവ് മഹാരാജ് (18) കൂടാരം കയറി.  മുഹമ്മദ് ഷമിയുടം പന്തില്‍ പാര്‍ഥിവ് പട്ടേലിന് ക്യാച്ച് സമ്മാനിച്ചാണ് കേശവിന്റെ മടക്കം. തൊട്ടുപിന്നാലെ എത്തിയ കഗിയോ റബദയും (11) നേരിയെ ചെറുത്ത് നില്‍പ്പിന് ശേഷം ഇഷാന്ത് ശര്‍മക്ക് മുന്നില്‍ കീഴടങ്ങി. എന്നാല്‍ ഒരുവശത്ത് മികച്ച രീതിയില്‍ ബാറ്റുവീശിയ നായകന്‍ ഫഫ് ഡുപ്ലെസിസാണ് (63) ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡിനെ 300 കടത്തിയത്. 142 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറുകള്‍ പറത്തിയ ഡുപ്ലെസിസിനെ ഇശാന്ത് ശര്‍മ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.  വാലറ്റത്ത് മോണി മോര്‍ക്കല്‍ (6) അശ്വിന് മുന്നില്‍ വീണതോടെ 113.5 ഓവറില്‍ 335 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി ഒരുവിക്കറ്റും സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss